Latest News
Loading...

വട്ടംചുറ്റി ഓട്ടോറിക്ഷകള്‍. കുരുങ്ങിക്കുരുങ്ങി ഈരാറ്റുപേട്ട



ഈരാറ്റുപേട്ട നഗരത്തില്‍ ഓട്ടോറിക്ഷകളുടെ അനധികൃത കറക്കവും പാര്‍ക്കിംഗും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. യാത്രക്കാരെ തേടി ബസുകളുടെ പിന്നാലെയുള്ള പാച്ചിലിന് തടയിടാനാകാതെ വരുന്നതോടെ നഗരത്തിലെ കുരുക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. സ്റ്റാന്‍ഡില്‍ ഓട്ടം കാത്ത് കിടക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ആളെ കിട്ടാതെ വരുന്നതും ഇതിന്റെ മറുവശമാണ്. 



നഗരഹൃദയമായ കുരിക്കള്‍ നഗറിലെ പൂഞ്ഞാര്‍ ബസ് സ്റ്റോപ്പ് ആണ് ഓട്ടോറിക്ഷകളുടെ പ്രധാന കേന്ദ്രബിന്ദു. കാഞ്ഞിരപ്പള്ളി, തൊടുപുഴ, പാലാ റോഡുകളില്‍ നിന്നുമെത്തുന്ന സ്വകാര്യ ബസുകളുടെ ബസ് സ്റ്റാന്‍ഡിന് മുന്‍പുള്ള പ്രധാന സ്റ്റോപ്പാണിത്. അതുകൊണ്ട് തന്നെ ഓരോ ബസും എത്തുമ്പോഴും ആളെ പിടിക്കാന്‍ ബസുകള്‍ക്ക് പിന്നില്‍ കറങ്ങുകയാണ് ഒരുകൂട്ടം ഓട്ടോകള്‍.



 എതിരെ ബസ് വരുന്നത് കണ്ടാല്‍ നടുറോഡില്‍ വെട്ടിച്ച് ആ ബസിന് പിന്നാലെ പായുന്ന കാഴ്ച ടൗണില്‍ പതിവാണ്. പൂഞ്ഞാര്‍ സ്റ്റോപ്പില്‍ അനധികൃത ഓട്ടോ സ്റ്റാന്‍ഡിന് സമാനമായ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. അഞ്ചോളം ഓട്ടോറിക്ഷകള്‍വരെ ഇവിടെ പാര്‍ക്ക് ചെയ്യുന്ന കാഴ്ച നിത്യസംഭവാണ്. 


സ്‌കൂള്‍ തുറന്നതോടെ ഗതാഗതക്കുരുക്കും വര്‍ധിച്ചിട്ടുണ്ട്. ഞായറാഴ്ചകളില്‍ പോലും നഗരത്തിലെ തിരക്കിന് കുറവൊന്നുമില്ല. കുരിക്കള്‍ നഗറില്‍ ഒരു പോലീസുകാരന്റെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. അലക്ഷ്യമായ ഡ്രൈവിംഗും ഗതാഗത നിര്‍ദേശങ്ങളോടുള്ള നിഷേധാത്മക നിലപാടും കുരുക്ക് വര്‍ധിക്കാനുള്ള കാരണങ്ങളാണ്. മാര്‍ക്കറ്റ്, കോസ് വേ റോഡുകളില്‍ നിന്നുള്ള പ്രവേശനം തടഞ്ഞ് കുരുക്കഴിക്കാനുള്ള നിര്‍ദേശം 2 തവണ ഗതാഗത ഉപദേശക സമിതി യോഗത്തിലുണ്ടായിട്ടും നടപ്പാക്കാനായില്ല.




വാഹനബാഹുല്യം ദിവസേന വര്‍ധിക്കുമ്പോഴും നഗരത്തില്‍ റോഡ് സൗകര്യങ്ങള്‍ കുറയുന്നതല്ലാതെ കൂടുന്നില്ല. നടപ്പാതകളിലെ പാര്‍ക്കിംഗും കച്ചവടവും വഴിയാത്രക്കാര്‍ക്കും ദുരിതമാണ് സൃഷ്ടിക്കുന്നത്. എത്ര കുരുങ്ങിയാലും സ്വയം അഴിച്ചുപോവുക മാത്രമാണ് ഈരാറ്റുപേട്ടയിലെത്തുന്നവരുടെ പോംവഴി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments