Latest News
Loading...

പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടതായി പരാതി



വീടുകളിൽ നിന്നും 50 രൂപ യൂസർ ഫീ വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് കുഴിച്ചിട്ടതായി പരാതി. മൂന്നിലവ് പഞ്ചായത്തിലെ കളത്തൂക്കടവിലാണ് സംഭവം. മാലിന്യങ്ങൾ കുഴിച്ചിട്ട സംഭവം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസി കളക്ടർക്കും ആർ ഡി ഒ യ്ക്കും പരാതി നൽകി.



മൂന്നിലവ് പഞ്ചായത്ത് പതിനൊന്നാം വാർഡ് കളത്തൂക്കടവിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന കുടുംബ ക്ഷേമ കേന്ദ്രത്തിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കുടുംബക്ഷേമ കേന്ദ്രത്തിന് പിൻവശത്തായാണ് എം സി എഫ് സ്ഥാപിച്ച് ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്നത്. 

മാലിന്യം കുഴിച്ചിട്ടു എന്ന് പറയപ്പെടുന്ന മുറ്റം


മൂന്ന് എംസിഎഫുകളിലും കെട്ടിടത്തിന്റെ പിൻവശത്തുമായാണ് ചാക്കുകളിൽ ആക്കി മാലിന്യങ്ങൾ സൂക്ഷിച്ചിരുന്നത്. മുറ്റത്തിന് സംരക്ഷണഭിത്തി നിർമ്മിച്ചപ്പോൾ ഉണ്ടായ വലിയ കുഴിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി മണ്ണിട്ട് മൂടിയതായാണ് പ്രദേശവാസിയായ ജോൺസൺ പരാതി നൽകിയത്. 




മാലിന്യം മൂടിയത് ചട്ടവിരുദ്ധവും മീനച്ചിലാർ മലിനപ്പെടുന്നതിന് കാരണമാകുമെന്നും ജോൺസൺ പരാതിയിൽ പറയുന്നു. ആശുപത്രിക്ക് പിന്നിൽ മാലിന്യങ്ങൾ കത്തിച്ചതായും പരാതിയുണ്ട്. ശനിയാഴ്ച ടൈൽ ഇറക്കി കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റം ടൈൽ പാകുകയും ചെയ്തു. ഇത് മാലിന്യം മൂടിയത് കണ്ടെത്താതിരിക്കാൻ ആണെന്നാണ് ജോൺസൺ പറയുന്നത്. 

ആശുപത്രി മുറ്റം ടൈൽ വിരിച്ചപ്പോൾ 


അതേസമയം ആരോപണം തികച്ചും അടിസ്ഥാന രഹിതം ആണെന്ന് പഞ്ചായത്ത് അധികാരികൾ പറഞ്ഞു. കുടുംബക്ഷമകേന്ദ്രം ഇത്തവണ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുണ്ട്. ഇവിടം സന്ദർശിച്ച ഉദ്യോഗസ്ഥർ മാലിന്യം ഇവിടെ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നരിമറ്റത്തുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിയതായും കുഴിച്ചിട്ടിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റും ഹരിത കർമ്മ സേന അംഗവും പറഞ്ഞു. ക്ലീൻ കേരള കമ്പനിക്ക് വിറ്റ് പണം ലഭിക്കുന്ന മാലിന്യം എന്തിന് കുഴിച്ച് മൂടണം എന്നും ഇവർ ചോദിക്കുന്നു.

സംഭവത്തിൽ പരാതി ലഭിച്ചതായി പാലാ ആർഡിഒ  ദീപ പറഞ്ഞു. വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം തുടർന്ന് നടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ ടൈൽ മാറ്റി പരിശോധന നടത്തുമെന്നും RDO അറിയിച്ചു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments