Latest News
Loading...

വിനോദ് വേരനാനിക്ക് മറുപടിയുമായി യുഡിഎഫ്



ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിരുന്ന വിനോദ് വേരനാനിയുടെ ആരോപണങ്ങൾ അധികാരം നഷ്ടപ്പെടുന്നത് മൂലമുള്ള ജല്പനങ്ങൾ മാത്രമാണെന്ന് യുഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഏപ്രിൽ മാസത്തിൽ വിനോദിന്റെ കാലാവധി കഴിഞ്ഞിരുന്നെങ്കിലും രാജിവയ്ക്കാൻ തയ്യാറായിരുന്നില്ല. യുഡിഎഫ് അവിശ്വാസത്തിലേക്ക് പോകുമെന്ന ഘട്ടം വന്നപ്പോഴാണ് വിനോദ് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് സ്വയം രാജി വച്ചതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.





എൽഡിഎഫ് അംഗമായ വൈസ് പ്രസിഡണ്ടിനെ പുറത്താക്കുന്നതിനു വേണ്ടി , സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച് എൽഡിഎഫിന് ഒപ്പം നിന്നിരുന്ന വിനോദ് വേരനാനി യുഡിഎഫിനൊപ്പം ചേരുകയായിരുന്നു. അന്ന് ഉണ്ടാക്കിയ കരാർ പ്രകാരം വൈസ് പ്രസിഡൻറ് പദവിയിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വിനോദിന്റെ കാലാവധി അവസാനിച്ചു. സ്ഥാനം രാജിവയ്ക്കാൻ യുഡിഎഫ് രേഖാമൂലം ആവശ്യപ്പെട്ടപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. യുഡിഎഫ് അവിശ്വാസത്തിന് തയ്യാറായപ്പോൾ ഗത്യന്തരമില്ലാതെ വിനോദ് രാജിവെച്ചതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു.


വിനോദ് ഉന്നയിച്ച പാറമട സംബന്ധിച്ചുള്ള ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും നേതാക്കൾ വ്യക്തമാക്കി. 2016ലെ ഒരു ഭരണസമിതി യോഗത്തിൽ തിടനാട് സ്വദേശിയുടെ പാറമടയ്ക്ക് ലൈസൻസ് കൊടുക്കണമെന്ന് വാദിച്ച ഏക പഞ്ചായത്ത് അംഗമാണ് വിനോദ്. 2023ല്‍ കിടങ്ങൂർ സ്വദേശിയുടെ പാറമട ലൈസൻസുമായി ബന്ധപ്പെട്ട് കോട്ടയം കളക്ടറേറ്റിൽ നടന്ന തെളിവെടുപ്പിൽ പങ്കെടുത്ത് പാറമടക്ക് ലൈസൻസ് നൽകണമെന്ന് നിലപാട് സ്വീകരിച്ച ഏക പഞ്ചായത്ത് അംഗവും വിനോദാണ്. ഇതേ വ്യക്തി തന്നെയാണ് ഇപ്പോൾ പാറമടക്കെതിരായി സംസാരിക്കുന്നതും നേതാക്കൾ ചൂണ്ടിക്കാട്ടി. 






താൻ ആഗ്രഹിക്കുന്ന രീതിയിൽ പഞ്ചായത്തിലെ കാര്യങ്ങൾ നടക്കാത്തതിനാലാണ് വിനോദ് ഇപ്പോൾ ദീനരോദനം നടത്തുന്നത്. യുഡിഎഫിലും എൽഡിഎഫിലും മാറിമാറി മത്സരിച്ച് പഞ്ചായത്ത് മെമ്പറായ വിനോദിനെ , വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കാൻ വെല്ലുവിളിക്കുന്നതായും യുഡിഎഫ് നേതാക്കൾ പറഞ്ഞു.



യുഡിഎഫ് ചെയർമാൻ സാബു ഔസേപ്പ് പറമ്പിൽ , കൺവീനർ റീജോ ഒരപ്പൊഴിക്കൽ, ടോമി പൊരിയത്ത് , പഞ്ചായത്ത് പ്രസിഡണ്ട് ലിസി സണ്ണി , കെ.റ്റി തോമസ് കിഴക്കേക്കര , ഉണ്ണി കുളപ്പുറം, ജിജി തെങ്ങുംപള്ളി , വിൽ ഫി പാണംപാറ, അഡ്വക്കേറ്റ് പ്രകാശ് വടക്കൻ, അഡ്വക്കേറ്റ് ജോസ് പ്ലാക്കൂട്ടം, മാണിച്ചൻ കളപ്പുര തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വാർത്താ സമ്മേളനം വീഡിയോ കാണാം


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments