പാലാ നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസ് നിലവിലുള്ള നഗരസഭാ ചെയര്‍മാന്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ യുവതിയോട് അപമര്യാദയായി സംസാരിച്ചെന്ന പുതിയ കുരുക്കില്‍. ചെയര്‍മാന്റെ ചേംബറിലാണ് സംഭവവവികാസങ്ങള്‍ അരങ്ങേറിയത്. ഉദ്യോഗസ്ഥര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയതോടെ ചെയര്‍മാന്‍ മാപ്പ് പറഞ്ഞതായാണ് വിവരം.
ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സുമി സുഗതനാണ് പരാതിക്കാരി. നഗരസഭയിലെ 17-ാം വാര്‍ഡിലെ പ്രീമെട്രിക് ഹോസ്റ്റലിന് സമീപത്തെ മരങ്ങള്‍ വെട്ടിമാറ്റുന്നത് സംബന്ധിച്ച വിവരം തിരക്കാനായാണ് സുമിയെ ചെയര്‍മാന്റെ ചേംബറിലേയ്ക്ക് വിളിപ്പിച്ചത്. കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും അടക്കം 20-ഓളം പേര്‍ ചേംബറിലുണ്ടായിരുന്നു. നിര്‍ദേശപ്രകാരം നേരത്തെ സ്ഥലം സന്ദര്‍ശിച്ച് വെട്ടിമാറ്റേണ്ട മരങ്ങളുടെ റിപ്പോര്‍ട്ട് സുമി കൈമാറിയിരുന്നു. ഇത് സംബന്ധിച്ച് ചെയര്‍മാന്‍ അന്വേഷിച്ചപ്പോള്‍ തന്റെ ലോഗിനില്‍ നിന്നും അത് കൈമാറിയതായി പറഞ്ഞപ്പോള്‍ ചെയര്‍മാന്‍ ഒച്ചയെടുക്കുകയും തട്ടിക്കയറുകയും തന്റെ ലോഗിനില്‍ അല്ലെങ്കില്‍ എന്റെ അപ്പന്റെ ലോഗിനില്‍ ആണോ എന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായി സംസാരിക്കുകയും ചെയ്തതായി സുമി പറയുന്നു.
കൂടുതല്‍ സംസാരിക്കണ്ട എന്ന് പറഞ്ഞ് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും സുമി വ്യക്തമാക്കി. ഹെല്‍ത്ത് സൂപ്പര്‍വൈസറെ സുമി വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ കൂട്ടമായി ചെയര്‍മാന്റെ ചേംബറിലെത്തി പ്രതിഷേധിക്കുകയുമായിരുന്നു. പാര്‍ട്ടി നേതാക്കളില്‍ ചിലരും ഈ സമയം ചേംബറിലുണ്ടായിരുന്നു. വിഷയത്തില്‍ ചെയര്‍മാന്‍ മാപ്പ് പറഞ്ഞതായും കേസ് നല്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സുമി വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 2-നാണ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തിരിക്കുമ്പോള്‍ ക്ലീന്‍ സിറ്റി മാനേജരായ സതീഷിനെ മര്‍ദ്ദിച്ചെന്ന പരാതി ഉയര്‍ന്നത്. അന്നും ജീവനക്കാര്‍ ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ പരാതി നല്കിയിരുന്നു. കേസില്‍ ഷാജു തുരുത്തന്‍ ജാമ്യം നേടിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments