Latest News
Loading...

പാലായിലേയ്ക്ക് വരുന്നവര്‍ സൂക്ഷിക്കുക. ജീവനെടുക്കുന്ന ഡിവൈഡറുകളുണ്ട്

പാലാ നഗരത്തിലും സമീപമേഖലകളിലുമായി റോഡിന് നടുവില്‍ അപകടകരമായ ഡിവൈഡറുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. വേണ്ടത്ര സുരക്ഷാ മുന്നറിയിപ്പുകള്‍ നല്കാത്ത ഈ ഡിവൈഡറുകളില്‍ ഇടിച്ച് ഇതിനോടകം നിരവധി അപകടങ്ങള്‍ നടന്നുകഴിഞ്ഞു. വാഹനങ്ങളിടിച്ച് റിഫഌക്ടറുകള്‍ തകര്‍ന്ന ഡിവൈഡറുകളില്‍ പുതിയവ സ്ഥാപിക്കാത്തതോടെ വലിയ അപകടസാഹചര്യമാണ് നിലവിലുള്ളത്. 

പാലാ സെന്റ് തോമസ് കോളേജിന് സമീപമുള്ള ഡിവൈഡറില്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറുകയാണ്. കഴിഞ്ഞ ആഴ്ചകളിലടക്കം വാഹനങ്ങള്‍ ഡിവൈഡറിന് മുകളിലേയ്ക്ക് ഇടിച്ചുകയറിയിരുന്നു. അപകടത്തില്‍പെട്ട വാഹനങ്ങളുടെ ചില്ലുകള്‍ പൊടിഞ്ഞത് ഇപ്പോഴും രോഡില്‍ നിരന്നുകിടപ്പുണ്ട്. ഉയരം കുറഞ്ഞ ഡിവൈഡര്‍ പലതവണ വാഹനം ഇടിച്ചതോടെ റോഡിലേയ്ക്ക് ചെരിഞ്ഞ രീതിയിലാണ്. രാത്രിയിലെത്തുന്ന വാഹനങ്ങള്‍ റോഡും ഡിവൈഡറും തിരിച്ചറിയാതെ അപകടത്തില്‍പെടുകയാണ് പതിവ്. 

കൊട്ടാരമറ്റത്ത് ആക്‌സിസ് ബാങ്കിന് മുന്‍വശമാണ് മറ്റൊരു അപകടകേന്ദ്രം. കോളേജ് ഭാഗം മുതല്‍ തടസ്സങ്ങളില്ലാതെ വരുന്ന റോഡ് ഇവിടെയത്തുമ്പോള്‍ വണ്‍വേ ആകുന്നു. ഇതിനായി റോഡിന് നടുവില്‍ സ്ഥാപിച്ച ഡിവൈഡറാണ് അപകടമുണ്ടാക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് ഡിവൈഡറിലേയ്ക്ക് കാര്‍ ഇടിച്ചുകയറി ഇവിടെ സ്ഥാപിച്ചിരുന്ന റിഫഌക്ടര്‍ തകര്‍ന്നിരുന്നു. 

മുത്തോലി കവലയിലുള്ള ഡിവൈഡറും വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. ബ്രില്യന്റ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഡിവൈഡര്‍ കാണാവാത്ത വിധമാണ് രൂപകല്പന. ഇവിടെ നിര്‍മിച്ചിരിക്കുന്ന ഹംപിന്റെ മറവിലാണ് ഡിവൈഡറിന്റെ സ്ഥാനം. ഇതുമൂലം ഹംപിന്റെ നിരപ്പിനൊപ്പമാണ് ഡിവൈഡറും നില്‍ക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് രാത്രിയിലെത്തിയ കാര്‍ ഡിവൈഡറിന് മുകളിലേയ്ക്ക് ഇടിച്ചുകയറിയിരുന്നു. ക്രെയിനെത്തിച്ചാണ് കാര്‍ താഴെയെറിക്കിയത്. 

വാഹനയാത്ര സുരക്ഷിതമാക്കാന്‍ നിര്‍മിക്കുന്ന ഡിവൈഡറുകള്‍ അപകടം സൃഷ്ടിക്കുന്ന വിധത്തിലേയ്ക്കാണ് മാറുന്നത്. ഇത് ഒഴിവാക്കാന്‍ റിഫഌക്ടറടക്കം സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് ആവശ്യമുയരുന്നത്.

Post a Comment

0 Comments