കൊഴുവനാല്‍: മനുഷ്യന്‍ ദൈവത്തിങ്കലേക്ക് അടുക്കുമ്പോള്‍ സമൂഹത്തില്‍ കൂടുതല്‍ നന്മകള്‍ ഉണ്ടാകുമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. ജീവിതത്തെ നന്മകളാലും പുണ്യങ്ങളാലും നിറയ്ക്കുവാന്‍ നമുക്കു സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള മുപ്പത്തിനാലാം സ്‌നേഹവീടിന്റെ താക്കോല്‍സമര്‍പ്പണം കെഴുവംകുളത്ത് നിര്‍വ്വഹിക്കുകയായിരുന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍.
സ്‌നേഹദീപം പദ്ധതിയില്‍ കൊഴുവനാല്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പതിനാറാം സ്‌നേഹവീടാണിത്. ഗ്രേസി എമ്മാനുവല്‍ മറ്റത്തിലിന്റെ ഓര്‍മ്മയ്ക്കായി കുടുംബാംഗങ്ങള്‍ നല്‍കിയ നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് സ്‌നേഹവീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. യോഗത്തില്‍ ചേര്‍പ്പുങ്കല്‍ പള്ളി വികാരി റവ.ഫാ. ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷത വഹിച്ചു.
സെന്റ് തോമസ് മിഷനറി ഓഫ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ജനറല്‍ റവ.ഫാ. ആന്റണി പെരുമാനൂര്‍ സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം നടത്തി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഫാ. ജോര്‍ജ് മറ്റത്തില്‍, ഫാ. ചാള്‍സ് പേണ്ടാനത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റത്തില്‍, ആനീസ് കുര്യന്‍, മെര്‍ലിന്‍ ജെയിംസ്, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോണ്‍ തോണക്കരപ്പാറയില്‍, ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, ഷാജി ഗണപതിപ്ലാക്കല്‍, സിബി പുറ്റനാനിക്കല്‍, മാത്തുക്കുട്ടി വലിയപറമ്പില്‍, ഷാജി വെള്ളാപ്പള്ളി, ജോസ് കോയിക്കല്‍, എമ്മാനുവല്‍ മറ്റത്തില്‍, ചന്ദര്‍ മാത്യു താന്നിയ്ക്കല്‍, എമ്മാനുവല്‍ വരകുകാല, ചുമ്മാര്‍ അറയ്ക്കകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments