Latest News
Loading...

തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു



മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്നവര്‍ക്കുള്ള കൂലിയില്‍ വര്‍ദ്ധനവ് വരുത്തി കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലായി മൂന്ന് മുതല്‍ 10 ശതമാനം വരെയാണ് നിരക്ക് വര്‍ദ്ധിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് ആയി പ്രഖ്യാപിച്ച വര്‍ദ്ധനമാണിത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. കേരളത്തില്‍ ഇത് പ്രകാരം 333 രൂപയായിരുന്നത് 346 ആയി ഉയരും. 


വേതന നിരക്കില്‍ മൂന്ന് ശതമാനം വര്‍ദ്ധനവ് ലഭിച്ച ഉത്തര്‍പ്രദേശും ഉത്തരഖണ്ഡുമാണ് ഏറ്റവും പിന്നില്‍. 10.6% നിരക്ക് ലഭിച്ച ഗോവയാണ് മുന്നില്‍. ഗോവയില്‍ 322 രൂപയായിരുന്ന കൂലി 356 ആയി ഉയരും. ഹരിയാനയില്‍ 374ഉം കര്‍ണാടകയില്‍ 349ഉം ആണ് പുതുക്കിയ കൂലി.  തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമീണ വികസന മന്ത്രാലയം അനുമതി തേടിയിരുന്നു. പുതുക്കിയ നിരക്ക് പ്രഖ്യാപിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുമതി നല്കുകയായിരുന്നു. 




2023 മാര്‍ച്ച് 24 ആയിരുന്നു അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. അന്ന് രണ്ട് ശതമാനം മുതല്‍ 10 ശതമാനം വരെയായിരുന്നു വര്‍ദ്ധനവ്. അന്ന് രാജസ്ഥാനിലായിരുന്നു ഏറ്റവും കൂടുതല്‍ തുക വര്‍ദ്ധിപ്പിച്ചത്. 231 രൂപയായിരുന്നു 255 രൂപയായി ഉയര്‍ത്തുകയായിരുന്നു. 

ഈ വര്‍ഷം ആദ്യം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ ലഭിക്കുന്ന കൂലി ഉയര്‍ന്ന ജീവിത നിലവാരം അനുസരിച്ചുള്ളതല്ലെന്നും വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കുന്ന മിനിമം കൂലി 375 ആയി നിജപ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര ബജറ്റില്‍ 86,000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments