Latest News
Loading...

ചീരാംകുഴി ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍. പുതിയ വെളിപ്പെടുത്തല്‍ എന്ത് ?



പാലാ നഗരസഭയിലെ വിവാദ എയര്‍പോഡ് വിഷയത്തില്‍ പരാതിക്കാരനായ കേരള കോണ്‍ഗ്രസ് എം കൗണ്‍സിലര്‍ ജോസ് ചീരാംകുഴി ഇന്ന് ഒരു മണിയ്ക്ക് മാധ്യമങ്ങളെ കാണും. ജോസ് എന്ത് വെളിപ്പെടുത്തല്‍ നടത്തുമെന്ന ആകാംഷയും ഉയരുന്നുണ്ട്. ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നാണ് ജോസ് നല്കുന്ന സൂചനയും. വിഷയത്തില്‍ ആദ്യഘട്ടത്തില്‍ ആരുടെയും പേര് വെളിപ്പെടുത്താതെ കൗണ്‍സിലില്‍ ആരോപണമുന്നയിത്ത ജോസ് പിന്നീട് എയര്‍പോഡ് എടുത്തത് സിപിഎം കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടമാണെന്ന് വെളിപ്പെടുത്തിയത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 




മാസങ്ങള്‍ക്ക് മുമ്പാണ് പാലാ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നിന്ന് എയര്‍പോഡ് കാണാതായത്. കാണാതായതിന്റെ തൊട്ടടുത്ത ദിവസംമുതല്‍ എയര്‍പോഡില്‍നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ഉടമ ജോസ് ചീരാംകുഴി പോലീസിന് വിവരം നല്‍കിയിരുന്നു.  ഇതേ എയര്‍പോഡ് തന്നെയാണോ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനില്‍ ലഭിച്ചത് എന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. ഇതിനായി ആപ്പിള്‍ കമ്പനിയ്ക്ക് കത്ത് നല്‍കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.




ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂന്നാര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ എയര്‍പോഡ് കൊണ്ടുപോയിരുന്നതായി സന്ദേശങ്ങളില്‍നിന്ന് മനസ്സിലാക്കിയതായും പിന്നീട് മാഞ്ചസ്റ്ററിലാണ് ലൊക്കേഷന്‍ കാണിച്ചിരുന്നതെന്നും ജോസ് ചീരാംകുഴി പറഞ്ഞിരുന്നു. മൂന്നാറിലും പാലായിലും എയര്‍പോഡിലെ സന്ദേശങ്ങള്‍ ലഭിച്ചിരുന്ന അതേ പ്രദേശത്ത് പാലായിലെ ഒരു പൊതുപ്രവര്‍ത്തകന്റെ ഫോണും ഉണ്ടായിരുന്നതായി ജോസ് ചീരാംകുഴി പോലീസിന് തെളിവുകള്‍ നല്‍കിയിരുന്നു.





ഇപ്പോള്‍ ലഭിച്ച എയര്‍പോഡ് പാലാ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്കു പോലീസ് കൈമാറിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കോടതിയില്‍ അപേക്ഷനല്‍കി എയര്‍പോഡ് തിരികെവാങ്ങി ശാസ്ത്രീയ പരിശോധന നടത്തുമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം നഗരസഭ ഓഫീസില്‍നിന്ന് പോലീസ് തെളിവ് ശേഖരിച്ചിരുന്നു. മാഞ്ചസ്റ്ററില്‍ ജോലി ചെയ്യുന്ന മലയാളി സ്ത്രീയാണ് വിവാദ എയര്‍പോഡ് പാലാ പോലീസിന് കൈമാറിയതെന്ന ചില സൂചനകളും പുറത്തുവരുന്നുണ്ട്. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments