ഒരാഴ്ച നീണ്ടുനിന്ന വിദ്യാഭ്യാസ പര്യടനം കഴിഞ്ഞ് പാലാ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി. പുസ്തക പഠനം മാത്രമല്ല, യാത്രകളും ചേർന്നതാണ് യഥാർത്ഥ വിദ്യാഭ്യാസമെന്ന് തെളിയിച്ച യാത്രയായിരുന്നു ഇതെന്ന് പര്യടനത്തിൽ പങ്കെടുത്ത കുട്ടികൾ പറഞ്ഞു. എല്ലാ വര്‍ഷവും വേനലവധിക്കാലത്ത് പാലാ സെൻ്റ്.തോമസ് HSS നടത്തുന്ന 'Edventure' എന്ന എഡ്യൂടൂറിസം പ്രോജക്ടിന്റെ ഭാഗമായി ഈ വര്‍ഷം കാശ്മീരിലെ സ്‌കൂളുകളും അവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായവുമാണ് സംഘം പഠനവിഷയമാക്കിയത്. ബാരമുള്ള, ഗോരിപോര, ഉറി എന്നിവിടങ്ങളിലെ സ്‌കൂളുകളും സോപ്പോറിലെ അധ്യാപക പരിശീലന കേന്ദ്രവും ശ്രീനഗറിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ആസ്ഥാനവുമാണ് വിദ്യാര്‍ത്ഥികളും അധ്യാപകരുമടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തിയത്. സര്‍ക്കാര്‍ സ്‌കൂള്‍, സ്വകാര്യ സ്‌കൂള്‍, ആര്‍മി സ്‌കൂള്‍ വിഭാഗങ്ങളായി തിരിച്ചായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.
ഗോരിപോരയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു ആദ്യദിനം. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന സ്‌കൂള്‍, അധ്യാപകരുടെ അഞ്ചുവര്‍ഷത്തെ ശ്രമഫലമായി നിറയെ കുട്ടികളുമായി തിരിച്ചുവരവിന്റെ പാതയിലാണ്. ഉള്‍ഗ്രാമങ്ങളിലെ സാധാരണക്കാരായ കുട്ടികള്‍ക്കുള്ള ഏക ആശ്രയമാണ് ഈ സര്‍ക്കാര്‍ സ്ഥാപനം. യാഥാസ്ഥിതികത ഉണ്ടെങ്കിലും വളരാനുള്ള ആഗ്രഹവും സ്വപ്നങ്ങളും അവിടുത്തെ കുട്ടികളുടെ വാക്കുകളില്‍ പ്രകടമാണ്.
ബാരമുള്ളയിലെ Sanctorum പ്രൈവറ്റ് സ്‌കൂളാണ് സംഘം രണ്ടാമത് സന്ദര്‍ശിച്ച് കുട്ടികളും അധ്യാപകരുമായി സംവദിച്ചത്. പരീക്ഷാ വിജയത്തിനുമപ്പുറം ഓരോ കുട്ടിയെയും ആത്മവിശ്വാസത്തിലൂടെയും പ്രൊഫഷണലിസത്തിലൂടെയും വളര്‍ത്തുന്ന രീതി അനുകരണീയമാണ്. സ്‌കൂളില്‍ നടത്തുന്ന റേഡിയോ ജോക്കി പരിശീലനവും അവരുടെ ആതിഥേയ മര്യാദകളും സംഘത്തെ അത്ഭുതപ്പെടുത്തി.
അതിര്‍ത്തിയിലുള്ള ഉറി സ്‌കൂളിലെ സന്ദര്‍ശനവും സംവാദവും കുട്ടികള്‍ക്ക് പ്രത്യേക അനുഭവമായിരുന്നു. 2016 ലെ ഭീകരാക്രമണം നടന്ന സൈനിക കേന്ദ്രത്തിന് തൊട്ടടുത്താണ് ആര്‍മി ഗുഡ്‌വില്‍ സ്‌കൂള്‍. അതിര്‍ത്തി ഗ്രാമങ്ങളിലെ കുട്ടികള്‍ക്കുള്ള ഏക ആശ്രയമാണ് ആര്‍മി സ്‌കൂള്‍. രാജ്യത്തിനകത്തെ വിവിധ സ്ഥലങ്ങളും സ്‌കൂളുകളും സന്ദര്‍ശിച്ചുള്ള വിദ്യാഭ്യാസ രീതി പിന്തുടരുന്ന സ്‌കൂളാണിത്. നാലുവശവും പട്ടാള സാന്നിദ്ധ്യമുണ്ടെങ്കിലും ഡാന്‍സിനും പാട്ടിനും ആഘോഷങ്ങള്‍ക്കും യാതൊരു കുറവുമില്ല. ആര്‍മി സ്‌കൂളിലെ കുട്ടികളില്‍ രൂപപ്പെടുന്ന സ്വഭാവിക അച്ചടക്കവും പെരുമാറ്റ മര്യാദയും കണ്ടുപഠിക്കേണ്ടതു തന്നെ.
സിലബസ് രൂപീകരണത്തെക്കുറിച്ചും അധ്യാപക പരിശീലന പരിപാടികളെക്കുറിച്ചുമുള്ള അറിവുകളാണ് ബാരാമുള്ളയിലെ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നിന്നും കുട്ടികള്‍ക്ക് ലഭിച്ചത്. സ്‌കൂളുകളില്‍ നിന്ന് ലഭിച്ചതിനേക്കാള്‍ വലിയ ജീവിതപാഠങ്ങളാണ് ശ്രീനഗറിലെ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ആസ്ഥാനത്ത് നിന്നും ലഭിച്ചത്.
ബി.എസ്.എഫ്. യൂണിറ്റുകളെക്കുറിച്ചും മലനിരകളിലെ ആര്‍മി സാന്നിദ്ധ്യത്തെക്കുറിച്ചും അതിര്‍ത്തി സംരക്ഷണ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പട്ടാളക്കാരുടെ ജീവിതരീതികളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ കുട്ടികള്‍ക്ക് ഇതുവരെ ലഭിക്കാത്ത അനുഭവങ്ങളായിരുന്നു. വിദ്യാര്‍ത്ഥികളായ ആല്‍ബിന്‍ സാബു, ചാക്കോച്ചന്‍ റ്റി. താന്നിക്കല്‍, ജോര്‍ജ്ജ് അനില്‍ കാപ്പന്‍, എഡ്‌വിന്‍ ടെന്നിസണ്‍, സെബാസ്റ്റ്യന്‍ ജോസഫ്, അധ്യാപകരായ സാബുമോന്‍ തോമസ്, നിജോയ് പി. ജോസ് എന്നിവരടങ്ങുന്ന സംഘമാണ് വിദ്യാഭ്യാസ പര്യവേഷണ യാത്രയില്‍ പങ്കെടുത്തത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments