Latest News
Loading...

മരണസംഖ്യ വര്‍ഷംതോറും ഉയരുന്നു. മാര്‍മല അരുവിയിൽ നിയന്ത്രണം അകലെഹൈദരാബാദ് സ്വദേശി നിര്‍മല്‍ (ജനുവരി 23), മഹാരാഷ്ട്ര സ്വദേശി നേവി ഉദ്യോഗസ്ഥന്‍ അഭിഷേക് (ആഗസ്റ്റ് 1), ബെംഗളുരു സ്വദേശി അഫലേഷ് (ജൂണ്‍ 23), തമിഴ്നാട് സ്വദേശി മനോജ് കുമാര്‍ (ഡിസംബര്‍ 8)... ഈ പേരുകള്‍ മാര്‍മല അരുവിയുടെ ആഴങ്ങളില്‍ ഈ വര്‍ഷം മാത്രം ജീവന്‍ പൊലിഞ്ഞവരുടേതാണ്. എല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. കണക്കുകള്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല. എന്നാല്‍ ഇടവേളകളില്‍ മരണം വാര്‍ത്തകളാകുമ്പോഴും എന്ത് നടപടി സ്വീകരിച്ചു എന്ന് ചോദിച്ചാല്‍ കാര്യമായിട്ടൊന്നും ഇല്ല എന്നാണ് ഉത്തരം. ഏകദേശം നാല്‍പ്പത് മീറ്റര്‍ ഉയരത്തില്‍ നിന്ന് പാറക്കെട്ടുകളിലൂടെ താഴേക്ക് പതിക്കുന്ന മാര്‍മല അരുവി കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് ഈരാറ്റുപേട്ടയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ തീക്കോയിലെ ഈ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകരാന്‍ എവിടെനിന്നെല്ലാം ആളെത്തുന്നു എന്നറിയാന്‍ ഈ വര്‍ഷം മരിച്ചവരുടെ സ്വദേശംതന്നെ ധാരാണം.  
ദിവസേന നിരവധി സഞ്ചാരികളാണ് മാര്‍മലയിലേക്ക് എത്തുന്നത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്താറുള്ള ഇല്ലിക്കല്‍ കല്ലും, ഇലവീഴാപൂഞ്ചിറയും കണ്ടുമടങ്ങുന്നവര്‍ ഇവിടെകൂടി സന്ദര്‍ശിച്ചാണ് മടങ്ങാറുള്ളത്. അതിമനോഹരമാണെങ്കിലും വളരെ അപകടം നിറഞ്ഞതാണ് മാര്‍മല അരുവി വെള്ളച്ചാട്ടം. നീന്തല്‍ അറിയാമെന്ന ധൈര്യവുമായി ഇറങ്ങി അപകടത്തില്‍പെടുന്നവരാണ് ഏറെയും. മാര്‍മലയിലെ പാര്‍ക്കിംഗ് സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡ് മാത്രമാണ് അപകടസാഹചര്യം വ്യക്തമാക്കുന്ന ഏകവസ്തു. എന്നാല്‍ പലരും ഇത് ശ്രദ്ധിക്കാറുപോലും ഇല്ല. ഇവിടെ സന്ദര്‍ശനം നിയന്ത്രണവിധേയമാക്കണമെന്നും സെക്യൂരിറ്റിയെ നിയോഗിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും ഇതൊന്നും നടപ്പായില്ല. ഡിറ്റിപിസിയും അപകടസാഹചര്യത്തെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല.

നടപടികൾ കമ്മറ്റിയിൽ ഒതുങ്ങുന്നു: രതീഷ്  (പഞ്ചായത്തംഗം )

അപകട മരണങ്ങള്‍ വര്‍ധിക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങള്‍ കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രദേശവാസികളോ സ്ഥലത്തുള്ള വ്യാപാരികളോ നല്കുന്ന നിര്‍ദേശം പാലിക്കാന്‍ ടൂറിസ്റ്റുകള്‍ തയാറല്ല. വര്‍ഷങ്ങളായി പഞ്ചായത്ത് ഭരണം നടത്തുന്ന യുഡിഎഫ്, അപകടങ്ങള്‍ തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്തംഗം രതീഷ് കുറ്റപ്പെടുത്തി. ഓരോ അപകടത്തിനു ശേഷവും കമ്മറ്റി കൂടുക മാത്രമാണ് ഉണ്ടാകുന്നതെന്നും രതീഷ് പറഞ്ഞു. 

സെക്യൂരിറ്റിയെ നിയമിക്കും. കെ.സി ജെയിംസ്

മാര്‍മലയിലെ അപകടങ്ങള്‍ തടയാന്‍ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്നും സ്ഥലത്ത് സെക്യൂരിറ്റിയെ നിയമിക്കുമെന്നും പ്രസിഡന്റ് കെസി ജെയിംസ് പറഞ്ഞു. ഇവിടെ ഹരിത ചെക് പോസ്റ്റ് സ്ഥാപിക്കും. സഞ്ചാരികള്‍ക്കായി ടേക്ക് എ ബ്രേക്ക് നിര്‍മിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം സുരക്ഷാവേലി സ്ഥാപിക്കുമെന്നും തിങ്കളാഴ്ച പ്രത്യേക കമ്മറ്റി ചേരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

   
Post a Comment

0 Comments