Latest News
Loading...

വിദ്യാര്‍ഥികള്‍ ലഹരിയില്‍ നിന്ന് വിമുക്തിനേടേണ്ടത് അനിവാര്യം: മാണി സി.കാപ്പന്‍രാജ്യത്തിന്റെ നാളത്തെ ഭരണാധികാരികളാവേണ്ട വിദ്യാര്‍ഥികള്‍ കഞ്ചാവും മൊബൈല്‍ ഫോണുമടക്കം എല്ലാ ലഹരികളില്‍ നിന്നും വിമുക്തിനേടേണ്ടത് അനിവാര്യമാണന്ന് മാണി സി.കാപ്പന്‍ എം.എല്‍.എ. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ ഹൊറൈസണ്‍ മോട്ടോഴ്‌സുമായി ചേര്‍ന്ന് ജില്ലയിലുടനീളം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ വാഹന പ്രചരണജാഥ പാലാ ചാവറ സി.എം.ഐ  സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലഹരിയില്‍ പെടാതെ മുന്നോട്ടുപോവുകയാണ് വിദ്യാര്‍ഥികളുടെ നാളത്തെ ലഹരിയെന്നും അദ്ദേഹം പറഞ്ഞു. ചാവറ സ്‌കൂളിലെ തന്റെ ബാല്യകാല പഠനവും അദ്ദേഹം അനുസ്മരിച്ചു.ചാവറ  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാബു കൂടപ്പാട്ട് അധ്യക്ഷത വഹിച്ചു. ഹൊറൈസണ്‍ മോട്ടോഴ്‌സ് എച്ച്.ആര്‍ മാനേജര്‍ എസ്തര്‍ ജോയിസ് ആമുഖപ്രഭാഷണം നടത്തി. 
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ് തോമസ്,കാരിത്താസ് ആശുപത്രിയിലെ ഡോ.ഷാരോണ്‍ എലിസബത്ത് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്‍കി.കഞ്ചാവും മൊബൈല്‍ഫോണിന്റെ അമിത ഉപയോഗവുമടക്കം നാം അടിമപ്പെടുന്നതെല്ലാം ജീവിതം നശിപ്പിക്കുന്ന ലഹരിയാണ് വിദ്യാര്‍ഥകളടക്കം സമൂഹത്തിന് കൈമാറുന്നതെന്നും ഇതില്‍പെടാതെ വിമുക്തിനേടുകയാണ് ജീവിതം സുരക്ഷിതമാവാനുള്ള മാര്‍ഗമെന്നും ലഹരിവിരുദ്ധ സന്ദേശത്തില്‍ ഇരുവരും പറഞ്ഞു. മൊബൈല്‍ ഫോണില്‍ ഗയിമുകള്‍ക്കും യുട്യൂബിനുമടക്കം അടിമപ്പെടുന്ന വിദ്യാര്‍ഥികളുടെ ശരീരത്തിലെ ഡോപ്പമീന്‍ ഹോര്‍മോണിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്ന് കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥസംജാതമാവുകയും അത് വഴി ബുദ്ധിമാന്ദ്യം അടക്കമുള്ള ശാരീരിക അവശതകള്‍ക്ക് ഇടവരുത്തുമെന്നും ഡോ.ഷാരോണ്‍ വിദ്യാര്‍ഥികളോട് വിശദീകരിച്ചു. 

ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്ജ് ജാഥ ഫഌഗ് ഓഫ്ഓഫ് ചെയ്തു. ഹൊറൈസണ്‍ മോട്ടോഴ്‌സ് എം.ഡി എബിന്‍ ഷാജി കണ്ണിക്കാട്ട് ചാവറ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാബു കൂടപ്പാട്ടിന് അവാര്‍ഡ് സമ്മാനിച്ചു.
1947-ല്‍ തുടക്കമിട്ട ഹൊറൈസണ്‍ മോട്ടോഴ്‌സിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് എക്‌സൈസ് വകുപ്പിനൊപ്പം ലഹരി വിരുദ്ധ പ്രചാരണത്തില്‍ പങ്കാളികളാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.എം.ഐ സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ബാസ്റ്റിന്‍ മംഗലത്തില്‍, പാലാ നഗരസഭാ കൗണ്‍സിലര്‍ ആന്റോജോസ് പടിഞ്ഞാറേക്കര,ഹൊറൈസണ്‍ മോട്ടോഴ്‌സ് എ.ജി.എം സുനോജ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 പാലായില്‍ നിന്നും 18 ഓളം വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ലഹരി വിരുദ്ധ ജാഥ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്‌കൂള്‍, ചങ്ങനാശേരി സെന്റ്‌തോമസ് സ്‌കൂള്‍ എന്നിവിടങ്ങളിലെത്തി വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം കൈമാറി. കാഞ്ഞിരപ്പള്ളിയില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിഹ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെസി ഷാജനു  ചങ്ങനാശേരിയില്‍ ജോബ്‌ മൈക്കിള്‍ എം.എല്‍.എയും ലഹരിവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാഥ  വൈകുന്നേരം കോട്ടയം സി.എം.എസ് കോളേജിലെത്തി സമാപിച്ചു.

സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ജയചന്ദ്രന്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ.ജെ ഷാജി എന്നിവര്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി.സി.എം.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോഷ്വാ വര്‍ഗീസ്,ഹൊറൈസണ്‍മോട്ടോഴ്‌സ് ചെയര്‍മാന്‍ ഷാജി ജെ.കണ്ണിക്കാട്ട്,കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ.ബിനു കുന്നത്ത്, ജെിജോ ഫ്രാന്‍സിസ്, സി.ജി പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
   
Post a Comment

0 Comments