Latest News
Loading...

ആശുപത്രിക്കും ജൂനിയർ ഡോക്ടർക്കുമെതിരെ നടപടി വേണമെന്ന് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ
കോട്ടയം: പാലാ കാർമ്മൽ മെഡിക്കൽ സെൻ്ററിൽ ഗുരുതരാവസ്ഥയിൽ ചികിത്സയ്‌ക്കെത്തിച്ച നാലുമാസം പ്രായമായ പെൺകുഞ്ഞിനു ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ ഡോക്ടർ ചികിത്സ നൽകാതെ തിരിച്ചയച്ചതിനെത്തുടർന്നു അതീവ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട സംഭവത്തിൽ പെൺകുഞ്ഞിൻ്റെ മരണകാരണം ന്യുമോണിയ ബാധിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ന്യുമോണിയ ആണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ചികിത്സ നിഷേധിച്ച ഡോക്ടർക്കും കാർമ്മൽ ആശുപത്രിക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് മരണപ്പെട്ട അക്ഷര മുകേഷിൻ്റെ മാതാപിതാക്കളായ പാലാ രാമപുരം നീറന്താനം മുകേഷ് ഭവനിൽ മുകേഷ്കുമാർ, ഗീതു എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ചികിത്സിച്ച ജൂനിയർ ഡോക്ടറുടെ ഗുരുതരമായ അനാസ്ഥയാണ് കുട്ടി മരണപ്പെടാനിടയായതെന്ന് മാതാപിതാക്കൾ കുറ്റപ്പെടുത്തി.

കോട്ടയം മെഡിക്കൽ കോളജിലെ ഫോറിൻസിക് മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഡെപ്യൂട്ടി പൊലീസ് സർജനുമായ ഡോ ജെയിംസ്കുട്ടി ബി കെ, അസിസ്റ്റൻ്റ് പ്രൊഫസറും അസിസ്റ്റൻറ് പോലീസ് സർജനുമായ ഡോ ടി ദീപു എന്നിവർ പി എം നമ്പർ 336/2024 ആയി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ശ്വാസകോശത്തിൻ്റെ ഇടതുവശത്ത് ന്യുമോണിയ ബാധിച്ചിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

രക്തത്തിൽ ഇൻഫെക്ഷൻ ഉള്ളതായും കരളിനെയും ഇത് ബാധിച്ചതായി പറയുന്നു. കട്ടപിടിച്ച ന്യുമോണിയാ ആയിട്ടാണ് കാണിക്കുന്നത്. ഇടതു വശത്തെ ശ്വാസകോശത്തിൻ്റെ താഴത്തെ ഭാഗം കട്ടപിടിച്ച നിലയിലായിരുന്നു. കുറച്ചു ദിവസങ്ങളായി അണുബാധ തുടരുന്ന അവസ്ഥയിൽ ആണെങ്കിൽ മാത്രം കാണപ്പെടുന്ന രീതിയിലാണിതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സാധാരണ ന്യുമോണിയ അല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് രാത്രിയിലാണ് രാമപുരം നീറന്താനം മുകേഷ്ഭവനിൽ മുകേഷ്കുമാർ - ഗീതു ദമ്പതികളുടെ മകൾ അക്ഷരയെ ശ്വാസതടസ്സവും കുറുകലും കലശലായതിനെത്തുടർന്ന് പാലാ കാർമ്മൽ ആശുപത്രിയിൽ എത്തിച്ചത്. ക്യാഷ്വാലിറ്റി ഡ്യൂട്ടിയിലുള്ള ജൂനിയർ ഡോക്ടർ കുട്ടിയെ പരിശോധിച്ച ശേഷം യാതൊരു പ്രശ്നവും ഇല്ലെന്നു പറഞ്ഞു വിശ്വസിപ്പിച്ച്‌ തങ്ങളെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതു ചൂണ്ടിക്കാണിച്ചപ്പോഴും ജൂനിയർ ഡോക്ടർ പ്രശ്നമില്ലെന്നു ആവർത്തിക്കുകയായിരുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി. കുട്ടിയുടെ എക്സ്റേ എടുക്കാനോ രക്തപരിശോധന നടത്താനോ പോലും ജൂനിയർ ഡോക്ടർ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു. 

പിറ്റേ ദിവസം പനിയും ജലദോഷവും കഫക്കെട്ടും രൂക്ഷമായി ദിവസങ്ങൾ കഴിഞ്ഞാണ് ന്യുമോണിയാ ആയി പരിണമിക്കുന്നത്. യഥാസമയം വിദഗ്ദ ചികിത്സ നൽകിയാൽ ഭേദമാകുന്ന അസുഖമാണ് ന്യുമോണിയ എന്നിരിക്കെ ആശുപത്രി അധികൃതർ എക്സ്റേ പരിശോധന നടത്തിയാൽ പോലും സ്ഥിരീകരിക്കാവുന്ന രോഗമാണെന്നിരിക്കെയാണ് ജൂനിയർ ഡോക്ടറുടെ കുറ്റകരമായ അനാസ്ഥയെത്തുടർന്നു നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞ് മരണപ്പെടുന്നത്.

 കുട്ടിയ്ക്ക് ഗുരുതരമായ അസുഖം ബാധിച്ചെന്ന് മെഡിക്കൽ സയൻസിൽ പ്രാവീണ്യമില്ലാത്ത കുട്ടിയുടെ തങ്ങൾക്കു ബോധ്യമായിട്ടു ആശുപത്രിയിൽ എത്തിച്ചിട്ടും പരിശോധന പോലും നടത്താതെ തിരിച്ചയച്ചതാണ് മകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് മുകേഷ്കുമാറും ഗീതുവും കുറ്റപ്പെടുത്തി. ജൂനിയർ ഡോക്ടറുടെ പ്രവർത്തിപരിചയത്തിലും യോഗ്യതയിലും സംശയമുണ്ടെന്നു അവർ പറഞ്ഞു.

 പാരസെറ്റമോൾ കൊടുക്കാൻ മാത്രമാണ് ഡോക്ടർ നിർദ്ദേശിച്ചത്. കുട്ടിയുടെ അസുഖത്തിന് കുറവില്ലാതെ വന്നപ്പോൾ പിറ്റേ ദിവസം വീണ്ടും കാർമ്മൽ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്ന് ബോധ്യപ്പെട്ടിട്ടും ട്യൂബിലൂടെ ഓക്സിജൻ നൽകാതെ നെബുലൈസേഷൻ നൽകി നടപടിക്രമം തെറ്റിച്ചതായും മാതാപിതാക്കൾ ആരോപിച്ചു. മരണപ്പെട്ട നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്ന ആശുപത്രിക്കാർ വാദമാണ് ആശുപത്രി അധികൃതർ ഇപ്പോൾ ഉയർത്തുന്നത്.

 എന്നാൽ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചശേഷം പോലീസിൻ്റെ ഇൻക്വിസ്റ്റ് സമയത്ത് വീട്ടുകാർ എടുത്ത ചിത്രത്തിൽ കുട്ടിയുടെ കൈയ്യിൽ നിന്നും രക്തം എടുത്ത ശേഷം പഞ്ഞി വച്ചിരിക്കുന്നത് കാണാനാകും. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടി മരണപ്പെട്ടിരുന്നുവെങ്കിൽ എന്തിനാണ് മരണപ്പെട്ട ആളുടെ രക്തമെടുത്തതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കണം. തലേന്ന് ഗുരുതരാവസ്ഥയിൽ എത്തിച്ച കുട്ടിയെ എന്തിന് തിരിച്ചയച്ചു എന്നു കാർമ്മൽ ആശുപത്രി അധികൃതർ മറുപടി പറയണമെന്നും മുകേഷ് കുമാറും ഗീതുവും ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം കുരുന്നു ജീവൻ നഷ്ടപ്പെട്ടിട്ടും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും മൗനം പാലിക്കുന്നത് തങ്ങളെ വല്ലാതെ വേദനിപ്പിച്ചു. അവരുടെ വീട്ടിലെ കുട്ടികൾക്കു ഈ അവസ്ഥ വന്നാൽ എന്തായിരിക്കും പ്രതികരണമെന്ന് അറിയാൻ താത്പര്യമുണ്ട്. മറ്റൊരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാവാതിരിക്കാൻ ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. മരിച്ച കുഞ്ഞിന് നീതി കിട്ടണമെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും അവർ പറഞ്ഞു. 
മിക്ക ആശുപത്രികളിലും രാത്രി കാലങ്ങളിൽ പ്രൊവിഷണൽ ക്യാറ്റഗറിയിലുള്ള ജൂനിയർ ഡോക്ടർമാർ മാത്രമാണ് ക്യാഷ്യാലിറ്റികളിൽ ഉള്ളതെന്നാണ് അറിയാൻ സാധിച്ചതെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ കുറ്റപ്പെടുത്തി. രാത്രി കാലങ്ങളിൽ വരുന്ന രോഗികൾക്ക് അസുഖം കലശലായാൽ ആശുപത്രിയിലെ തന്നെ സീനിയർ ഡോക്ടർ അല്ലെങ്കിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർമാർ എന്നിവരിൽ ആരെയെങ്കിലും ബന്ധപ്പെടണമെന്ന നിർദ്ദേശമാണ് നൽകിയിട്ടുള്ളതെന്ന് അറിയുന്നു. ഹാൻഡിൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ മറ്റേതെങ്കിലും ആശുപത്രിയിലേയ്ക്ക് റഫർ ചെയ്യാനാണ് നിർദ്ദേശമെന്നും പറയപ്പെടുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ കാർമ്മൽ ആശുപത്രിയിലെ ജൂനിയർ ഡോക്ടർ സ്വയം തീരുമാനമെടുത്തു കുട്ടിയെ തിരിച്ചയച്ചതാണ് കുട്ടിക്കു അസുഖം രൂക്ഷമായി മരണപ്പെടാൻ ഇടയായതെന്ന അക്ഷരയുടെ മാതാപിതാക്കളുടെ ആരോപണം ശരിവയ്ക്കുകയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

കാർമ്മൽ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവിനെ മറ്റൊരാശുപത്രിയിലേയ്ക്ക് റഫർ ചെയ്തപ്പോൾ ഡോക്ടറുടെ ഒപ്പും സീലും രജിസ്റ്റർ നമ്പരും ഇല്ലാതെ കത്ത് നൽകിയിരുന്നു. ഇതു സംബന്ധിച്ച് കോട്ടയം ഡി എം ഒ യ്ക്ക് ഫൗണ്ടേഷൻ പരാതി നൽകിയിരുന്നു.   വ്യാജന്മാരും മതിയായ യോഗ്യത ഇല്ലാത്തവരും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സർട്ടിഫിക്കേറ്റുകളുടെ പകർപ്പ് പ്രദർശിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. കേരളാ ആരോഗ്യ പ്രവർത്തക സംരക്ഷണ ഓർഡിനസ് ആളുകളെ ദ്രോഹിക്കുന്നതിനുള്ള ഉപകരണമായി മാറ്റിയിരിക്കുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത കിരാത നിയമം അടിയന്തിരമായി പിൻവലിക്കണം. ആരോഗ്യ പ്രവർത്തകരെ ഉപദ്രവിച്ചാൽ ഉപദ്രവിക്കുന്നവരെ കൈകാര്യം ചെയ്യാൻ നിലവിലെ നിയമം പര്യാപ്തമാണ്. അതേസമയം ആശുപത്രിയുടെയോ ഡോക്ടർമാരുടയോ അനാസ്ഥമൂലം രോഗി മരണപ്പെട്ടാൽപോലും കുറ്റക്കാർക്കെതിരെ നടപടി ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഇക്കാര്യത്തിൽ വിദേശ രാജ്യങ്ങളുടെ മാതൃകയിൽ കനത്ത നഷ്ടപരിഹാരമുൾപ്പെടെ നൽകാൻ ഉതകും വിധം നടപടി സ്വീകരിക്കാൻ നിയമനിർമ്മാണം നടത്തണം.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, മരിച്ച കുട്ടിയുടെ ബന്ധുക്കളായ കലാമണി എം എസ്, മഹേഷ്കുമാർ, ഗ്രീഷ്മ രാജേന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   
Post a Comment

0 Comments