Latest News
Loading...

റെഡ് അലെർട്ട്: കൺട്രോൾ റൂം തുറന്നു




അതിതീവ്രമായ മഴ സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. 




ഫോൺ നമ്പറുകൾ ചുവടെ:

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 9446562236, 0481 2566300
കോട്ടയം താലൂക്ക്: 0481 2568007
വൈക്കം താലൂക്ക്: 04829 231331
ചങ്ങനാശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചിൽ താലൂക്ക്: 0482 2212325




പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

- ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിലുള്ളവരും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥലത്തേക്ക് മാറി താമസിക്കണം. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയാറാവണം.

- സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.

- ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറണം.

- സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങളുടെ ശിഖരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം.

- ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാനോ പാടില്ല.

- മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം.





- ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്.
- ദുരന്ത സാധ്യത മേഖലയിലുള്ളവർ എമെർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വയ്ക്കണം. കിറ്റ് തയാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.

- ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്.

- മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.

-  കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടസാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾ പൊട്ടി വീണും അപകടങ്ങൾക്ക് സാധ്യതയുണ്ട്. ഇടവഴികളിലെയും നടപ്പാതകളിലെയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുമ്പ് വൈദ്യുതി അപകടസാധ്യത ഇല്ലെന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ  അപകടസാധ്യത ശ്രദ്ധയിൽ പെട്ടാൽ 1056 എന്ന നമ്പറിൽ കെഎസ്ഇബിയെ അറിയിക്കുക.

-24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. അപകട സാധ്യത അറിയിക്കാനും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾഫ്രീ നമ്പറുകളിൽ ബന്ധപ്പെടുക




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments