Latest News
Loading...

അധ്യാപക സമൂഹത്തിന് ആവേശം പകർന്ന ഫാ. ബർക്കുമാൻസ്



പാലാ രൂപതയിലെ അധ്യാപകരുടെ ഇടയ ശ്രേഷ്ഠൻ ബെർക്കുമാൻസച്ചനെക്കുറിച്ച് പറഞ്ഞാൽ ഏവർക്കും നൂറുനാവാണ്. എത്ര പറഞ്ഞാലും മതി വരില്ല. അത്രയ്ക്ക് സ്നേഹസമ്പന്നമായിരുന്നു അദ്ദേഹത്തിൻെറ ഓരോ പ്രവർത്തനങ്ങളും. കഴിഞ്ഞ ഏഴു വർഷക്കാലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിക്ക് സമർത്ഥമായ നേതൃത്വം നൽകിയ ബർക്കുമാൻസച്ചൻ പുതിയ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് രാമപുരം സെൻറ് അഗസ്റ്റിൻസ്പള്ളിയുടെ വികാരിയായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്. രൂപതയിലെ അധ്യാപകർക്കും അനധ്യാപകർക്കും അദ്ദേഹം എന്നും ഒരു നല്ല ഇടയനായിരുന്നു .

  
 


നിയമന പ്രശ്നങ്ങളാൽ നീറി നിന്ന നാളുകളിൽ ആയിരുന്നു അച്ചൻ കോർപറേറ്റ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. അന്നു മുതൽ അധ്യാപകരുടെ ഓരോ പ്രശ്നങ്ങൾക്കും കണ്ണും കാതും കൊടുത്തുകൊണ്ട് പ്രശ്നപരിഹാരത്തിനായി അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരുന്നു. നിയമനാംഗീകാരം ലഭിക്കാതെ കഷ്ടപ്പെട്ടവർക്ക് ശരിക്കും അത്താണിയായിരുന്നു ബെർക്കുമാൻസച്ചൻ. അവരുടെ ആവശ്യങ്ങൾക്കു വേണ്ടി കഠിനമായി അദ്ധ്വാനിച്ചു.

 നിവേദനങ്ങളുമായി അധികാരികളുടെ സമക്ഷത്തും സമരം ചെയ്തവർക്ക് ഒപ്പം നിന്ന് പോരാടിയും അച്ചൻ നടത്തിയ പ്രവർത്തനങ്ങൾ അധ്യാപക സമൂഹത്തിന് നൽകിയ ആവേശം വളരെ വലുതായിരുന്നു. 2021-ൽ നിയമന അംഗീകാരത്തിനായി അധ്യാപകർ സംസ്ഥാന വ്യാപകമായി ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ നടത്തി വിജയംവരിച്ച സമരത്തിന് പ്രാരംഭം കുറിച്ചത് അച്ചനായിരുന്നു. ബർക്കുമാൻസ് എന്നാൽ എന്തിനെയും അതിജീവിക്കുന്നവൻ എന്നാണ് അർത്ഥം. തന്റെ പേരിനെ അന്വർത്ഥമാക്കുന്ന രീതിയിലുള്ള പ്രവർത്തന ശൈലിക്ക് ഉടമയായിരുന്നു അദ്ദേഹം എന്നത് മറ്റൊരു യാഥാർത്ഥ്യം.



അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മാത്രമല്ല ഓരോരുത്തരുടെ വിഷമങ്ങളിലും സങ്കടങ്ങളിലും അവരുടെ കണ്ണുനീരൊപ്പാൻ ബെർക്കുമാൻസച്ചൻ എന്നും അവരോടൊപ്പം ഉണ്ടായിരുന്നു. എല്ലാവരേയും കേൾക്കാനും ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകാനും സാധിക്കുന്ന സഹായം ചെയ്തു കൊടുക്കാനും സാധിക്കാത്ത കാര്യങ്ങളിൽ വ്യക്തമായ കാരണങ്ങൾ ബോദ്ധ്യപ്പെടുത്താനുമുളള വലിയ മനസ്സിൻ്റെ ഉടമയാണ് അദ്ദേഹം.  

വേദനിക്കുന്നവരുടെ പക്ഷത്ത് നിലയുറപ്പിച്ച പുരോഹിതനായിരുന്നു. വീട് ഇല്ലാത്തവർക്ക് വീട് ഉണ്ടാക്കി നൽകുന്നതിനും കൂട്ടിക്കലിൽ ദുരന്തം ഉണ്ടായപ്പോൾ അധ്യാപകരെ സംഘടിപ്പിച്ചു സഹായവുമായി ഓടിയെത്തുന്നതിലും പാവങ്ങൾക്ക് കൈത്താങ്ങായി ആംബുലൻസ് വാങ്ങി നൽകുന്നതിലുമൊക്കെ ശ്രദ്ധ പുലർത്തിയ വൈദികനാണ് അദ്ദേഹം.

2021-ൽ കെ സി ബി സി യുടെ മികച്ച കോർപറേറ്റിനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വർഷം പാലാ കോർപ്പറേറ്റിലെ സ്കൂളുകളിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയത്തിലെത്തിച്ചു. രൂപതയിലെ പല വലിയ ഉത്തരവാദിത്വങ്ങളും മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ദേഹത്തെ ഏൽപ്പിച്ചിരുന്നു.



1958 മാർച്ച് 17 ന് അന്തിനാട് കുന്നുംപുറം തോമസിന്റെയും ത്രേസ്യാമ്മയുടെ മകനായി ജനിച്ചു.
1984 ഡിസംബർ 26 ന് പൗരോഹിത്യം സ്വീകരിച്ചു. പാലാ രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും വിവിധ സ്കൂളുകളിൽ അധ്യാപകനായും ജോലി ചെയ്തു. 2012-ൽ പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ആയിരിക്കെ സർവീസിൽ നിന്ന് വിരമിച്ചു. 2 വർഷക്കാലം ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടറായും പ്രവർത്തിച്ചു.

സീറോ മലബാർ സഭയുടെ സിനഡൽ കമ്മീഷൻ ഫോർ എഡ്യൂക്കേഷൻ സെക്രട്ടറി, പി എസ് ഡബ്ലിയു എസ് എക്സിക്യൂട്ടീവ് സെക്രട്ടറി, എ ഡി സി പി ഡയറക്ടർ, സേവ് എൻവെയോൺമെൻറ് അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.


കലുഷിതമായ പ്രശ്നങ്ങൾ എല്ലാം സൂക്ഷ്മമായി പഠിക്കാനും കൃത്യമായി പരിഹരിക്കാനുമുള്ള ബർകുമാൻസ് ടച്ച് നമ്മുടെ കോർപ്പറേറ്റിന് നൽകിയ ആശ്വാസം ഏറെ വലുതാണ്. ഏതാണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് പടിയിറങ്ങുന്നത് പാവങ്ങളുടെ തമ്പുരാനായ കുഞ്ഞച്ചന്റെ സവിധത്തിലേക്ക് ആണ്. ആ ഉണ്ണി ആത്മാവിനെ വിശുദ്ധനാക്കുക എന്ന കർത്തവ്യമാണ് പിതാവ് ഈ ഇടയനെ ഏൽപ്പിച്ചത്. ഹൃദയത്തിൽ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ പുരോഹിതനെ രാമപുരത്തിന് ലഭിച്ചത് ദൈവ നിയോഗം തന്നെ.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments