കോട്ടയം: പുതിയ സ്‌കൂൾ അധ്യയന വർഷത്തിന് നിറപ്പകിട്ടാർന്ന തുടക്കം. ഉത്സവാന്തരീക്ഷം പകർന്ന പ്രവേശനോത്സവങ്ങൾ വർണാഭമായി. ഒന്നാംക്ലാസിലേക്ക് കടന്നുവന്ന കുരുന്നുകളെ സ്‌കൂളുകൾ പായസവും മധുരവും നൽകി സ്വീകരിച്ചു. വിദ്യാർഥികളെ വരവേൽക്കാൻ സ്‌കൂളുകളിൽ അധ്യാപകരും രക്ഷിതാക്കളും ആട്ടവും പാട്ടും ഘോഷയാത്രയുമടക്കം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.
ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കുമരകം ഗവൺമെന്റ് വാക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സുമൊക്കെ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഇടം നേടുകയാണെന്നും പൊതുവിദ്യാഭ്യാസരംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും കേരളം മാതൃകാപരമായി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവകലാശാല, സയൻസ് പാർക്ക് തുടങ്ങിയവ കേരളത്തിൽ സാധ്യമായെന്നും സ്‌കൂളുകളെ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്താനായതായും മന്ത്രി പറഞ്ഞു.
വിവിധ പുരസ്‌കാരങ്ങൾ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. സ്‌കൂൾ ലൈബ്രറിയിലേക്ക് സ്വകാര്യശേഖരത്തിൽനിന്ന് 50 പുസ്തകങ്ങൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ പുസ്തകം സ്‌കൂൾ പ്രിൻസിപ്പലിന് കൈമാറി.
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് റാലി കുമരകം ഗ്രാമപഞ്ചായത്തിനു സമീപമുള്ള യു.പി. സ്‌കൂളിലേക്ക് വർണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. മന്ത്രിയടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി.
കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കവിതാ ലാലു, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, കുമരകം ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീജ സുരേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വി.എൻ. ജയകുമാർ, ദിവ്യ ദാമോദരൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് രഞ്ജിനി രാമകൃഷ്ണൻ, സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോഡിനേറ്റർ കെ.ജെ. പ്രസാദ്, ഡയറ്റ് കോട്ടയം പ്രിൻസിപ്പൽ ഡോ. സഫീന ബീഗം, കൈറ്റ് കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ കെ.ബി. ജയശങ്കർ,
കോട്ടയം വെസ്റ്റ് എ.ഇ.ഒ: പി.എസ്. ബിന്ദു, കോട്ടയം വെസ്റ്റ് ബി.പി.സി: ഡോ: കെ.എസ്. ബിജുമോൻ, പി.എ. ടു ഡി.ഇ.ഒ. ജയകുമാർ, കുമരകം ഗവൺമെന്റ് വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പൂജാ ചന്ദ്രൻ, കുമരകം ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റർ പി.എം. സുനിത, കുമരകം ഗവൺമെന്റ് യു.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.എം. ഹൗവ്വ, കുമരകം ഗവൺമെന്റ് സ്.എൽ.ബി.എൽ.പി. സ്‌കൂൾ ഹെഡ്മാസ്റ്റർ ബി. സുരേഷ്‌കുമാർ, പി.ടി.എ. പ്രസിഡന്റുമാരായ വി.എസ്. സുഗേഷ്, പി.എ. അനീഷ്, പി.കെ. വിജയകുമാർ, എസ്.എം.സി. ചെയർമാൻ ജേക്കബ്, പൂർവവിദ്യാർഥി സംഘടനാ ചെയർമാൻ വി.കെ. ചന്ദ്രഹാസൻ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ വിദ്യാർഥിനികൾ അവതരിപ്പിച്ച പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്‌കാരം കാണികളുടെ മനംകവർന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments