Latest News
Loading...

പൊടി തിന്ന് മടുത്തു. ഇനി ചെളി



പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ കലുങ്ക് നിര്‍മ്മാണം ഇഴയുന്നതോടെ ജനം ദുരിതത്തില്‍. മാസങ്ങളായി തുടരുന്ന നിര്‍മാണം നീളുന്നതോടെ പൊടി ശല്യത്തിന് പുറമെ മഴ പെയ്തതോടെ വെള്ളക്കെട്ടും രൂപപ്പെട്ടു. സമീപത്തെ കടയ്ക്ക് മുന്നിലൂടെയാണ്  ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇത് വ്യാപാരികള്‍ക്കും ദുരിതമാവുകയാണ്. 




വര്‍ഷക്കാലത്ത് പള്ളിക്ക് മുന്‍ഭാഗത്ത് പ്രധാന റോഡില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് കലുങ്ക് വീതികൂട്ടി ഉയര്‍ത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂലൈ അവസാനവാരം ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 8  മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല. 



കലുങ്കുകള്‍ കോണ്‍ക്രീറ്റ് ചെയ്ത് കഴിഞ്ഞെങ്കിലും അനുബന്ധ  പണികളെല്ലാം മന്ദഗതിയിലാണ് നീങ്ങുന്നത്. 2 വശങ്ങളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച് വാഹനം കടത്തിവിട്ടെങ്കിലും റോഡ് ഉയര്‍ത്താനുള്ള നടപടി വൈകുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാത്തത്തില്‍ നിരവധി കുഴികളിലൂടെ വാഹനങ്ങള്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങളിലേക്കടക്കം പൊടി പറക്കുന്നതും നിത്യ സംഭവമാണ്. 




കഴിഞ്ഞ വ്യാഴാഴ്ച അനുഭവപ്പെട്ട സാമാന്യം ശക്തമായ മഴ ഇത് വഴിയുള്ള യാത്ര കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കി.  ഒരു ഭാഗം പൂര്‍ണ്ണമായും ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവത്ത വിധത്തിലാണ് വെള്ളക്കെട്ട്. പനച്ചികപ്പാറ ഭാഗത്ത് നിന്നും രാത്രിയില്‍ എത്തിയ വാഹനങ്ങള്‍ ഈ വെള്ളക്കെട്ടില്‍ വന്ന് ചാടുകയും ചെയ്തു. വലിയ വാഹനങ്ങള്‍ പോലും ടയര്‍ മൂടുന്ന തരത്തില്‍ ആഴത്തിലായിരുന്നു വെള്ളം. ഇതോടെ വാഹനങ്ങള്‍ പള്ളിയുടെ എതിര്‍വശത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലൂടെ കടന്നുപോകുന്നത് പതിവാക്കി. വ്യാപാര സ്ഥാപനത്തിന്റെ മുന്‍പിലും ഇതോടെ  ചെളി രൂപപെട്ടിട്ടുണ്ട്. 

   
കഴിഞ്ഞ വര്‍ഷം നിര്‍മാണം ആരംഭിച്ചപ്പോഴത്തെ ചിത്രം

1.80 കോടി രൂപയുടെ ബി.സി ഓവര്‍ലേ വര്‍ക്ക് കൂടി ഈ റോഡില്‍ നടക്കാനുണ്ട്. കലുങ്ക് പൂര്‍ത്തീകരിച്ചശേഷം ടാറിംഗ് എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. 2021ലെ പ്രളയത്തില്‍ കെഎസ്ആര്‍ടിസി ബസ് വെള്ളത്തില്‍ മുങ്ങിയതും ഇതേ  സ്ഥലത്താണ്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments