Latest News
Loading...

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും സ്ഥലം ലഭിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ



ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന്  നിർദ്ദേശിക്കപ്പെട്ടിരുന്ന പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഭൂമിയിൽ നിന്നും 50 സെന്റ് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്  സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായത്. 

 ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 2022-23  സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിക്കപ്പെട്ടിരുന്നു.  എന്നാൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ലഭ്യമാക്കുന്നതിന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കത്ത് നൽകിയെങ്കിലും ആഭ്യന്തര വകുപ്പിന്റെ എതിർപ്പ് മൂലം സ്ഥലം വിട്ടു കിട്ടിയിരുന്നില്ല.  





തുടർന്ന് കഴിഞ്ഞ രണ്ടു വർഷക്കാലമായി ഇക്കാര്യത്തിൽ തീർപ്പ് കൽപ്പിക്കപ്പെടാതെ  തർക്കങ്ങളിൽ പെട്ടിരിക്കുകയായിരുന്നു.  ഇപ്പോൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു ചേർക്കുകയായിരുന്നു.  മുഖ്യമന്ത്രിയെ കൂടാതെ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ,ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐഎഎസ്,  ആഭ്യന്തര  സെക്രട്ടറി വിശ്വനാഥ് സിൻഹ  ഐഎഎസ്,  റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഐഎഎസ്,  ഡിജിപി ഷേക്ക് പർവേഷ് സാഹിബ് ഐ.പി.എസ് ,  കോട്ടയം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി ഐഎഎസ്  തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.


 പ്രസ്തുത യോഗത്തിലെ തീരുമാന പ്രകാരം റവന്യൂ വകുപ്പിലേക്ക് സ്ഥലം വിട്ടു നൽകുന്നതോടുകൂടി മുൻപ് നിർത്തിവച്ചിരുന്ന ഈരാറ്റുപേട്ട വില്ലേജ് ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. കൂടാതെ  മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ തുടക്കം കുറിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 


 ഈരാറ്റുപേട്ടയുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം ലഭിച്ച മിനി സിവിൽ സ്റ്റേഷൻ തർക്കങ്ങളിൽപ്പെട്ട് നീണ്ടുപോവുകയും നിർമ്മാണം നടക്കാതെ വരുമോ എന്നുള്ള ആശങ്കയും ഉയർന്നിരുന്നു. സ്ഥല ലഭ്യത ഉറപ്പു വന്നതോടുകൂടി ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒക്കെ പരിഹാരമായിരിക്കുകയാണ്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments