പാരമ്പര്യം നഷ്ടപ്പെട്ടാല്‍ ആമകളെ പോലെ ഉള്ളിലേയ്ക്ക് വലിയുകയും വളയുകയും ചെയ്യുമെന്നും അമിതമായ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. എകെസിസി 106-ാം വാര്‍ഷികത്തിന്റെ ഭാഗമായി അരുവിത്തുറയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം എകെസിസി മുന്‍രംഗത്ത് ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമുദായങ്ങള്‍ ഒറ്റപ്പെട്ടല്ല നില്‍ക്കേണ്ടത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൃഷിക്കാര്‍ക്കും പ്രത്യേക കര്‍മ പദ്ധതികള്‍ രൂപീകരിക്കണം. സമുദായങ്ങള്‍ അംഗങ്ങളെ നന്‍മയില്‍ വളര്‍ത്തണം. കുടിയേറ്റം ഒരിക്കലും കയ്യേറ്റമല്ല. ജനസംഖ്യയിലെ കുറവ് നമ്മുടെ സമുദായത്തിന്റെ ബലഹീനതയാണ്. അന്യരാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റവും ബാധിക്കുന്നുണ്ട്. സമുദായത്തിലെ ദളിതരെ സമുദ്ധരിക്കാന്‍ നമുക്ക് കഴിയാതെ പോകുന്നുണ്ട്. മദ്യവും മയക്കുമരുന്നും വഴി സമുദായം ബലഹീനമാകുന്നു. സമുദായബോധം പകര്‍ന്നുതന്നവരെ കുറിച്ച് സവിസ്തരം പഠിക്കാന്‍ തയാറാകണം.
സമുദായബോധം സഭയുടെ അവിഭക്ത ഘടകമാണ്. സഭാ ചരിത്രവും വിജ്ഞാനവും മാറ്റിനിര്‍ത്തി സമുദായം എന്ന നിലയില്‍ വളരാന്‍ കഴിയില്ല. സഭയും സമുദായവും ഒന്നിച്ചുപോകേണ്ടതാണ്. സുദായബോധവല്കരണം തീവ്രമായ നിലയില്‍ നടത്തണം. അത് കേവലം സംവരണബോധമല്ല. ഉത്തരവാദിത്വങ്ങളും നിറവേറ്റണം. സഭയുടെ അടിസ്ഥാന പരാമ്പര്യങ്ങള്‍ ഉറങ്ങിപോകാറുണ്ട്. അതിനെല്ലാം ഉണര്‍വ് നല്കിയത് കത്തോലിക്കാ കോണ്‍ഗ്രസാണ്. പ്രതിസന്ധികളിലെല്ലാം അവര്‍ ഇറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാമ്പത്തിക സംവരണ പരിധി സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഞ്ചായത്തുകളില്‍ രണ്ടരയേക്കര്‍ പരിധി 5 ഏക്കറായും വാര്‍ഷികവരുമാനം 8 ലക്ഷവും ആക്കി ഉയര്‍ത്തണം. അല്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ പട്ടികയില്‍ നിന്നും പുറത്താകും. ജെബി കോശി റിപോര്‍ട്ട് അടിയന്തിരമായി പുറത്തുവിടണം. നിരവധി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ കേന്ദ്രം റദ്ദാക്കി. അതിനെല്ലാം എതിരായി ശക്തമായ സ്വരം ഉയരണം. സമുദായബോധത്തിനായി ശരീരവും ആത്മാവും ഒന്നിച്ചുചേരണം. നസ്രാണികളുടെ സമുദായത്തിന്റെ ബലം എന്താണെന്ന് രാജ്യം തിരിച്ചറിയണം. എണ്ണത്തേക്കാള്‍ മഹത്വും സ്വാധീനവും നമുക്കുണ്ട്. വ്യക്തിപരമായി നിലനിന്നാല്‍ പോരാ സഭയായി നിലനില്‍ക്കാന്‍ സാധിക്കണമെന്നും ബിഷപ് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments