പാരമ്പര്യവും ആചാരനുഷ്ഠാനങ്ങളും ഒത്തു ചേരുന്ന വിശുദ്ധ ഗീർവർഗീസ് സഹദായുടെ തിരുനാളിന് പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി. മുത്തുകുടകളാലും കൊടി തോരണങ്ങളാലും വൈദ്യൂത ദീപങ്ങളാലും പള്ളിയും പരിസരവും പ്രദക്ഷിണ വീഥികളും വർണ്ണാഭമായി.
ഏപ്രിൽ 22 ന് വൈകുന്നേരം 5.45ന് കൊടിയേറുന്നതോടെ തിരുന്നാൾ ആഘോഷം ആരംഭിക്കും. 6 മണിക്ക് പുറത്തു നമസ്കാരം. തുടർന്ന് 6.30ന് 101 പൊൻകുരിശുമേന്തി വടക്കേക്കര കുരിശുപള്ളിയിലേക്ക് നഗരപ്രദക്ഷിണം. പള്ളിയിൽ നിന്ന് ഈരാറ്റുപേട്ട ടൗണിലുടെ വടക്കേക്കര കുരിശുപള്ളിയിൽ എത്തി തിരിച്ച് പള്ളിയിൽ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം ക്രമികരിച്ചിരിക്കുന്നത്. നഗര പ്രദ ക്ഷിണത്തിൽ ഇടവക ജനങ്ങളോടൊപ്പം തൊട്ടടുത്ത ഇടവകകളിൽ നിന്നും വിശ്വാസ സമൂഹം പങ്കെടുക്കും. ദൈവീക വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്നതിനും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നതിനും വേണ്ടിയാണ് നഗരപ്രദക്ഷിണം സംഘടിപ്പിച്ചിരിക്കുന്നത്. ഈരാറ്റുപേട്ട നഗരസഭയുടെ സഹകരണവും മുനിസിപ്പൽ അധികൃതരുടെ സഹായവും സാന്നിധ്യവും നഗര പ്രദക്ഷിണത്തിൻ്റെ സുഗമമായ നടത്തിപ്പിനുണ്ട്. ഏപ്രിൽ 23, 24, 25 തീയതികളിലാണ് തിരുനാൾ ആഘോഷം.
വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസി. വികാരിമാരായ ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, ഫാ. ജോസഫ് കദളിയിൽ, ഫാ. ഫ്രാൻസീസ് മാട്ടേൽ, ഫാ. എബ്രാഹം കുഴിമുള്ളിൽ, ഫാ. ബിജു കുന്നക്കാട്ട്, കൈക്കാരന്മാരായ തോമസ് കുന്നയ്ക്കാട്ട്, ജോസ്കുട്ടി കരോട്ടുപുള്ളോലിൽ, പ്രിൻസ് പോർക്കാട്ടിൽ, ടോം പെരുനിലം, ജനറൽ കൺവീനർ അരുൺ താഴ്ത്തുപറമ്പിൽ, ഡോ. റെജി വർഗീസ് മേക്കാടൻ, ചാക്കോച്ചൻ പ്ലാത്തോട്ടം, ജോജി തടിക്കൽ, ജോർജ് മൂഴിയാങ്കൽ, ജോസ് വയമ്പോത്തനാൽ, ഡെന്നീസ് മേക്കാട്ട്, സാബു പ്ലാത്തോട്ടം, ജോൺസൺ ചെറുവള്ളിൽ
തുടങ്ങിയവർ നേതൃത്വം നൽകും.
ഏപ്രിൽ 23ന് രാവിലെ 9.30 ന് തിരുസ്വരുപ പ്രതിഷ്ഠ. 10 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാനയും ഉച്ചകഴിഞ്ഞ് 4.30 ന് സിറോ മലബാർ സഭ കൂരിയാ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ വി.കുർബാനയും അർപ്പിക്കും. 6 ന് തിരുന്നാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 24 ന് രാവിലെ 8ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുർബാന. 10.30 ന് സീറോ മലബാർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ തിരുനാൾ റാസ. തുടർന്ന് പകൽ പ്രദക്ഷിണം. 25 ന് ഇടവകക്കാരുടെ തിരുന്നാൾ. വൈകുന്നേരം 7 ന് തിരുസ്വരുപ പുനപ്രതിഷ്ഠ. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30 നും 6.45 നും 8 നും 9.15നും 10.30നും 12 നും 1.30 നും 2.45 നും 4 നും 5.30നും വിശുദ്ധ കുർബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. മെയ് രണ്ടിന് തിരുനാൾ സമാപിക്കും.
തീർഥാടകരുടെ വാഹനങ്ങൾക്ക് പള്ളി മൈതാനം, സെൻ്റ് ജോർജ് ഹയർ സെക്കൻഡറി/ ഹൈസ്കൂൾ മൈതാനം, കുറ്റിയാനിപ്പറമ്പ് എന്നിവിടങ്ങളിൽ പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്. 22,23,24 തീയതികളിലെ തിരുക്കര്‍മ്മങ്ങള്‍ മീനച്ചില്‍ന്യൂസിന്റെ ഫേസ്ബുക്ക് പേജിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments