മണിക്കൂറുകളായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുന്നു. മേലുകാവ്, മൂന്നിലവ്, തീക്കോയി , പൂഞ്ഞാര്‍ തെക്കേക്കര തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് മഴ ശക്തിയായി തുടരുന്നത്. ഇതോടെ ഈ ഭാഗങ്ങളില്‍ നിന്നും മീനച്ചിലാറ്റിലേയ്ക്കുള്ള കൈവഴികള്‍ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്.
മൂന്നിലവ് രണ്ടാറ്റുമുന്നിയില്‍ റോഡ് വെള്ളത്തില്‍ മുങ്ങി. വാകക്കാട്- രണ്ടാറ്റുമുന്നി റോഡ് വെള്ളത്തില്‍ മുങ്ങി. മേലുകാവില്‍ നിന്നും മൂന്നിലവില്‍ നിന്നമുള്ള വെള്ളം ചേരുന്ന ഭാഗമാണിവിടം. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടര്‍ന്നുണ്ടായ ജലനിരപ്പിനേക്കാള്‍ ഇവിടെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. തലനാട് പഞ്ചായത്തിലും മഴ ശക്തിപ്പെട്ടു.
തീക്കോയി മേഖലയിലും മഴ തുടരുന്നു. രണ്ടടിയോളം മീനച്ചിലാറ്റില്‍ വെള്ളം ഉയര്‍ന്നു. മാര്‍മല അരുവിയില്‍ അതിശക്തമായ വെള്ളച്ചാട്ടമാണ് നിലവിലുള്ളത്. അരുവിയുടെ ഭാഗത്തേയ്ക്ക് പോകാന്‍പോലും സാധിക്കാത്ത തരത്തില്‍ വെള്ളച്ചാട്ടമായി മാറിയിട്ടുണ്ട്. ഇവിടേയ്ക്കുള്ള പ്രവേശനം പഞ്ചായത്ത് നിലവില്‍ നിരോധിച്ചിട്ടുണ്ട്. പാതാമ്പുഴയിലെ അരുവിക്കച്ചാല്‍ വെള്ളച്ചാട്ടവും ശക്തിപ്രാപിച്ചു. ഇവിടേയ്ക്കുള്ള വഴിയിലെ പാലം വെള്ളംകയറി. പാതാമ്പുഴയില്‍ മൂന്നരമണിക്കൂര്‍ കൊണ്ട് 111 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ 4 മണിക്കൂറിനിടെ 148 മില്ലിമീറ്റര്‍ മഴ പെയ്തു. ഒരു മണിക്കൂറിനിടെ 47 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
കൈവഴികളില്‍ വെള്ളം കൂടിയതോടെ മീനച്ചിലാറും ക്രമേണ ജലനിരപ്പ് ഉയരുകയാണ്. പാലാ പുഴക്കരയിലെ സ്‌കെയിലില്‍ 30 മിനുട്ട് കൊണ്ട് ഒരടിയോളം വെള്ളം ഉയര്‍ന്നു. ഈരാറ്റുപേട്ടയില്‍ നടയ്ക്കല്‍ മേഖലയില്‍ വെള്ളംകയറി. നിരവധി വീടുകളും വെള്ളപ്പൊക്കഭീഷണിയിലാണ്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments