തലപ്പലം പഞ്ചായത്തിലെ അറിഞ്ഞൂറ്റിമംഗലം ഭാഗത്ത് വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി. പ്രദേശവാസിയായ മാടത്താനിയിൽ ഔസേഫ് എന്ന വയോധികനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മൃതദേഹവശിഷ്ടങ്ങൾ ഇയാളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തും.
ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സമീപവാസിയായ വീട്ടമ്മ ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം അവശിഷ്ടങ്ങൾ കത്തിയ നിലയിൽ കണ്ടെത്തിയത്. അസ്ഥികൾ മാത്രമാണ് പ്രദേശത്ത് അവശേഷിച്ചിരുന്നത്.
രാവിലെ ശാസ്ത്രീയ പരിശോധന സംഘം വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്തുനിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തി. എംസി ഔസേപ്പ് മാടത്താനിയിൽ എന്ന അഡ്രസ്സിൽ ഉള്ള ആധാർ കാർഡ് ബാഗിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ഒരു കാൽപാദത്തിൽ മാത്രമാണ് മാംസഭാഗം അവശേഷിച്ചിരുന്നത്. രണ്ടു പുരയിടങ്ങളുടെ ഇടവഴിയിൽ ആണ് ശരീര അവശിഷ്ടങ്ങൾ കിടന്നിരുന്നത്. സമീപത്ത് തീപിടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ട് .
ആത്മഹത്യയാണോ മറ്റേതെങ്കിലും ദുരന്തങ്ങൾ ഉണ്ടോ എന്നുള്ളതും ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു . ആളെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന അടക്കം നടത്തും. പാലാ ഡിവൈഎസ്പി സദൻ , ഈരാറ്റുപേട്ട എസ് എച്ച് ഒ സുബ്രഹ്മണ്യൻ, എസ് ഐ ജിബിൻ, എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments