പാലായിൽ നിന്നും ബംഗളൂരുവിലേക്ക് പോകേണ്ട കെ സ്വിഫ്റ്റ് ബസ് ഒന്നരമണിക്കൂർ വൈകി. വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ ഇതുമൂലം ഏറെ വിഷമിച്ചു. ബസ് ഇല്ല എന്നായിരുന്നു ആദ്യം നിലപാട്. യാത്രക്കാർ പ്രതിഷേധമുയർത്തിയതോടെ പകരം സംവിധാനം ഏർപ്പെടുത്തുകയായിരുന്നു.
9 മണിക്കായിരുന്നു ബസ് പുറപ്പെടേണ്ടിയിരുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത 25 ഓളം പേർ സ്റ്റാൻഡിൽ എത്തിയിരുന്നു. ബസ് വൈകിയതിനെ തുടർന്ന് സ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ കെ. സ്വിഫ്റ്റ് ആയതുകൊണ്ട് തങ്ങൾക്ക് അറിയില്ല എന്നായിരുന്നു അധികാരികളുടെ നിലപാട്. പിന്നീട് യാത്രക്കാർ തന്നെ ഇൻറർനെറ്റിൽ നമ്പർ തപ്പിയെടുത്ത് അധികാരികളുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് ഒന്നരമണിക്കൂർ വൈകി 10. 25ന് പകരം ബസ് പുറപ്പെട്ടു. വീട്ടിലേക്ക് പോയ ഒരു ഡ്രൈവറെ തിരികെ വിളിച്ചു വരുത്തിയാണ് ബസ് പോയത് എന്ന് യാത്രക്കാർ പറയുന്നു. പെരിന്തൽമണ്ണയിൽ വെച്ച് പകരം സംവിധാനം ഏർപ്പെടുത്തുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. രണ്ട് ബസ് ഉണ്ടായിരുന്നത് ഇപ്പോൾ ഏതാനും ദിവസമായി ഒരു ബസായി ചുരുങ്ങിയിരിക്കുകയാണ്.
ബംഗളൂരുവിലേക്ക് ഈ സർവീസിന് ധാരാളം യാത്രക്കാർ ഉണ്ടെങ്കിലും കാര്യക്ഷമമായി നടത്താൻ അധികൃതർക്ക് കഴിയുന്നില്ല. പാലായിലേക്ക് രണ്ട് ബസ് എത്തിയെങ്കിലും ഇപ്പോൾ ഒരു ബസ് മാത്രമാണുള്ളത്. പാലാ ഡിപ്പോയിലെ ഒരു ബസ് ഗിയർ ബോക്സ് തകരാറ് മൂലം അഴിച്ചു വച്ചിരിക്കുകയാണ്. ഇതിൻറെ സ്പെയർപാർട്സ് ഇതുവരെ എത്തിയിട്ടില്ല.
ബുക്ക് ചെയ്ത് എത്തിയ യാത്രക്കാരെ ഇന്നലെയും പെരിന്തൽമണ്ണ വരെ എത്തിച്ചതാണ് വിവരം. സൂപ്പർ ഡീലക്സിന് ബുക്ക് ചെയ്ത ശേഷം സൂപ്പർ ഫാസ്ററിൽ കൊണ്ടു പോയത് പരാതി ആവുകയും ചെയ്തു. 42 സീറ്റുള്ള സൂപ്പർ ഡീലക്സിന് പകരം 39 സീറ്റ് ഉള്ള സൂപ്പർഫാസ്റ്റ് ആണ് സർവീസിന് ഉപയോഗിച്ചത്. ടിക്കറ്റ് തുക റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സ്റ്റാൻഡിൽ വലിയ ബഹളവും നടന്നിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments