മൂന്നിലവ് പഞ്ചായത്തിന്റെ കളത്തൂക്കടവിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് വീണ്ടും ടൈൽ ഇടാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു. മുറ്റത്ത് പ്ലാസ്റ്റിക് കുഴിച്ചിട്ടുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് പരിശോധിച്ച ശേഷം ടൈൽ ഇട്ടാൽ മതിയെന്ന് നേരത്തെ ബ്ലോക്ക് എക്സിക്യൂട്ടീവ് എൻജിനീയർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറും കരാറുകാരനും ചേർന്ന് ജോലികൾ ചെയ്യാൻ ശ്രമിച്ചു എന്നാണ് സംഭവത്തിൽ പരാതിക്കാരനായ ജോൺസൺ ആരോപിക്കുന്നത്.
ഒരുമാസം മുമ്പ് ടൈൽ ചെയ്ത ഭാഗം ഇടിഞ്ഞു താഴ്ത്തുന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കരാറുകാരൻ എത്തി ടൈൽ മാറ്റി പുനസ്ഥാപിക്കാൻ ശ്രമം നടത്തിയിരുന്നു. ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മുറ്റത്ത് കുഴിച്ചിട്ടെന്ന് ആദ്യം മുതൽ ആരോപിക്കുന്ന പ്രദേശവാസിയായ ജോൺസൺ, ഇതുമൂലം ആണ് മുറ്റം ഇടിഞ്ഞു താഴ്ന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. സ്ഥലത്തെത്തിയ ബ്ലോക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുറ്റം കുഴിച്ചു നോക്കി പരാതി പരിശോധിച്ച ശേഷം ടൈൽ ഇട്ടാൽ മതിയെന്നാണ് നിർദ്ദേശം നൽകിയിരുന്നത്.
ബുധനാഴ്ച രാവിലെ സ്ഥലത്തെത്തിയ കരാറുകാരൻ ജോലിക്കാരെ കൂട്ടി ജോലികൾ പുനരാരംഭിക്കുകയായിരുന്നു. പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയറും ഇവർക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ പരാതിക്കാരനായ ജോൺസനെ വിവരം അറിയിച്ചിരുന്നില്ല. 80 സെൻറീമീറ്ററോളം ആഴത്തിൽ കുഴിച്ചെങ്കിലും പ്ലാസ്റ്റിക് കണ്ടെത്തിയില്ല.
എന്നാൽ ആറടിയോളം താഴ്ചയിൽ കുഴിച്ചാൽ മാത്രമേ പ്ലാസ്റ്റിക് കണ്ടെത്താനാവൂ എന്ന് ജോൺസൺ പറയുന്നു. വർക്കിന്റെ ബില്ല് മാറുന്നതിന് ജോലിപൂർത്തികരിക്കാൻ ആണ് ശ്രമിച്ചതെന്നാണ് എ ഇ പറഞ്ഞതെന്ന് ജോൺസൺ പറയുന്നു.
ജോൺസൺ ഒപ്പം ഏതാനും നാട്ടുകാരും പ്രതിഷേധവുമായി എത്തിയോടെ ജോലികൾ നിർത്തിവച്ചു. ഉച്ചയോടെ ജോലികൾ അവസാനിപ്പിക്കാൻ പഞ്ചായത്ത് നിർദ്ദേശം നൽകിയെങ്കിലും ഉച്ചക്കുശേഷം വീണ്ടും ജോലികൾ നടത്താനുള്ള ശ്രമം ഉണ്ടായി. പഞ്ചായത്ത് നിർദ്ദേശത്തെ തുടർന്ന് ജോലികൾ അവസാനിപ്പിക്കുകയായിരുന്നു. വിഷയത്തിൽ ജനകീയ താല്പര്യം മുൻനിർത്തി മാത്രമേ മുന്നോട്ടു പോകു എന്നും തിങ്കളാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്ത് മുറ്റം കുഴിച്ചു നോക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പിഎൽ ജോസഫ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments