പാലാ: കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് നീതി പുലർത്തിയ ജനനേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നും വ്യതിചലിക്കാതെ പ്രവർത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിൻ്റെ വേർപാട് വ്യക്തിപരമായും കേരള സംസ്ഥാനത്തിനും തീരാനഷ്ടമാണ്.
അദ്ദേഹവുമായി ഹൃദയബന്ധം പുലർത്തിയിരുന്നതായി മാണി സി കാപ്പൻ പറഞ്ഞു. 1982 ലാണ് കാനവുമായി പരിചയപ്പെടുന്നത്. രാഷ്ട്രീയത്തിനതീതമായി ന്യായമായ ഏതു കാര്യവും ചെയ്തു തരാൻ അദ്ദേഹം താത്പര്യം കാട്ടിയിരുന്നു. അതിനുള്ള ആർജ്ജവവും തൻ്റേടവും ഉണ്ടായിരുന്നു. മാന്യനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം. സത്യസന്ധതയുള്ള കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് നാടിന് നഷ്ടമായത്.
ഇടയ്ക്കിടെ അദ്ദേഹത്തെ വിളിക്കുമായിരുന്നു. ആശുപത്രിയിൽ പോകുന്ന കാര്യമൊക്കെ അദ്ദേഹം പങ്കുവച്ചിരുന്നു. കാൽപാദം മുറിക്കേണ്ടി വന്നേക്കുമെന്ന് അദ്ദേഹം സൂചന നൽകിയിരുന്നു. അങ്ങനെയെങ്കിൽ പൊയ്കാൽ വച്ച് വരുമെന്നു അദ്ദേഹം പറഞ്ഞത് ഓർമ്മയിൽ തങ്ങിനിൽക്കുകയാണ്. പാലാ വഴി എപ്പോൾ വന്നാലും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു മാസം മുമ്പ് സി പി ഐ ഓഫീസിൽ വച്ചാണ് ഒടുവിൽ കണ്ടത്. ഞെട്ടലോടെയാണ് കാനത്തിൻ്റെ നിര്യാണ വാർത്ത ശ്രവിച്ചതെന്നും കാപ്പൻകൂട്ടിച്ചേർത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments