കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും കേരളത്തില്‍ ജനങ്ങള്‍ അറിയാതെ പോയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും കൊടിയ കൃത്യവിലോപമാണെന്ന് മുന്‍ എംപി സുരേഷ് ഗോപി. കേന്ദ്രപദ്ധതികളെ കുറിച്ച് അറിവ് പകരാനും പങ്കുചേര്‍ക്കാനും ലക്ഷ്യമിട്ട് നടത്തുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മുത്തോലിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
നരേന്ദമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്താന്‍ പൗരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ക്കാണ് തുടക്കമിട്ടത്. 100 കണക്കിന് പദ്ധതികളാണ് ഈ തരത്തില്‍ ആരംഭിച്ചത്. ഏതൊക്കെ സംസ്ഥാനത്ത് പദ്ധതികള്‍ കൂടുതലായി ഉപയോഗിച്ചു എന്നത്, അവര്‍ രാഷ്ട്രീയം മാറ്റിവച്ച് പദ്ധതികളുടെ ഗുണഫലങ്ങളെ ഏറ്റെടുത്തതിന്റെ ഫലമാണ്. മറ്റ് സംസ്ഥാനങ്ങളിലെ അധഃസ്ഥിത വര്‍ഗത്തിന്റെ ജീവിത്തിലേയ്ക്ക് ഈ പദ്ധതികള്‍ എങ്ങനെ കടന്നുചെന്നു എന്ന് കണ്ടറിയുകതന്നെ വേണം. ഈ പദ്ധതികള്‍ കേരളത്തില്‍ എത്രപേര്‍ക്ക് കിട്ടി എന് കണക്കെടുത്താല്‍ കേരളം തലകുനിക്കേണ്ടിവരും. ഉദ്യോഗസ്ഥരും സര്‍ക്കാരും അവരുടെ ദുഷ്പ്രവര്‍ത്തികൊണ്ട് അവയ്ക്ക് പ്രധാനായ് നല്കാതെ പോയപ്പോള്‍ ജനങ്ങള്‍ക്ക് അവയുടെ ഗുണഫലം ലഭിക്കാതെ പോയത് കൊടിയ ദ്രേഹമാണ്. എന്നാല്‍ ഇത് ചോദ്യം ചെയ്യാനുള്ള ഒരു നേതാവും ഭരണവര്‍ഗത്തിലില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ഓരോ പൗരനെയും ഈ പദ്ധതികള്‍ ഈ യാത്രയില്‍ പരിചയപ്പെടുത്തണമെന്നും അര്‍ഹരായവര്‍ക്ക് അത് നേടിക്കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ രാഷ്ട്രീയമോ വോട്ടോ വോട്ടബാങ്കോ ഇല്ല. ഇതില്‍ ജനജീവിതത്തിനുള്ള കരുതല്‍ മാത്രമേയുള്ളൂ. പാവങ്ങളെ പാവങ്ങളായി നിലനിര്‍ത്തി രാഷ്ട്രീയ പ്രത്യയശാസ്ത്രം വളര്‍ത്തുന്ന രീതിയെ തച്ചുടക്കാന്‍ നാം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കുന്ന, കൂടുതല്‍ ആളുകളെ പദ്ധതികളില്‍ അംഗങ്ങളാക്കുന്ന ജില്ലകളിലെ സംഘാടകര്‍ക്കായി യാത്ര അവസാനിച്ച് ഒരു മാസത്തിനകം മകളുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന ജില്ലകള്‍ക്ക് 50000, 30000, 20000 എന്ന ക്രമത്തില്‍ അവാര്‍ഡ് തുക നല്കും. ലീഡ് ബാങ്കുകള്‍ക്ക് ആ തുക എങ്ങനെ ചെലവഴിക്കാമെന്ന് തീരുമാനിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
മുത്തോലി കവലയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജീത് ജി മാനഭവന്‍ അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജര്‍ ഇ.എം അലക്‌സ്, റബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം എന്‍ ഹരി, കെവികെ കോട്ടയം സീനര്യര്‍ സയന്റിസ്റ്റ് ജയലക്ഷ്മി, എസ്ബിഐ ഡെപ്യൂട്ടി ജനറല്‍മനേജര്‍ ജെ ശിവകുമാര്‍, കാനറ ബാങ്ക് റീജിയണല്‍ മാനേജര്‍ അജയ് പ്രകാശ്, നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ റജി വര്‍ഗീസ്, ലിന്‍സി പാംബ്ലാനി, ളാലം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, പിഎസ്ഡബ്ല്യുഎസ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി ഉജ്ജ്വല്‍ ഗ്യാസ് കണക്ഷന്‍, കേന്ദ്രഇന്‍ഷുറന്‍സ് പദ്ധതികള്‍, ബാങ്കുകള്‍ എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു. കീടനാശിനി പ്രയോഗം വേഗത്തില്‍ സാധ്യമാക്കുന്ന ഡ്രോണ്‍ മാതൃകയും പ്രദര്‍ശിപ്പിച്ചു. വിവിധ പദ്ധതികളില്‍ അംഗങ്ങളാകാനുള്ള അവസരവും ലഭ്യമാക്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments