Latest News
Loading...

അന്താരാഷ്ട്ര പേപ്പർ പ്രസന്റേഷൻ മത്സരം, പ്രസംഗ മത്സരം, ഉപന്യാസ മത്സരം.


കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ "അധ്വാന വർഗത്തിന്റെ ജീവിതത്തിൽ കോവിഡ് 19 ഉണ്ടാക്കിയ സ്വാധീനം" എന്ന വിഷയത്തിൽ അന്താരാഷ്ട്ര പേപ്പർ പ്രസന്റേഷൻ മത്സരം നടത്തപ്പെടുന്നു. ഫെബ്രുവരി 27 ശനിയാഴ്ച ഓൺലൈൻ ആയാണ് പേപ്പർ പ്രസന്റേഷൻ മത്സരം നടത്തപ്പെടുന്നത്. 

ഓൺലൈൻ പ്രസന്റേഷൻ ആയതുകൊണ്ട് മികച്ച 10 പേപ്പറുകൾ ആയിരിക്കും ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുക. പേപ്പർ പ്രസന്റേഷൻ മത്സരത്തിന് അധ്യാപകർ, ഗവേഷണ വിദ്യാർത്ഥികൾ, ഡിഗ്രി / പിജി വിദ്ധാർത്ഥികൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. ഏറ്റവും മികച്ച പ്രസന്റേഷന് 10000 രൂപയും എവറോളിംഗ്‌ ട്രോഫിയും, രണ്ടാം സ്ഥാനത്തിന് 7500 രൂപയും ഉം മൂന്നാം സ്ഥാനത്തിന് 5000 രൂപയും സമ്മാനമായി നൽകും. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. മലയാളത്തിലും ഇംഗ്ലീഷിലും പ്രസന്റേഷൻ നടത്തുവാൻ അവസരം ഉണ്ട്‌. ഒപ്പം വിദേശത്തുള്ളവർക്ക് വീഡിയോ കോൺഫറൻസിലൂടെ പ്രസന്റേഷൻ നടത്തുവാൻ കഴിയും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ലഭിക്കും.

'കേരളത്തിന്റെ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ - മിഷൻ 2030' എന്ന വിഷയത്തിലാണ് ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നത്. പ്രായഭേദമന്യേ എല്ലാവർക്കും ഉപന്യാസ രചന മത്സരത്തിൽ പങ്കെടുക്കാം. കെഎം മാണി കേരളത്തിന്റെ വികസനത്തിനായി മുൻപോട്ടു വെച്ചിട്ടുള്ള 10 മേഖലകളിൽ ഊന്നിയാണ് ഉപന്യാസ രചനാ മത്സരം നടത്തപ്പെടുന്നത്. ഭക്ഷ്യസുരക്ഷാ, മാലിന്യ നിർമ്മാർജ്ജനം, ജലസേചനം, ആരോഗ്യമേഖല, വിദ്യാഭ്യാസം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, യുവജനക്ഷേമം, പിന്നോക്ക മേഖലയിലെ വികസനം, ജൈവകൃഷി തുടങ്ങി പത്ത് മേഖലകളിലെ നിലവിലെ സാഹചര്യം വിലയിരുത്തി എന്തൊക്കെ വികസന പദ്ധതികളാണ് കേരളത്തിന്റെ സമഗ്ര വികസനത്തിനായി 2030 ൽ ആവിഷ്കരിക്കേണ്ടത് എന്ന് ഉപന്യാസ രചയിതാവിന് നിർദ്ദേശിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു മികച്ച ഉപന്യാസത്തിന് 3000 രൂപ, 2000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന മറ്റു നിർദ്ദേശങ്ങൾക്കും അംഗീകാരം ലഭിക്കും. കൂടാതെ കേരള കോൺഗ്രസ് (എം) പാർട്ടി മുന്നോട്ടു വെച്ചിട്ടുള്ള 'മിഷൻ 2030' പ്രകടനപത്രികയിലേക്കും ഈ നിർദേശങ്ങൾ സ്വീകരിക്കുന്നതായിരിക്കും.

"കേരള സംസ്ഥാനത്തിന് മഹാനായ കെ എം മാണിയുടെ സംഭാവനകൾ" എന്ന വിഷയത്തിലാണ് സംസ്ഥാനതല പ്രസംഗ മത്സരം നടത്തപ്പെടുന്നത്. 8, 9, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാം. അഞ്ചു മിനിറ്റിൽ താഴെ വരുന്ന പ്രസംഗ വീഡിയോ തയ്യാറാക്കി kmmanicbr@gmail.com എന്ന ഇമെയിൽ അഡ്രസിൽ മത്സരാർഥിയുടെ പേരും, അഡ്രസും, ബന്ധപ്പെടുവാനുള്ള നമ്പർ, സ്കൂളിന്റെ പേര്, അഡ്രസ്, ഐഡി കാർഡിന്റെ സ്കാൻ ചെയ്ത കോപ്പി എന്നിവ ഉൾപ്പെടെ ഫെബ്രുവരി 14 രാത്രി 7 മണിക്ക് മുൻപായി അയച്ചു തരണം. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ടു വിഭാഗങ്ങളിൽ മത്സരം നടത്തപ്പെടുന്നതാണ്. രണ്ടു വിഭാഗത്തിലും ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങളിൽ സമ്മാനം ഉണ്ടാകും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ട് വിഭാഗവും വിലയിരുത്തി മികച്ച ഒരു പ്രസംഗികക്കും സ്കൂളിനുമായി കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റീസർച്ചിന്റെ എവറോളിംഗ്‌ ട്രോഫിയും നൽകും.

ബഡ്ജറ്റുകളെ കൂടുതൽ ജനകീയമാക്കുവാനും, പുതിയ തലമുറയില്‍ ബജറ്റുകളെക്കുറിച്ചുള്ള ഭാവന വളര്‍ത്താനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് പുതിയ നീക്കം. കേരള രൂപീകരണത്തിന് ശേഷം സംസ്ഥാനത്തിന്റെ 13 ബജറ്റുകള്‍ക്ക് രൂപം നല്‍കിയത് കെ എം മാണിയാണ്. ഇത് രാജ്യത്ത് തന്നെ ബജറ്റുകളുടെ ചരിത്രത്തില്‍ അപൂര്‍വ്വമായ കണക്കാണ്.

കാലാകാലങ്ങളില്‍ സംസ്ഥാനത്തിന്റെ വരവ് ചെലവ് കണക്കുകളുടെ അവതരണം മാത്രമായി ആവര്‍ത്തിച്ചു പോന്നിരുന്ന ബജറ്റുകളെ ധനമന്ത്രിയുടെ ഭാവനയ്ക്കും ജനങ്ങളുടെ ഇംഗിതത്തിനുമനുസരിച്ച് ഗൗരവതരമായി സമീപിച്ച് നയിപ്പിച്ചത് കെ എം മാണിയുടെ കാലം മുതലാണെന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ പല ബജറ്റ് പ്രഖ്യാപനങ്ങളും നടന്നത് മാണിയുടെ ബജറ്റുകളിലൂടെയാണ്.

കര്‍ഷക പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, കാര്‍ഷിക കടാശ്വാസം, കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില എന്നിവയൊക്കെ മാണി ബജറ്റുകളുടെ സംഭാവനകളില്‍ ചിലത് മാത്രമാണ്. ബജറ്റുകളെ ഇന്നത്തെ രൂപത്തിലുള്ള ശൈലിയിലേക്ക് മാറ്റിയതും മാണിയുടെ ബജറ്റുകള്‍ തന്നെ. ഈ സാഹചര്യത്തിലാണ് കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ചിന് രൂപം നല്‍കാന്‍ തീരുമാനിച്ചത്.

എല്ലാത്തരത്തിലുമുള്ള ആളുകൾക്കും ബഡ്ജറ്റിന് ആശയങ്ങൾ പ്രദാനം ചെയ്യുവാനും കഴിയുന്ന തരത്തിൽ വേദിയൊരുക്കുവാൻ കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച് കൊണ്ടു കഴിയും. കൂടുതൽ ഉത്തരവാദത്വ ബോധത്തോടുകൂടി ബഡ്ജറ്റിനെയും, അതിലൂടെ നൽകുന്ന പദ്ധതികളെയും കാണുന്ന പൊതു സമൂഹത്തെ വളർത്തിയെടുത്തുകൊണ്ട് വരുവാൻ ഇതുവഴി സഹായകരമാകും. 

വിദ്യാർത്ഥികൾക്കും, ഗവേഷണ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉൾപ്പെടെ ബഡ്ജറ്റ് കേന്ദ്രീകൃതമായ ഗവേഷണങ്ങൾ ചെയ്യുവാനും അത് അവതരിപ്പിക്കുവാനുമുള്ള അവസരങ്ങൾ ഒരുക്കുവാനും, ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ കഴിവുകളെ പുറത്തുകൊണ്ടുവരുവാനുള്ള അവസരങ്ങളും ഇതിലൂടെ ലഭ്യമാകും. കൂടാതെ കെ എം മാണി കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കും, അധ്വാന വർഗ്ഗ സിദ്ധാന്തത്തിലൂടെ ലോകത്തിനും നൽകിയിട്ടുള്ള സംഭാവനകൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യങ്ങളോട് കൂടിയാണ് ശ്രീമതി. നിഷാ ജോസ് ചെയർപേഴ്സൺ ആയിട്ടുള്ള കെ എം മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസർച്ച് ആരംഭിച്ചിരിക്കുന്നത്.

മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് : 
നിഷാ ജോസ് : 9895698364 (whatsapp or message )
റോബിൻ റോയി : +917012469156 (📞)
+919544332981(whatsapp)

Post a Comment

0 Comments