Latest News
Loading...

ക്രൈസ്തവ കാഹള സമ്മേളനം നടത്തപ്പെട്ടു.



സഭാ ചരിത്രത്തിൽ നിർണായക  സ്ഥാനമുള്ള കോട്ടയം ജില്ലയിൽ നടന്ന ക്രൈസ്തവ കാഹള സമ്മേളനം ശ്രദ്ധേയമായി.  നാല് എപ്പിസ്കോപ്പൽ  സഭകളിലെ മെത്രാന്മാരും വൈദികരും വിവിധ ക്രൈസ്തവ സംഘടനകളുടെ പ്രതിനിധികളും ജനപ്രതിനിധികളും  രാഷ്ട്രീയ നേതാക്കളും ജില്ലയിലെ ചോലത്തടത്തു നടന്ന   സമ്മേളനത്തിൽ പങ്കെടുത്തു. ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ  പിതാക്കന്മാർക്ക് നൽകിയ സ്വീകരണത്തിനു ശേഷം  പുറത്തു  നമസ്കാരത്തോടെയാണ് സമ്മേളനം  ആരംഭിച്ചത്.

 


 കൽദായ സുറിയാനി, പാശ്ചാത്യ സുറിയാനി, ലത്തീൻ, ആംഗ്ലിക്കൻ  ഉള്ള പ്രാർത്ഥനകൾ  സംയുക്തമായി സ്ലീവായുടെ മുന്നിൽ  നടത്തിയ  പുറത്തു നമസ്കാരത്തിൽ പിതാക്കന്മാരും വൈദികരും ചേർന്ന്  കൽവിളക്ക് തെളിച്ചു. തൊഴിയൂർ സഭാ  തലവൻ  അത്യഭിവന്ദ്യ സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്താ, സീറോ മലബാർ സഭ പാലാ രൂപത മെത്രാൻ  മാർ ജോസഫ് കല്ലറങ്ങാട്ട്, യാക്കോബായ സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ തോമസ് മാർ തിമോത്തിയോസ്, സിഎസ്ഐ സഭ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ്  റവ. വി എസ് ഫ്രാൻസിസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മറ്റു എപ്പിസ്കോപ്പൽ സഭകളായ ലത്തീൻ സഭ,  മാർത്തോമ്മാ സുറിയാനി സഭ, അസ്സീറിയൻ കൽദായ സുറിയാനി സഭ,  ഓർത്തഡോക്സ് സുറിയാനി സഭ, സീറോ മലങ്കര സഭ സഭകളിൽ നിന്നും ജോബി വയലിലച്ചൻ, ആന്റണി കൈതാരനച്ചൻ, ജിബിൻ കുര്യാക്കോസച്ചൻ, മത്തായി മണ്ണൂർ കിഴക്കേതിലച്ചൻ തുടങ്ങിയ വൈദികർ ആശംസകൾ അർപ്പിച്ചു.



മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അടുത്തകാലങ്ങളിൽ ക്രൈസ്തവ സംഭാവനകൾ തമസ്കരിക്കപ്പെടുകയും വിവിധ രാഷ്ട്രീയ -സാമുദായിക- മതസാഹചര്യങ്ങളാൽ പ്രേരിതമായി പൊതു അവധി ദിവസവും ക്രൈസ്തവരുടെ ആരാധനാ ദിവസവുമായ ഞായറാഴ്ചകൾ മത്സര പരീക്ഷകളും ക്യാമ്പുകളും ഔദ്യോഗിക പരിപാടികളും വച്ച് പ്രവൃത്തി ദിവസം ആക്കുന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയിലും മത തീവ്രവാദികളാലും മതമൗലികവാദികളാലും ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിതാക്കന്മാരും വൈദികരും ആശങ്ക പ്രകടിപ്പിച്ചു. ക്രൈസ്തവർ ഒരു കുടുംബത്തിലെ പല മക്കളെ പോലെയാണെന്നും അതുകൊണ്ട് ഒരു കുടുംബമായിനിന്ന് പര സ്നേഹ പ്രവൃത്തികളിലൂടെയുള്ള സാക്ഷ്യം വഹിക്കണമെന്നും പിതാക്കന്മാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു. 



വിവിധ ആരാധനാരീതികളും ദൈവ ശാസ്ത്ര വ്യാഖ്യാനങ്ങളും ഭരണസംവിധാനങ്ങളും  ഉള്ളതുകൊണ്ട് തമ്മിൽ ഐക്യമില്ല എന്ന പൊതു ചിന്ത ക്രൈസ്തവരുടെയും അക്രൈസ്തവരുടെയും  ഇടയിലുണ്ടെന്നും ശരിയായ പഠനവും അറിവും ഇത്തലങ്ങളിൽ ഉണ്ടാകണമെന്നും അഭിപ്രായങ്ങൾ ഉയർന്നു.  പൂഞ്ഞാർ നിയോജക മണ്ഡലം എംഎൽഎ ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാനുമായ ശ്രീ ജോർജ് കുര്യൻ, നസ്രാണി മാപ്പിള സംഘം NMS മധ്യ മേഖല പ്രതിനിധി ശ്രീ കെ സി ഡേവിസ്, CASA പ്രതിനിധി ശ്രീ കെവിൻ പീറ്റർ, പൂഞ്ഞാർ-തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പള്ളി വാർഡ് മെമ്പറുമായ ശ്രീമതി റെജി ഷാജി തുടങ്ങിയവരുടെ ആശംസകളും ശ്രീ പി സി ജോർജ് എക്സ് എംഎൽഎ, തൊഴിയൂർ സഭ അൽമായ ട്രസ്റ്റിശ്രീ ബിനോയ് പി മാത്യു, സിപിഐ പാർട്ടിയിൽ നിന്നുള്ള ശ്രീ ബാബു കെ ജോർജ്, DCF ഭാരവാഹി ശ്രീ സാബു ജോസഫ് തുടങ്ങിയവരുടെ  മഹനീയ സാന്നിധ്യവും  ഉണ്ടായിരുന്നു. 


മറ്റാർക്കും ചെയ്യാൻ നന്മകൾ ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ  എല്ലാ കാലത്തും രാജ്യ  നിർമിതിക്കു വേണ്ടി  ചെയ്തിട്ടുള്ള ക്രൈസ്തവരെ  വേണ്ടതുപോലെ മനസ്സിലാക്കാതെയും അംഗീകരിക്കാതെയും ഉള്ള നിലവിലുണ്ടെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. എതിർപ്പുകളിലും പ്രതിസന്ധികളിലും തളരരുതെന്നും തിന്മയുടെ ശക്തികൾ  നന്മയെ സംഘടിതമായും അല്ലാതെയും  നേരിട്ടും അല്ലാതെയുമൊക്കെ എതിർക്കുമെന്നും അത്തരം സാഹചര്യങ്ങളിൽ  ജാഗ്രതയാണ് വേണ്ടത്, സാമൂഹിക സേവനങ്ങളിൽ നിന്നുള്ള പിന്മാറ്റം അല്ല എന്നും നേതാക്കൾ സൂചിപ്പിച്ചു.



 ഒരൊറ്റ ഇന്ത്യ എന്ന് ചിന്തിക്കാൻ പറ്റാതിരുന്ന കാലഘട്ടത്തിലും ഒന്നാം നൂറ്റാണ്ട് മുതലുള്ള മാർത്തോമാ നസ്രാണി ക്രൈസ്തവരുടെ ദേശീയത പ്രശംസനീയമായിരുന്നെന്നും യൂറോപ്യൻ മിഷനറിമാരുടെ സംഭാവനകൾ ഒരു നവഭാരത സൃഷ്ടിക്ക് കാരണമായെന്നും സഭകൾ വിവിധ സാമൂഹിക മേഖലകളിൽ ചെയ്യുന്ന പ്രവൃത്തികൾ  നടന്നില്ലായിരുന്നെങ്കിൽ നമ്മുടെ രാജ്യത്തിന്റെ പൊതുവെയും പ്രത്യേകിച്ച് കേരളത്തിന്റെയും ചരിത്രം മറ്റൊന്നാകുമായിരുന്നെന്നും ആരും അംഗീകരിക്കുന്നില്ലെങ്കിലും ആരൊക്കെ എതിർക്കുന്നുണ്ടെങ്കിലും വിലമതിക്കാനാവാത്ത ബൈബിൾ അധിഷ്ഠിതമായ  ക്രൈസ്തവ സേവനങ്ങൾ തുടരണമെന്നും പീഡനങ്ങളും ഞെരുക്കങ്ങളും ഉണ്ടായിട്ടുള്ള കാലങ്ങളിലും ദേശങ്ങളിലും ക്രൈസ്തവസാക്ഷ്യം കൂടുതൽ ശക്തമാവുകയാണ് ഉണ്ടായത് എന്നും ആയതിനാൽ തന്നെ ഇവയിൽ ദൈവത്തിന്റെ വലിയ പദ്ധതികൾ ഉണ്ട് എന്നും ദൈവമറിയാതെയും അനുവദിക്കാതെയും ഒന്നും സംഭവിക്കുന്നില്ല എന്നും ഏവരെയും നേതാക്കൾ ഓർമിപ്പിച്ചു. ശ്രീ ജോസുകുട്ടി മരങ്ങാട്ടിൽ, ഡോ. ബാബു കെ വർഗീസ്, ശ്രീ ജോർജുകുട്ടി ആഗസ്തി, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments