Latest News
Loading...

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഡിജിറ്റൽ റീസർവ്വേയ്ക്ക് തുടക്കം കുറിച്ചു.




 എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്ന റവന്യൂ വകുപ്പ് സംസ്ഥാനത്തെ മുഴുവൻ ഭൂമികളും ഡിജിറ്റൽ റീസർവ്വേ നടത്തി അതിരുകളും, വിസ്തീർണ്ണവും, ഉടമസ്ഥതയും വ്യക്തത വരുത്തി മുഴുവൻ ഭൂമിയുടെയും വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഡിജിറ്റൽ റീസർവ്വേ നടപടികൾക്ക് പൂഞ്ഞാർ നടുഭാഗം വില്ലേജിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ച് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഡിജിറ്റൽ സർവേ നടപടികൾ കേന്ദ്രീകരിക്കുന്നതിനുള്ള ക്യാമ്പ് ഓഫീസ് പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസിൽ ആരംഭിച്ചു. ഉദ്ഘാടന സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിലും നടന്നു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ എസ്. വിനോദ് പദ്ധതി വിശദീകരണം നടത്തി. മീനച്ചിൽ താലൂക്ക് ഭൂരേഖ തഹസിൽദാർ സുനിൽകുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ റെജി ഷാജി, കെ.ആർ മോഹനൻ നായർ, നിഷാ സാനു, ബീന മധുമോൻ, റോജി തോമസ്,ബിനോയി ജോസഫ്, മിനിമോൾ ബിജു, മേരി തോമസ്, ബിന്ദു അജി റവന്യൂ ഉദ്യോഗസ്ഥരായ ഷൈലമ്മ തോമസ്, സോണിയ ജോസഫ്, സജയകുമാർ, കെ. ജെ ബെന്നി, ഫാന്റിൻ കൊർണേലിയസ് തുടങ്ങിയവർ പ്രസംഗിച്ചു.

 

ഡിജിറ്റൽ റീസർവ്വേയ്ക്ക് വേണ്ടി പ്രത്യേകമായി സജ്ജമാക്കിയിട്ടുള്ള സാങ്കേതിക സംവിധാനങ്ങൾ ആയ 
ആർ. റ്റി. കെ, ആർ.ഇ. റ്റി. എസ്., സി.ഓ. ആർ.എസ് എന്നീ സൗകര്യങ്ങൾ ഉപയോഗിച്ച് ഡ്രോൺ സംവിധാനത്തിലൂടെയാണ് ഡിജിറ്റൽ റീസർവേ നടത്തുക. ഡിജിറ്റൽ റീസർവ്വേയിലൂടെ ഓരോ വ്യക്തിയുടെയും അധീനതയിലുള്ള ഭൂമി വിസ്തീർണ്ണം, അതിർത്തി എന്നിവ കൃത്യമായി കണ്ടെത്തി രേഖപ്പെടുത്തും. കൂടാതെ റവന്യൂ വകുപ്പിന്റെ റെലീസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവ്വേ ഡിപ്പാർട്ട്മെന്റിന്റെ ഇ-മാപ്പ് എന്നീ ആപ്ലിക്കേഷനുകൾ ഏകോപിപ്പിച്ച് എന്റെ ഭൂമി എന്ന പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ഇപ്രകാരം ഡിജിറ്റൽ സർവേ പൂർത്തീകരിക്കുന്നതോടുകൂടി സ്വകാര്യ ഭൂമി, റവന്യൂ ഭൂമി, വനഭൂമി എന്നിവയെല്ലാം കൃത്യമായി വ്യക്തതയോടെ കൂടി തിരിച്ചറിയാൻ കഴിയും. 




പൊതു ഭൂമി കയ്യേറ്റം, അതിർത്തി തർക്കം തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിധിവരെ ശാശ്വത പരിഹാരം കണ്ടെത്താനും കഴിയും. പട്ടയ നടപടികൾ വേഗത്തിലാക്കി കൈവശ ഭൂമിയുടെ ഉടമകൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടിക്രമങ്ങളും ത്വരിതപ്പെടുത്താൻ കഴിയും. 1990കളിൽ നടപ്പിലാക്കിയ റീസർവ്വേ പ്രവർത്തികൾ ഇനിയും പൂർത്തീകരിക്കാത്ത പ്രദേശങ്ങളിലും ഡിജിറ്റൽ റീസർവേയിലൂടെ ഭൂമിയുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തപ്പെടും. പൂഞ്ഞാർ നടുഭാഗം വില്ലേജിന് ശേഷം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മറ്റ് വില്ലേജുകളിലും ഡിജിറ്റൽ റിസർവേ നടത്തുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ കൂട്ടിച്ചേർത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments