ഒരു തുള്ളി കിട്ടാനില്ലാത്ത ഒന്നാം തീയതി ഇനി ഓര്‍മയാകും. മദ്യ ഉപഭോഗം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച ഡ്രൈ ഡേ പിന്‍വലിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ ഒരു വര്‍ഷം 12 ദിവസം കൊണ്ട് 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വരുമാന വര്‍ധന ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗമാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് മാര്‍ച്ചില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണു വിവരം.
ടൂറിസം മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചിക്കുന്നതിനു പിന്നില്‍. വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നതിലൂടെ വരുമാനത്തില്‍ കുറവുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകും. ഫലം വന്ന ശേഷം ചര്‍ച്ചകളുമായി മുന്നോട്ടു പോകാനാണ് എക്‌സൈസ് വകുപ്പിനു കിട്ടിയ നിര്‍ദേശം.
ബാര്‍ ഉടമകളുടെ സംഘടന ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ തവണയും ഡ്രൈ ഡേ മാറ്റാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ചില്ലറ മദ്യവില്‍പനശാലകളുടെ നടത്തിപ്പ് ലേലം ചെയ്യാനും ആലോചനയുണ്ട്. മദ്യ ഉപഭോഗം നിയന്ത്രിക്കാന്‍ സംസ്ഥാനം ശ്രമിക്കുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് ഡ്രൈ ഡേകള്‍. എന്നിരുന്നാലും മദ്യം കഴിക്കണമെന്നുളളവര്‍ ഡ്രൈ ഡേയിലും എങ്ങനെയെങ്കിലും സംഘടിപ്പിച്ച് മദ്യം കുടിക്കാറുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments