Latest News
Loading...

വോട്ടെടുപ്പിന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജം



ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സജ്ജമായി. പിറവം നിയമസഭ നിയോജകമണ്ഡലം ഒഴികെയുള്ള കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ സ്വീകരണ / വിതരണകേന്ദ്രങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി. എറണാകുളം ജില്ലയിലുൾപ്പെടുന്ന പിറവത്തെ വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ നടപടികൾ ബുധനാഴ്ചയാണ് പൂർത്തിയായത്.

സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് അടക്കം സ്ഥാപിച്ച (കാൻഡിഡേറ്റ് സെറ്റിങ്) വോട്ടിങ് യന്ത്രങ്ങൾ പരിശോധന പൂർത്തിയാക്കി അതത് സ്വീകരണ/വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലേക്കു മാറ്റി സുരക്ഷിതമാക്കി. പോളിങ് ബൂത്തുകളിലേക്ക് യന്ത്രങ്ങൾ വിതരണം ചെയ്യുന്നതിനു മുൻപുള്ള അവസാനഘട്ട സജ്ജീകരണങ്ങളാണ് കാൻഡിഡേറ്റ് സെറ്റിങ്ങിലുള്ളത്.
വോട്ടിങ് യന്ത്രങ്ങൾ ഇനി വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥർക്കു വിതരണം ചെയ്യും.





ബുധനാഴ്ച (ഏപ്രിൽ17) രാവിലെ എട്ടിനാണു വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ/വിതരണകേന്ദ്രങ്ങളിൽ രാഷ്ട്രീയപാർട്ടിപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇ.വി.എം. കമ്മീഷനിങ്് ആരംഭിച്ചത്.  

രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെ പോളിങ് ബൂത്തുകൾക്ക് നിർണയിച്ച ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും വിവിപാറ്റും അടങ്ങുന്ന വോട്ടിങ് യന്ത്രങ്ങൾ അതത്് ബൂത്തുകളുടെ കൗണ്ടറുകളിലെത്തിച്ചു. കൺട്രോൾ യൂണിറ്റിൽ സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവുമുള്ള ലേബൽ ബാലറ്റ് യൂണിറ്റിൽ വച്ച് സീൽ ചെയ്തു. നോട്ടയടക്കം 15 സ്ഥാനാർഥികളുടെ പേര് ഉൾക്കൊള്ളുന്ന ബാലറ്റ് ലേബലാണ് പതിപ്പിച്ചത്. വോട്ടു ചെയ്യുമ്പോൾ സ്ലിപ്പ് പ്രിന്റ് ചെയ്യുന്ന വിധത്തിൽ വിവി പാറ്റ് യന്ത്രങ്ങളിൽ ബാറ്ററി ഇട്ട് സജ്ജമാക്കി. മൂന്നു യൂണിറ്റുകളും ബന്ധിപ്പിച്ചശേഷം ഓരോ സ്ഥാനാർഥിക്കും നോട്ടയ്ക്കും ഓരോ വോട്ടു വീതം ചെയ്ത് കൺട്രോൾ യൂണിറ്റിലെ ഫലവും വിവി പാറ്റിന്റെ പ്രവർത്തനവും കൃത്യമെന്ന് ഉറപ്പാക്കി. 



വോട്ടിങ് യന്ത്രങ്ങൾ സജ്ജമാക്കിയ ശേഷം അഞ്ചുശതമാനം വോട്ടിങ് യന്ത്രങ്ങളിൽ ആയിരം വോട്ടുകൾ വീതം ചെയ്ത മോക്ക് പോൾ നടപടിയും പൂർത്തിയാക്കി. മോക്ക് പോൾ നടപടി പൂർത്തിയാക്കിയ യന്ത്രങ്ങളുടെ മാത്രം ബാറ്ററി മാറ്റി പുതിയവ ഘടിപ്പിച്ചു. ഓരോ പോളിങ് ബൂത്തിലേക്കുമുള്ള കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും വിവി പാറ്റും ഒന്നിച്ചാണു സ്‌ട്രോങ് റൂമിലേക്ക് മാറ്റി നടപടികൾ പൂർത്തിയാക്കിയത്.  

കോട്ടയം നിയമസഭാ നിയോജകമണ്ഡലത്തിലെ സ്വീകരണ-വിതരണകേന്ദ്രമായ എം.ഡി. സെമിനാരി സ്‌കൂളിലും പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ സ്വീകരണ-വിതരണകേന്ദ്രമായ ബേക്കർ സ്‌കൂളിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഇ.വി.എം. കമ്മീഷനിങ് പ്രവർത്തനങ്ങൾ വിലയിരുത്തി. വൈക്കം മണ്ഡലത്തിലെ വിതരണകേന്ദ്രമായ വൈക്കം സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച പൊലീസ് നിരീക്ഷക ഗൗതമി സാലി സന്ദർശിച്ചു.




പാലാ നിയമസഭാ നിയോജകമണ്ഡലത്തിൽ പാലാ സെന്റ് വിൻസെന്റ് പബ്ലിക് സ്്കൂൾ, കടുത്തുരുത്തി മണ്ഡലത്തിൽ കുറവിലങ്ങാട്  ദേവമാതാ കോളജ്, ഏറ്റുമാനൂർ മണ്ഡലത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇ.വി.എം. കമ്മീഷനിങ് നടപടി നടന്നത്. പുതുപ്പള്ളിയിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ സബ് കള്ക്ടർ ഡി. രഞ്ജിത്ത്, കോട്ടയത്ത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ പുഞ്ച സ്‌പെഷൽ ഓഫീസർ എം. അമൽ മഹോശ്വർ, പാലായിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ എസ്.എൽ. സജികുമാർ, കടുത്തുരുത്തിൽ അസിസ്്റ്റന്റ് റിട്ടേണിങ് ഓഫീസറായ ഉഷ ബിന്ദുകുമാരി, വൈക്കത്ത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ്, ഏറ്റുമാനൂരിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ലാൻഡ് റെക്കോഡ്‌സ് ആൻഡ് സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. സതീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കമ്മീഷനിങ്. 

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പൂഞ്ഞാർ മണ്ഡലത്തിലെ കമ്മീഷനിങ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്‌കൂളിലും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലേത് സെന്റ് ഡൊമിനിക്സ് കോളജിലുമാണ് നടന്നത്. മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന  ചങ്ങനാശേരി മണ്ഡലത്തിലെ കമ്മീഷനിങ് ചങ്ങനാശേരി എസ്.ബി. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. കാഞ്ഞിരപ്പള്ളിയിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റും പൂഞ്ഞാറിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ പാല ആർ.ഡി.ഒ. കെ.പി. ദീപയും ചങ്ങനാശേരിയിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ എൽ.എ. ഡെപ്യൂട്ടി കളക്ടർ കെ.റ്റി. സന്ധ്യാദേവിവും കമ്മീഷനിങിന് നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments