Latest News
Loading...

സുനീഷിന് പുത്തൻ സൈക്കിളുമായി കളക്ടറെത്തി

പുതിയ സൈക്കിളില്‍ കയറിയിരുന്ന ജസ്റ്റിന്‍റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നപ്പോള്‍ ഉരുളികുന്നം കണിച്ചേരില്‍ വീടിന്‍റെ വലിയൊരു സങ്കടമാണ് നീങ്ങിയത്. ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇന്ന് ഉച്ചയ്ക്കാണ് കളക്ടർ പുതിയ സൈക്കിളുമായി ഉരുളികുന്നത്തെ ജസ്റ്റിന്‍റെ വീട്ടിലെത്തിയത്. 

കൈകാലുകളെ ബാധിച്ച വൈകല്യത്തിന് മനസിനെ വിട്ടുകൊടുക്കാതെ സ്വന്തമായി ഒരു കോമണ്‍ സര്‍വീസ് സെന്‍റര്‍ നടത്തിവരികയാണ് ജസ്റ്റിന്‍റെ പിതാവ് സുനീഷ് ജോസഫ്. മൂന്നു മാസം മുന്‍പ് ഇദ്ദേഹം മകന് വാങ്ങിക്കൊടുത്ത സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച്ച രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്. 

ആരുടെയെങ്കിലും കയ്യിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുനീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റ് നിരവധി പേര്‍ പങ്കുവച്ചിരുന്നു.

സൈക്കിള്‍ തിരികെ കിട്ടാന്‍ കാത്തിരിക്കുന്ന ഈ കുടുംബത്തെക്കുറിച്ചുള്ള ഇന്നത്തെ പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ ബഹു. മുഖ്യമന്ത്രി നിര്‍ദേശിച്ചത്. 

ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിനുശേഷം കോട്ടയത്തുനിന്ന് സൈക്കിള്‍ വാങ്ങി ഉരുളികുന്നത്ത് എത്തിക്കുകയായിരുന്നു. 

അധ്വാനിച്ചുതന്നെ ജീവിതം തുടരാന്‍ ആഗ്രഹിക്കുന്ന സുനീഷ് അക്ഷയ സേവന കേന്ദ്രം അനുവദിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചു. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തും സുനീഷിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പഞ്ചായത്തില്‍നിന്നും തീരുമാനമുണ്ടായാല്‍ പ്രത്യേക സാഹചര്യം പരിഗണിച്ച് അക്ഷയ കേന്ദ്രം അനുവദിക്കുന്നത് പരിഗണിക്കും. ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ഓഫീസിലും അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments