തനിമ കലാസാഹിത്യവേദിയുടെ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ഉദ്ഘാടനകർമ്മം പ്രമുഖ ചലച്ചിത്രകാരനും മികച്ച തിരക്കഥയ്ക്കുള്ള 2023ലെ സംസ്ഥാന അവാർഡ് ജേതാവുമായ ഷാജി മാറാട് തനിമയുടെ ലോഗോ കൈമാറിക്കൊണ്ട് നിർവഹിച്ചു. തനിമ സംസ്ഥാന എക്സിക്യൂട്ടീവ് സമിതിയംഗം സമീർ ഇല്ലിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഈരാറ്റുപേട്ടയുടെ സ്വന്തം കലാകാരനായ കാഥികൻ വി എം എ സലാമിനെ ആദരിക്കുകയും കൈരളി പട്ടുറുമാൽ ഗായിക അസ്ന ഖാന് സമ്മേളനത്തിൽ സ്നേഹോപഹാരം നൽകുകയും ചെയ്തു. തനിമ കലാസാഹിത്യ വേദിയുടെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ഫസലുൽ ഹഖ്, ഗായകനായ ഹക്കീം പുതുപ്പറമ്പിലിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് നിർവഹിച്ചു.
തനിമ ഈരാറ്റുപേട്ട യൂണിറ്റിന്റെ രക്ഷാധികാരി മുഹമ്മദ് ഇബ്രാഹിം ആമുഖപ്രസംഗം നടത്തി. വ്യാപാര വ്യവസായി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ എം എ ഖാദർ, മാധ്യമപ്രവർത്തകനും മുൻ മുനിസിപ്പൽ ചെയർമാനുമായ വി എം സിറാജ്, വാർഡ് കൗൺസിലർ എസ് കെ നൗഫൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തനിമ ഈരാറ്റുപേട്ട ചാപ്റ്ററിന്റെ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അമീൻ ഒപ്ടിമ സ്വാഗതവും തനിമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് എഫ് ജബ്ബാർ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ സലിം കുളത്തിപ്പടി നടത്തിയ ഏകാംഗ നാടകവും, ബുസ്താനുൽ ഉലൂം മദ്രസയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ദഫ് മുട്ടും വേറിട്ട അനുഭവം പകർന്നു.
സമ്മേളനത്തിനു മുന്നോടിയായി നടന്ന സാഹിത്യ സംഗമം മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻ കെ എം ജാഫർ മുഖ്യ പ്രഭാഷണം നടത്തി.സലിം കുളത്തിപ്പടി മോഡറേറ്ററായ സംഗമത്തിൽ നൗഫൽ പത്താഴപ്പടി, റഷീദ നിജാസ്, സജിത എ ഖാദർ എന്നിവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. സാംസ്കാരിക പ്രവർത്തകരായ വി.ടി ഹബീബ്,പി എം മുഹ്സിൻ, പി പി എം നൗഷാദ്, എം ഇ എസ് കോളേജ് ഇംഗ്ലീഷ് അധ്യാപകനായ യാസർ പാറയിൽ തുടങ്ങിയവർ രചനകളെ വിലയിരുത്തി സംസാരിച്ചു. തനിമ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ് എഫ് ജബ്ബാർ സ്വാഗതവും വൈസ് പ്രസിഡന്റ് ഹസീന കെ എച്ച് നന്ദിയും പറഞ്ഞു.
സമ്മേളനത്തിനു ശേഷം നടന്ന ഗാനമേളയിൽ ഈരാറ്റുപേട്ടയിലെ ഇരുപതോളം വരുന്ന ഗായകർ വിവിധതരം പാട്ടുകൾ ആലപിച്ചു. കലാകാരായ നസീർ കണ്ടത്തിൽ,നാസർ പി എസ് തുടങ്ങിയവർ ഗാനമേളയ്ക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments