Latest News
Loading...

തോടിനു കുറുകെ വീണ മരം വെള്ളമൊഴുക്കിന് തടസ്സമാകുന്നു




തോടിന് കുറുകെ വീണ പാഴ്മരം ജലമൊഴുക്കിന് തടസ്സമായതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ് മീനച്ചില്‍ പഞ്ചായത്തിലെ കരോട്ട്കടവും സമീപപ്രദേശങ്ങളും. പൊന്നൊഴുകുംതോട്ടിലെ ഒഴുക്കിനാണ് മരം തടസ്സം സൃഷ്ടിക്കുന്നത്. മഴ വീണ്ടും ആരംഭിച്ചതോടെ മരം വെട്ടിമാറ്റല്‍ പ്രതിസന്ധിയിലുമായി. 




മൂന്നാഴ്ച മുന്‍പാണ് ഓരോ മഴക്കാലത്തും വെള്ളപ്പൊക്കമുണ്ടാകുന്ന പൊന്നൊഴുകുംതോടിന് കരയിലെ കൂറ്റന്‍ പാഴ്മരം തോടിന് കുറുകെ മറിഞ്ഞുവീണത്. കരോട്ട് കടവ് പാലത്തിലും റോഡിലുമായി വീണ മരം ഫയര്‍ഫോഴ്‌സെത്തിയാണ് ശിഖരങ്ങള്‍ മുറിച്ചത്. എന്നാല്‍ വലിയ തടി വെള്ളത്തില്‍ കിടക്കുന്നതോടെ ജലമൊഴുക്കിന് തടസ്സമാവുകയാണ്. മാലിന്യങ്ങളടക്കം ഇവിടെ കുന്നുകൂടി തുടങ്ങി.



വേരുബലമില്ലാതെ നിന്നിരുന്ന മരം മഴയില്ലാത്ത സമയത്താണ് മറിഞ്ഞുവീണത്. തോട്ടില്‍ വെള്ളം കുറഞ്ഞുനിന്ന സമയത്ത് മരം വെട്ടിമാറ്റാന്‍ അധികൃതര്‍ തയാറായില്ല. ഇപ്പോഴാകട്ടെ, മഴ മാറിയാലേ വെട്ടിമാറ്റാനാകൂ എന്നാണ് പഞ്ചായത്ത് പറയുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.



ഓരോ മഴക്കാലത്തും വെള്ളംകയറി ഗതാഗതം തടസ്സപ്പെടുന്ന റോഡാണ് ഇടമറ്റം പൂവത്തോട് റോഡ്. മരം കൂടി തോട്ടില്‍ കിടക്കുന്നതോടെ വരാനാരിക്കുന്ന ശക്തമായ മഴയില്‍ വെള്ളപ്പൊക്കം രൂക്ഷമാകുമെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു. മരം മുറിച്ചുനീക്കാന്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചതായും ജലനിരപ്പ് താഴ്ന്നാല്‍ ഉടന്‍ ക്രെയിനെത്തിച്ച് മരം നീക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments