Latest News
Loading...

പണം എവിടെ ? കടനാട് സഹകരണബാങ്കില്‍ വീണ്ടും നിക്ഷേപകരെത്തി



സാമ്പത്തിക പ്രതിസന്ധിയിലായ കടനാട് സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും പണം തിരികെ കിട്ടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിക്ഷേപകര്‍ ഹെഡ് ഓഫീസില്‍ ഉപരോധസമരം നടത്തി. 600-ഓളം നിക്ഷേപകര്‍ക്കായി 55 കോടിയോളം രൂപയാണ് തിരികെ ലഭിക്കാനുള്ളത്. നടപടികള്‍ വൈകുമ്പോള്‍ ഇഡി അന്വേഷണമടക്കമാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്. 



ഹെഡ് ഓഫീസിലും 3 ബ്രാഞ്ചുകളിലുമായി 95 കോടിയോളം നിക്ഷേപമുണ്ടായിരുന്ന കടനാട് സര്‍വ്വീസ് സഹകരണബാങ്ക് നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയപ്പോള്‍ വഴിയാധാരമായത് സാധാരണക്കാരായ 100 കണക്കിന് നിക്ഷേപകരാണ്. കുട്ടികളുടെ വിവാഹവും വിദ്യാഭ്യാസവുമടക്കം ലക്ഷ്യമിട്ട് പണം സ്വരൂക്കൂട്ടിയവര്‍ ഇന്ന് ബാങ്കില്‍ കയറിയിറങ്ങി വലയുന്നു. പണം എന്ന് തിരികെ ലഭിക്കും എന്ന ചോദ്യത്തിന് വൈകാതെ വരും എന്ന മറുപടി മാത്രമാണ് കിട്ടുന്നത്. 









സിപിഎം ഭരണത്തിലായിരുന്ന ബാങ്ക് അനിയന്ത്രിതവും ചട്ടവിരുദ്ധവുമായ ലോണുകള്‍ നല്കിയതിലൂടെയാണ് പ്രതിസന്ധിയിലായത്. വന്‍തുക വായ്പയെടുത്തവര്‍ തിരികെ അടക്കാതായതോടെ നിക്ഷേപകര്‍ക്ക് ആവശ്യസമയത്ത് പണം ലഭിക്കാതായി. സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ആഴ്ചയില്‍ 2000 രൂപയാണ് പരമാവധി ലഭിക്കുന്ന തുക. 




കഴിഞ്ഞ ഒക്ടോബറില്‍ ഭരണസമിതി അംഗങ്ങള്‍ രാജിവെച്ചിരുന്നു. അഡ്മിന്‌സ്‌ട്രേറ്റീവ് കമ്മറ്റി ചുമതലയേറ്റ് പണംതിരികെ പിടിക്കാന്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ ഇവരെ മാറ്റി 3 അംഗ പുതിയ സമിതിയെ ഏകപക്ഷീയമായ നിയമനം നടത്തിയതായി നിക്ഷേപകര്‍ ആരോപിക്കുന്നു. തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് മാത്രം പണം നല്കുന്നതായും ചെറുകിടക്കാരുടെ വായ്പ തിരികെ പിടിക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ വന്‍കിട വായ്പക്കാരുടെ നേരെ കണ്ണടയ്ക്കുകയാണെന്നും നിക്ഷേപക കൂട്ടായ്മ ആരോപിച്ചു. 




ഓഫീസ് ഉപരോധത്തില്‍ പങ്കെടുത്തവര്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. പണം തിരികെ പിടിക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും തെരഞ്ഞെടുപ്പിന് ശേഷമെ ലേലനടപടികള്‍ നടത്താനാവൂ എന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments