ഓപ്പറേഷന്‍ ആഗിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ഗുണ്ടകളെ തപ്പി ചെന്ന പോലീസിന് കിട്ടിയത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ. അങ്കമാലിയിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടാനേതാവ് തമ്മനം ഫൈസല്‍ വിരുന്നൊരുക്കിയത്. അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്. സ്വകാര്യകാറില്‍ 4 പേര്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ലഭിച്ച പരിശോധനയിലാണ് ഡിവൈഎസ്പി കുടുങ്ങിയത്. അതേസമയം പോലീസ് തയാറാക്കിയ രേഖകളില്‍ 3 പോലീസുകാരുടെ പേര് ചേര്‍ത്തെങ്കിലും ഡിവൈഎസ്പിയുടെ പേര് ഒഴിവാക്കി.
അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്. അങ്കമാലി എസ്‌ഐയുടെ നേതൃത്വത്തിലായിരുന്നു പോലീസ് ഫൈസലിന്റെ വീട്ടിലെത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിച്ചു. സംഭവത്തില്‍ 2 പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍ ഡിവൈഎസ്പിയ്‌ക്കൊപ്പം എത്തിയ എസ്പിയുടെ സ്‌ക്വാഡിലെ പോലീസുകാരാണിവര്‍. മൂന്നാമനെ വിജിലന്‍സില്‍ നിന്നും മാറ്റും. വിരുന്നില്‍ പങ്കെടുത്ത ഡിവൈഎസ്പി സാബുവിനെതിരെ വകുപ്പുതല അന്വേഷണം നടത്തും. ഒരാഴ്ചയ്ക്ക്‌ശേഷം വിരമിക്കാനിരിക്കെയാണ് സാബു വിവാദത്തില്‍ പെടുന്നത്.
ആഘോഷത്തിന്റെ വീഡിയോ റീല്‍സ് ആക്കി പുറത്തിറക്കിയിരുന്നു. കിംഗ് ഓഫ് കൊച്ചി തമ്മനം ഫൈസല്‍ എന്ന എഴുത്തോടു കൂടിയ വീഡിയോ വെല്ലുവിളിയുടെ രൂപത്തിലായിരുന്നു. ഗുണ്ടകളേയും കുറ്റവാളികളേയെും നിയന്ത്രിക്കാനുള്ള പദ്ധതിയാണ് ഓപ്പറേഷന്‍ ആഗ്. കൊച്ചിയില്‍ ഏറ്റവുമാദ്യം കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ നേതാക്കളിലൊരാളാണ് ജോര്‍ജ് എന്ന തമ്മനം ഫൈസല്‍. കരാട്ടെ അധ്യാപകന്‍ കൂടിയാണ് തമ്മനം ഫൈസല്‍. എറണാകുളം തമ്മനത്തെ വീട്ടിലെ വിളിപ്പേരായിരുന്നു ഫൈസല്‍. പിന്നീട് അങ്കമാലി പുളിയനത്തേക്ക് താമസം മാറ്റിയതോടെ തമ്മനം ഫൈസല്‍ എന്നറിയപ്പെട്ടു. കൊച്ചി ഭരിച്ചിരുന്ന ഗുണ്ടാ നേതാവ് തമ്മനം ഷാജിയുടെ എതിരാളിയായാണ് ഫൈസല്‍ പിന്നീട് വളര്‍ന്നു വന്നത്. മുപ്പതിലേറെ കേസുകളില്‍ താന്‍ പ്രതിയായിരുന്നെന്നും ഇനി മൂന്നോ നാലോ കേസുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നുമാണ് ഫൈസല്‍ അടുത്തിടെ പറഞ്ഞത്.
2021ല്‍ മറ്റൊരു ഗുണ്ടാ സംഘത്തില്‍പ്പെട്ട ജോണി ആന്റണി എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായ മര്‍ദിച്ച കേസാണ് ഫൈസലിനെതിരെ ഏറ്റവുമൊടുവില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫൈസലും സംഘവും തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. തന്നെ വാളുകളുമായി ജോണി അടക്കമുള്ളവര്‍ ഭീഷണിപ്പെടുത്തിയതിന് പകരം ചോദിച്ചതാണ് ആ സംഭവമെന്ന് ഫൈസല്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments