Latest News
Loading...

വൈദികനെ വാഹനമിടിച്ച സംഭവത്തില്‍ 6 പേര്‍ കസ്റ്റഡിയില്‍



പൂഞ്ഞാര്‍ ഫൊറോന പള്ളി ഗ്രൗണ്ടില്‍ വൈദികനെ വാഹനമിടിച്ച സംഭവത്തില്‍ 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എല്ലാവരും 18 വയസില്‍ താഴെയുള്ളവരാണ്. സ്‌കൂളില്‍ പരീക്ഷയ്ക്ക് ശേഷമാണ് സംഘം പള്ളിമുറ്റത്തെത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഒരു ഇന്നോവയും സ്വിഫ്റ്റ് കാറും ഇതില്‍പ്പെടും. ലൈസന്‍സില്ലാതെയായിരുന്നു ഇവരുടെ പ്രകടനം. 






വെള്ളിയാഴ്ച പകല്‍ 1.30 ഓടെയാണ് സംഭവം. യുവാക്കള്‍ പള്ളിമുറ്റത്തുകൂടി കാര്‍ അമിതവേഗത്തിലും ഒച്ചയിലും അഭ്യാസപ്രകടനം നടത്തുന്നത് കണ്ട വൈദികന്‍ ഇവരോട് പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ ആരാധന നടക്കുന്നുണ്ടെന്നും യുവാക്കളോട് വൈദികന്‍ അറിയിച്ചു. എന്നാല്‍ പുറത്തുപോകുവാന്‍ തയ്യാറാകാതെ വന്നപ്പോള്‍ വൈദികന്‍ ഗേറ്റ് അടക്കുവാന്‍ ശ്രമിച്ചു. ഇതിനിടെ ആദ്യമെത്തിയ ബൈക്ക് വൈദികന്റെ കൈയില്‍ ഇടിക്കുകയും പിന്നാലെയെത്തിയ കാര്‍ വൈദികനെ ഇടിച്ചിടുകയും ചെയ്തു. 



ഉടന്‍ തന്നെ വൈദികനെ പൂഞ്ഞാര്‍ തെക്കേക്കര കുടുംബരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും തുടര്‍ചികിത്സക്കായി ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയയും ചെയ്തു. പള്ളിയില്‍ കൂട്ട മണി അടിച്ചതോടെ വിശ്വസികള്‍ പള്ളിയിലെത്തുകയും തുടര്‍ന്ന് വൈദ്യകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷേധ പ്രാകടനം പള്ളി മുറ്റത്ത് അവസാനിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വികാരി ഫാ.മാത്യു കടുക്കകുന്നേല്‍, റെവ.ഡോ.ജോര്‍ജ് വര്‍ഗീസ്, ഫാ.ജോയി നിരപ്പേല്‍ എന്നിവര്‍ സംസാരിച്ചു.  




പാലാ ഡി വൈ എസ് പി പി കെ സദന്‍, ഈരാറ്റുപേട്ട എസ്എച്ച്ഒ. പി എസ് സുബ്രഹ്‌മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു. പള്ളിയിലെ നിരീക്ഷണ കാമറകള്‍ സംഭവസമയം ഓഫ് ആയിരുന്നെന്ന് പോലീസ് പറഞ്ഞു. നാല് കാറുകളുടെ പടം പോലീസിന് നാട്ടുകാര്‍ കൈമാറി. 



സംഭവത്തെ തുടര്‍ന്ന് പൂഞ്ഞാര്‍ ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം മണിക്കുറോളം സ്തംഭിച്ചു. അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍എ, ആന്റോ ആന്റണി എം പി, പൂഞ്ഞാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു, മുന്‍ എം എല്‍എ പി സി ജോര്‍ജ് , പഞ്ചായത്തംഗം റോജി താേമസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments