Latest News
Loading...

പാലായില്‍ പിണറായിക്ക് ആയിരങ്ങളുടെ വരവേല്‍പ്പ്
 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റ തെരഞ്ഞെടുപ്പു പ്രചരണാര്‍ത്ഥം പാലായില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പാലായില്‍ എല്‍ ഡി.എഫ് പ്രവര്‍ത്തകര്‍ വന്‍ വരവേല്‍പ് നല്‍കി. ഉച്ചകഴിഞ്ഞ് 4.30ന് പാലായില്‍ എത്തിയ പിണയി വിജയനെ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ എം.പി, കേരള കോണ്‍ (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി. എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.തോമസ് ചാഴികാടന്റെ കൈ പിടിച്ച് ഉയര്‍ത്തി സദസ്സിനെ അഭിവാദ്യം ചെയ്തു. മന്ത്രി വി.എന്‍.വാസവനും മുഖ്യമന്ത്രിയോടൊപ്പം എത്തി. മുഖ്യമന്ത്രി എത്തും മുന്‍പ് സി.പി.ഐ നേതാവ് മുല്ലക്കര രത്‌നാകരന്‍ യോഗത്തില്‍ പ്രസംഗിച്ചു.


കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ ആസിയന്‍ കരാര്‍ കൃഷിക്കാരെ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആസിയന്‍ കരാര്‍ ഒപ്പിടും മുന്‍പ് ചര്‍ച്ച ചെയ്യുവാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ഇന്നത്തെ വില തകര്‍ച്ചയ്ക്ക് കാരണം. നല്ല രീതിയില്‍ ജീവിച്ച കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ഇന്നത്തെ രീതിയില്‍ കഷ്ടതയില്‍ ആക്കിയത് കോണ്‍ഗ്രസ് നടപ്പാക്കിയ ആസിയന്‍ കരാര്‍ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തെ ഭരണകൂടം അപകടത്തിലാക്കിയപ്പോഴെല്ലാം ജനങ്ങളുടെ കരുത്ത് പ്രകടിപ്പിച്ചിട്ടുണ്ട്. ജനാധിപത്യത്തെ അപകടപ്പെടുത്തിയപ്പോള്‍ ഇന്ദിര യേയും അവരുടെ പാര്‍ട്ടിയേയും രാജ്യം മുഴുവന്‍ തോല്‍പിച്ചു.


ടയര്‍ കമ്പനികള്‍ 1800 കോടിയാണ് അടിച്ചുമാറ്റിയത്. കോംമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്‍ഡ്യ പറഞ്ഞ പിഴ തുക പിരിച്ചെടുത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യണം എന്ന എല്‍ ഡി എഫ് നിലപാടിന് കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ല. കൃഷിക്കാരോടുള്ള പ്രതിബന്ധതയുടെ ഭാഗമായാണ് 180 രൂപ തറവില പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്ക് 250 രൂപ ലഭിക്കണമെന്നുള്ള ന്യായമായ നിലപാടിന് കേന്ദ്ര സര്‍ക്കാര്‍ നിഷേധനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തോമസ് ചാഴികാടനും ആലപ്പുഴ എം.പി ആരിഫിന്റെ ശബ്ദവുമാണ് ജനകീയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ മുഴങ്ങി കേട്ടത്.

ക്ഷേമ പെന്‍ഷനായി ഒരു വര്‍ഷം 18000 കോടിയാണ് കേരളം ചിലവഴിക്കുന്നത്. കേരളത്തിന്റെ സഹായ അഭ്യര്‍ത്ഥനങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നതേ ഇല്ല. അര്‍ഹതപ്പെട്ട നികുതി വിഹിതം പോലും കേന്ദ്രം നല്‍കുന്നില്ല. സംഘ പരിവാറിന് കേരളത്തില്‍ പിന്തുണ ലഭിക്കുന്നില്ല. എല്ലാവരും സോദരേ ന വാഴുന്ന കേരളത്തില്‍ വെറുപ്പിന്റെ നയവുമായി പോകുന്ന സംഘ പരിവാറിനെ കേരളം തളളിക്കളയുകയാണ്. ആശയ വ്യക്തത നിലപാടിന്റെ തെളിവാണ്. നിലപാട് ഉള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്. രാത്രിയില്‍ ഉറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നേരം വെളുത്തപ്പോള്‍ ബി.ജെ.പി. ഇതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ചാഴികാടന്‍ ഒരു വിധത്തിലും കളങ്കിതനായിട്ടില്ലാത്ത വ്യക്തിയാണ്. നിലപാടില്‍ ഉറച്ച നിന്ന വ്യക്തിത്വം. രണ്ടിലയില്‍ വോട്ട് ചെയ്ത് വലിയ ഭൂരിപക്ഷത്തില്‍ ചാഴികാടനെ വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യോഗത്തില്‍ ലാലിച്ചന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. മുല്ലക്കര രത്‌നാകരന്‍, ജോസ്.കെ.മാണി എം.പി., മുന്‍ മന്ത്രി പി.സി.ചാക്കോ, ലതികാ സുഭാഷ്, കെ.അനില്‍കുമാര്‍, എല്‍.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു, നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ എന്നിവരും പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   
Post a Comment

0 Comments