Latest News
Loading...

കടപുഴ പാലത്തിന്റെ നിർമ്മാണം തടസ്സപ്പെടുത്തിയത് എൽഡിഎഫും, ജോസ് കെ മാണിയും. മൂന്നിലവിലെ യുഡിഎഫ് ജനപ്രതിനിധികൾ



 എൽഡിഎഫിനും ജോസ് കെ മാണിക്കും എതിരെ രൂക്ഷ വിമർശനവുമായി  മൂന്നിലവ് മുൻ പഞ്ചായത്തിലെ യുഡിഎഫ് ജനപ്രതിനിധികൾ രംഗത്ത്. പഞ്ചായത്തിലെ നാലു വാർഡിലെ ജനങ്ങളുടെ പ്രധാന യാത്ര ആശ്രയമായിരുന്ന കടപുഴ പാലത്തിൻ്റെ  പുനർനിർമ്മാണത്തിന് കഴിഞ്ഞ രണ്ടര വർഷകാലവും തടസ്സം സൃഷ്ടിച്ചത് സർക്കാരും ഇടതുമുന്നണിയും ആണെന്ന് യുഡിഎഫ് ജനപ്രതിനിധികൾ ആരോപിച്ചു.  ഇതിനുപിന്നിൽ മാണി ഗ്രൂപ്പിൻറെ സ്വാർത്ഥ താല്പര്യങ്ങൾ ആയിരുന്നു എന്നും ഇത് യുഡിഎഫ് ഭരണസമിതിയെയും യുഡിഎഫ് എംഎൽഎയും മോശക്കാരായി ചിത്രീകരിക്കുവാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുവാൻ ഉള്ള  നിരന്തരശ്രമങ്ങൾ പഞ്ചായത്ത് ഭരണസമിതിയും എംഎൽഎയും എംപിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ നടത്തിയിരുന്നു.  ഇതിനായി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും പലവട്ടം നേരിൽ കണ്ടിരുന്നു.  അപ്പോഴെല്ലാം പണത്തിന്റെ ദൗർലഭ്യവും സാങ്കേതിക കാരണങ്ങളും പറഞ്ഞ് ഫണ്ട് അനുവദിക്കാതിരുന്നവർ തങ്ങൾ ഹൈക്കോടതിയിൽ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് ഗദ്യന്തരമില്ലാതെ ഇപ്പോൾ പണം അനുവദിച്ചിരിക്കുന്നത് എന്നും യുഡിഎഫ് നേതൃത്വം അവകാശപ്പെട്ടു.  




പാലം പുനർനിർമ്മാണത്തിന് ഭരണാനുമതി  ഫെബ്രുവരി 18നകം നൽകണമെന്ന് ഹൈക്കോടതി  അന്ത്യ ശാസനം ഫെബ്രുവരി മൂന്നാം തീയതി പുറപ്പെടുവിച്ചതോടെയാണ് ഇപ്പോൾ കാര്യങ്ങൾക്ക് നീക്കുപോക്ക് ആയത്.  എന്നാൽ ഭരണാനുമതിയിൽ  ഹൈക്കോടതിയിലെ കേസിന്റെ കാര്യം മറച്ചുവെക്കുകയും ജോസ് കെ മാണിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകുന്നു എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തത് നിലവാരം കുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണ്.  മൂന്നിലവ് പഞ്ചായത്തിലെ ജനഹിതം അട്ടിമറിച്ചാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ അവിയൽ ഭരണം ഇപ്പോൾ നടക്കുന്നതെന്നും ഈ ഭരണസമിതിക്ക് ആറുമാസത്തിലധികം ആയുസ്സ് ഉണ്ടാകില്ല എന്നും യുഡിഎഫ് പ്രതിനിധികൾ അവകാശപ്പെട്ടു. 

 കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെയും ഇടതുമുന്നണിയുടെയും ജനവിരുദ്ധമായ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.  പത്രസമ്മേളനത്തിൽ നേതാക്കളായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ,മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ശ്രീ ചാർളി ഐസക്,ശ്രീ ജോഷി ജോഷ്വ, ശ്രീ പി എൽ ജോസഫ്,ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സ്റ്റാൻലി മാണി ,യുഡിഎഫ് ചെയർമാൻ ഷൈൻ പാറയിൽ, യുഡിഎഫ് കൺവീനർ ശ്രീ.ഉണ്ണി മുട്ടത്ത്,D C C ജനറൽ സെക്രട്ടറി ശ്രീ സി റ്റി രാജൻ എന്നിവർ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments