Latest News
Loading...

റവ. ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം അനുസ്മരണ ആരാധന ചൊവ്വാഴ്ച 10.30 ന്



മേലുകാവ്: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പും സി.എസ്.ഐ. സഭയുടെ മോഡറേറ്ററുമായിരുന്ന റവ. ഡോ. കെ.ജെ.
സാമുവേലിന്റെ ഒന്നാം അനുസ്മരണ പ്രത്യേക ആരാധന മേലുകാവ് സി.എസ്.ഐ. ക്രൈസ്റ്റ് കത്തീഡ്രലിൽ ചൊവ്വാഴ്ച 10.30 ന് നടത്തും. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റവ. വി.എസ്. ഫ്രാൻസിസ് മുഖ്യകാർമ്മികത്വം വഹിക്കും. മദ്ധ്യകേരള മഹായിടവക മുൻ ബിഷപ്പ് റവ. തോമസ് സാമുവേൽ, കൊല്ലം, കൊട്ടാരക്കര മഹായിടവക മുൻ ബിഷപ്പ് റവ. ഉമ്മൻ ജോർജ്, ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ്പ് റവ. ഡോ. കെ.ജി. ദാനിയേൽ എന്നിവർ സഹകാർമ്മികരായിരിക്കും.  2023 മെയ് ഏഴിനാണ് ബിഷപ്പ് കെ.ജെ. സാമുവേൽ കാലം ചെയ്തത്. 




1942 ജനുവരി ഏഴിന് ഇലപ്പള്ളി കുന്നുംപുറത്ത് കെ.എസ്. ജോസഫിന്റെയും മേലുകാവ് നാരകത്തിങ്കൽ റേയ്ച്ചൽ ജോസഫിന്റെയും ആദ്യജാതനാണ് റവ. കെ.ജെ. സാമുവൽ. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ആറുവർഷം വിവിധ സെമിനാരികളിൽ പഠിച്ചു. പറക്കാൽ മിഷനിലും കാശ്മീരിലെ കുളു താഴ്‌വരയിലും റവ. ഹെൻട്രി ബേക്കർ ജൂനിയറിന്റെ പാത പിന്തുടർന്ന് മിഷനറി പ്രവർത്തനത്തിൽ വ്യാപൃതനായി. 

1969 ൽ പൂർണ്ണ വൈദികനാവുകയും മേലുകാവുമറ്റം താന്നിക്കൽ സൂസമ്മയെന്ന ഏലിയാമ്മയെ വിവാഹം ചെയ്തു ക്രിസ്തീയ കുടുംബജീവിതം ആരംഭിക്കുകയും ചെയ്തു. കഷ്ടതകളുടെയും സഹനത്തിന്റെയും നടുവിലേക്ക് ദൈവീക ശുശ്രൂഷ ജനത്തിന് നൽകാൻ അയ്യപ്പൻകോവിൽ ഇടവക വികാരിയായി. 



1971 ൽ ആന്ധ്രപ്രദേശിലെ ഗ്രാമങ്ങളിൽ മിഷൻ പ്രവർത്തനം നടത്തി. എട്ട് വർഷങ്ങൾക്ക് ശേഷം 1979 ൽ മേലുകാവ് ക്രൈസ്റ്റ് ചർച്ച് ഇടവക വികാരിയായി തിരികെ നാട്ടിലെത്തി. ഈസ്റ്റ് കേരള മഹായിടവക രൂപീകരണത്തിന് വേണ്ടി ശക്തിയായി പ്രവർത്തിച്ചു. 1984 മുതൽ കൂടുതൽ പഠനത്തിനായി വിദേശത്തേക്ക് തിരിച്ചു. 1986 ൽ തിരികെയെത്തി മൂവാറ്റുപുഴ ഇടവക വികാരിയായി. മൂവാറ്റുപുഴ സഭയെ ഒരു ടൗൺ ചർച്ച് ആക്കി മാറ്റിയത് റവ. കെ. ജെ സാമുവൽ ആിരുന്നു. 1990 മാർച്ച് 10 ന് കുന്നുംപുറത്ത് റവ. ജോസഫ് സാമുവൽ ഈസ്റ്റ് കേരളയുടെ രണ്ടാമത്തെ ബിഷപ്പായി അഭിഷിക്തനായി.

 ദീർഘമായ 17 വർഷം ഈസ്റ്റ് കേരള മഹാ ഇടവകയെ നയിച്ചു. ഇതിൽ ആറ് വർഷം സി.എസ്.ഐ. സഭയുടെ നേതൃത്വം വഹിച്ചു. ഒരു ഈസ്റ്റ് കേരളക്കാരന് ഈ പരമോന്നത പദവി ലഭിച്ചു എന്നുള്ളത് ചരിത്ര നേട്ടമാണ്. മക്കൾ: സാം കെ. ജോസഫ് (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി. മൂലമറ്റം), ഡോ. റെയ്ച്ചൽ കെ. സാമുവൽ (താലൂക്ക് ആശുപത്രി വൈക്കം), ഐസക് സാമുവൽ (ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് തിരുവനന്തപുരം). മരുമക്കൾ: ഡോ. സാം ക്രിസ്റ്റി മാമൻ (മെഡിക്കൽ കോളജ്, കോട്ടയം), ആനി സാം.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments