പുലിയന്നൂരില്‍ ഏര്‍പ്പെടുത്തിയ ട്രാഫിക് പരിഷ്‌കാരത്തിന് ഒരാഴ്ച പോലും ആയുസുണ്ടായില്ല. മരിയന്‍ ബസ് സ്‌റ്റോപ്പ് ഒഴിവാക്കി നടപ്പാക്കിയ പരിഷ്‌കാരത്തിനെതിരെ നാനാ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെ സ്വകാര്യ ബസുകള്‍ പഴയ വഴിയിലൂടെ തന്നെ തിരിച്ചുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. സെന്റ് തോമസ് കോളേജ് ഭാഗത്ത് വാഹനങ്ങള്‍ മരിയന്‍ ഭാഗത്തേയ്ക്ക് കടക്കാതെ സ്ഥാപിച്ച റിബണുകള്‍ മുറിച്ചുമാറ്റി. ബസുകള്‍ പഴയ പടി തന്നെ കടത്തിവിട്ടുതുടങ്ങി. അതേസമയം ഏറ്റുമാനൂര്‍ ഭാഗത്ത് നിന്നും വണ്‍വേ ആയി വേണം വാഹനങ്ങള്‍ കടന്നുപോകേണ്ടത്. പുലിയന്നൂര്‍ പാലം ജംഗ്ഷനില്‍ നടപ്പാക്കിയ താത്കാലിക ട്രാഫിക് ക്രമീകരണത്തില്‍ ഭേദഗതി വരുത്താന്‍ അധികാരികള്‍ നിര്‍ബന്ധിതരായി എന്നതാണ് വാസ്തവം.
പാലാ ഭാഗത്തേയ്ക്കുള്ള മരിയന്‍ ബസ് സ്റ്റോപ്പ് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. പുലിയന്നൂര്‍ പാലത്തില്‍ ഉള്ള കോണ്‍ക്രീററ് പാരപ്പെറ്റ് നീക്കം ചെയ്ത് ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ താത്കാലിക റൗണ്ടാന തയ്യാറാക്കി ഗതാഗതക്രമീകരണം നടപ്പാക്കും.
പുതിയ ജംഗ്ഷന്‍ ഡിസൈന്‍ ലഭിക്കുന്ന മുറയ്ക്ക് സ്ഥിരം റൗണ്ടാനയും ഡിവൈഡറും നിര്‍മ്മിക്കും. പുലിയന്നൂര്‍ ജംഗ്ഷന്‍ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭാഗത്ത് താത്കാലിക ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും ബസ് സ്റ്റോപ്പ് ഇല്ലാതായതിനെ തുര്‍ന്നുള്ള പരാതികള്‍ പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ ചില ഭേദഗതികള്‍ നടപ്പാക്കിയിരിക്കുന്നതെന്നും ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പറഞ്ഞു.
അടിക്കടിയുള്ള മാറ്റങ്ങള്‍ വാഹനയാത്രക്കാരെയും സംശയത്തിലാക്കുന്നുണ്ട്. ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും എല്ലാ ദിവസങ്ങളിലും നിരവധി വാഹനങ്ങളാണ് പുതിയ ക്രമീകരണങ്ങള്‍ മനസിലാക്കാതെ പഴയ രീതിയിലൂടെ കടന്നുപോയത്. സ്ഥിരമായി 2 ഇടത്തെങ്കിലും ഗതാഗത നിയന്ത്രണത്തിന് പോലീസ് ഉണ്ടെങ്കിലേ ആളുകള്‍ സഹകരിക്കൂ എന്നായിരുന്നു നില. എന്നാല്‍ ക്രമീകരണം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് ആണ് സൃഷ്ടിച്ചത്. പാലാ ടൗണ്‍ ഭാഗത്ത് നിന്നും ബസിലെത്തുന്ന രോഗികള്‍ക്ക് പുലിയന്നൂര്‍ ജംഗ്ഷനില്‍ ബസിറങ്ങി റോഡ് മുറിച്ച് നടക്കേണ്ടിവന്നത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments