ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന്, സിനിമാഗാനവും കേട്ട് ഇല്ലിക്കൽ കല്ലിലേക്ക് ഒരു യാത്ര പോയാലോ ? അതൊരു പ്രത്യേക വൈബ് ആയിരിക്കും. മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര എന്ന് പറഞ്ഞതുപോലെ സ്വകാര്യ ബസ്സിൽ ഇല്ലിക്കൽ കല്ലിലേക്ക് ഒരു യാത്ര എന്ന അനുഭവം യാഥാർത്ഥ്യമാവുകയാണ്. ഇല്ലിക്കൽകല്ലുമായി ബന്ധിപ്പിച്ച് കാഞ്ഞിരംകവല പാലാ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും.
കുഴിത്തോട്ട് ഗ്രൂപ്പാണ് പഞ്ചായത്തിലെ കാഞ്ഞിരംകവലയെയും പാലായെയും ബന്ധിപ്പിച്ചു ബസ് സർവീസ് ആരംഭിക്കുന്നത്. വ്യാഴാഴ്ച രാവിലെ 10ന് കാഞ്ഞിരംകവലയിൽ മാണി സി കാപ്പൻ എംഎൽഎ പുതിയ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. പഴുക്കാക്കാനം , മങ്കൊമ്പ് ടെമ്പിൾ, ഈരാറ്റുപേട്ട വഴി സർവീസ് പാലായിലെത്തും.
പഴുക്കാക്കാനത്തു നിന്നും ഒന്നര കിലോമീറ്റർ മാത്രമാണ് ഇല്ലിക്കൽ കല്ലിലേക്ക് ഉള്ളത്. ശനി, ഞായർ ദിവസങ്ങളിൽ സഞ്ചാരികൾക്കായി ബസ് ഇല്ലിക്കൽ കല്ലിലെ പാർക്കിംഗ് ഗ്രൗണ്ട് വരെയും എത്തും.
ബസിൽ എത്തി ഇല്ലിക്കനെ കണ്ട് ബസ്സിൽ തന്നെ മടങ്ങാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നത്. പാലായിൽ നിന്നും 7.57, 12.20, 4.50 എന്നീ സമയങ്ങളിലും കാഞ്ഞിരം കവലയിൽ നിന്നും രാവിലെ 5.30, 10.05, 2.40 എന്നീ സമയങ്ങളിലുമാണ് ട്രിപ്പ് ആരംഭിക്കുന്നത്. ബസ് സർവീസ് ആരംഭിക്കുന്നതോടെ പഴുക്കാക്കാനം മേഖലയിലെ യാത്ര ക്ലേശത്തിനും പരിഹാരമാകും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments