കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി മാണിസാറിന്‍റെ ഭാര്യ കുട്ടിയമ്മ മാണിയെ സന്ദര്‍ശിച്ചു. മാണി സാറിന്‍റെ 5 -ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം എന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി വിട്ട ശേഷം പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പിസി തോമസ് പാലായില്‍ മാണി സാറിന്‍റെ വീട്ടിലെത്തുന്നത്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ രാജി വെക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് ജോസഫ് ഗ്രൂപ്പിലെ പ്രമുഖനായ പിസി തോമസ് ജോസ് കെ മാണിയുടെ വീട്ടിലെത്തുന്നത് എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. കുട്ടിയമ്മ മാണിയുമായും നിഷ ജോസ് കെ മാണിയുമായും ഏറെനേരം സംസാരിച്ച പിസി തോമസ് കോട്ടയത്ത് കെഎം മാണി സ്മൃതി സംഗമത്തില്‍ പങ്കെടുക്കുകയായിരുന്ന ജോസ് കെ മാണിയുമായും ഫോണില്‍ സംസാരിച്ചതായാണ് സൂചന.
യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മല്‍സരിക്കുന്ന ഏക മണ്ഡലമായ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം പാരമ്യത്തില്‍ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയെ പിടിച്ചു കുലുക്കുന്ന വിധം സംഘടനക്കുള്ളില്‍ പൊട്ടിത്തെറികള്‍ സംഭവിക്കുന്നത് എന്നത് യുഡിഎഫിനെ അലട്ടുന്നുണ്ട്.
ഇന്ന് രാവിലെ കേരള കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രസാദ് ഉരുളികുന്നം മോന്‍സ് ജോസഫിനെതിരെ വിവാദമുയര്‍ത്തി രാജി വച്ചിരുന്നു. കേരള കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പാലായിലെ നിയോജക മണ്ഡലം നേതൃത്വം ഒന്നാകെ തന്നെ രാജിവച്ചിട്ടുണ്ട്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments