കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ കനത്തസുരക്ഷയിൽ സൂക്ഷിക്കുന്നു. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനേ ഇവ പുറത്തെടുക്കൂ.
വെള്ളിയാഴ്ച പോളിങ് അവസാനിച്ചശേഷം ഏഴു നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ സ്വീകരിച്ച യന്ത്രങ്ങൾ രാത്രിതന്നെ നാട്ടകം ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെയും ഉപവരണാധികാരികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. യന്ത്രങ്ങൾ സ്‌ട്രോങ് റൂമിലാക്കി പൂട്ടി മുദ്രവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദുവും രാഷ്ട്രീയകക്ഷി പ്രതിനിധികളും സന്നിഹിതരായിരുന്നു. കനത്തസുരക്ഷയിലാണ് ഇവിടെ വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും സൂക്ഷിച്ചിട്ടുള്ളത്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്, സായുധ പൊലീസ്, പൊലീസ് എന്നിവരുടെ ത്രിതല സുരക്ഷയിലാണ് സ്‌ട്രോങ് റൂം. കോളജിന്റെ എല്ലാഭാഗങ്ങളിലും സി.സി.ടി.വി. കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതു നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. ഔദ്യോഗിക അനുമതിയുള്ളവരെയല്ലാതെ ആരെയും ഇവിടേക്ക് പ്രവേശിപ്പിക്കില്ല.
വോട്ടെടുപ്പിന്റെ സ്‌കൂട്ടണി യോഗം ഗവൺമെന്റ് കോളജിലെ ഹാളിൽ നടന്നു. വരണാധികാരിയായ ജില്ലാ ളക്ടർ വി. വിഗ്‌നേശ്വരി, ഉപവരണാധികാരികളായ കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്, പുഞ്ച സ്പെഷൽ ഓഫീസർ എം. അമൽ മഹേശ്വർ, ഡെപ്യൂട്ടി കളക്ടർ എസ്.എൽ. സജികുമാർ, ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുകുമാരി, പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ്, ലാൻഡ് റെക്കോഡ്സ് ആൻഡ് സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. സതീഷ്‌കുമാർ, സർവേ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. സുനിൽ, സ്ഥാനാർഥികൾ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ റ്റി.എസ്. ജയശ്രീ, ചീഫ് ഏജന്റുമാർ എന്നിവർ പങ്കെടുത്തു.
ഏറ്റവുമധികം പോളിങ് വൈക്കത്തെ
50-ാം നമ്പർ പോളിങ് സ്‌റ്റേഷനിൽ
കോട്ടയം: കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ ഏറ്റവുമധികം പോളിങും കുറവ് പോളിങും നടന്ന പോളിങ് സ്‌റ്റേഷനുകൾ വൈക്കം നിയമസഭ മണ്ഡലത്തിൽ. വൈക്കം അക്കരപ്പാടം ഗവൺമെന്റ് യു.പി.എസിലെ 50-ാം നമ്പർ പോളിങ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്, 84.93 ശതമാനം. ഇവിടെ മൊത്തം 823 വോട്ടർമാരാണുള്ളത്. ഇതിൽ 699 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 357 പുരുഷൻമാരും 342 സ്ത്രീകളും വോട്ടുചെയ്തു.
വൈക്കം വെള്ളൂർ കെ.എൻ.ആർ.സി.യിലെ 26-ാം നമ്പർ പോളിങ് സ്‌റ്റേഷനിലാണ് ഏറ്റവും കുറഞ്ഞ പോളിങ്, 42.19 ശതമാനം. ഇവിടുത്തെ 301 വോട്ടർമാരിൽ 127 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. 74 പുരുഷൻമാരും 53 സ്ത്രീകളും വോട്ട് ചെയ്തു.
ജില്ലയിൽ 2227 ജീവനക്കാർ
പോസ്റ്റൽ വോട്ട് ചെയ്തു
കോട്ടയം: കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്ന, മറ്റു ലോക്‌സഭ മണ്ഡലങ്ങളിൽ വോട്ടുള്ള 2227 ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിലൂടെ വോട്ടു രേഖപ്പെടുത്തി. ഫോം 12 ൽ അപേക്ഷ നൽകിയ ഉദ്യോഗസ്ഥർ ഫെസിലിറ്റേഷൻ കേന്ദ്രം വഴിയാണ് തപാൽവോട്ട് രേഖപ്പെടുത്തിയത്.
കാസർഗോഡ്-7, കണ്ണൂർ-11, വടകര-9, വയനാട്-7, കോഴിക്കോട്-11, മലപ്പുറം-8, പൊന്നാനി-3, പാലക്കാട്-6, ആലത്തൂർ-9, തൃശൂർ-15, ചാലക്കുടി-16, എറണാകുളം-43, ഇടുക്കി-99, കോട്ടയം-656, ആലപ്പുഴ-159, മാവേലിക്കര-270, പത്തനംതിട്ട-602, കൊല്ലം-114, ആറ്റിങ്ങൽ-72, തിരുവനന്തപുരം-91, മറ്റുള്ളവ-19 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലേക്ക് ജില്ലയിൽ രേഖപ്പെടുത്തിയ തപാൽവോട്ടുകളുടെ എണ്ണം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments