Latest News
Loading...

"എന്റെ കുരിശുപള്ളി മാതാവേ.." മാതാവിനടുത്ത് 'ചാക്കോച്ചി' എത്തി




ജൂബിലി തിരുനാളിന് കൊടിയേറിയ പാലാ കുരിശു പള്ളി മാതാവിൻറെ സന്നിധിയിൽ മുൻ എംപിയും സിനിമാതാരവുമായ സുരേഷ് ഗോപിയെത്തി. വൈകുന്നേരം കുർബാനയുടെ അവസാന ഭാഗത്ത് പള്ളിയിലെത്തിയ സുരേഷ് ഗോപിയും ഭാര്യ രാധികയും ലദീഞ്ഞും കഴിഞ്ഞാണ് മടങ്ങിയത്. ഉറ്റ സുഹൃത്ത് ബിജു പുളിക്കക്കണ്ടവും ഒപ്പമുണ്ടായിരുന്നു. ലേലം സിനിമയിലെ 'എൻറെ കുരിശുപള്ളി മാതാവേ' എന്ന പ്രയോഗത്തിലൂടെയാണ് സുരേഷ് ഗോപി മാതാവിന്റെ ഭക്തനായി മാറിയത്. 




ലേലം സിനിമയുടെ ചിത്രീകരണത്തിനിടെ ബിജുവാണ് ഈ പ്രയോഗം സിനിമയിൽ ഉൾപ്പെടുത്താൻ കാരണമായത്. സ്പിരിറ്റ് കടത്തിയ കാര്യം അപ്പച്ചൻ (എം ജി സോമൻ) അറിഞ്ഞെന്ന് മനസ്സിലാക്കിയ ചാക്കോച്ചി എൻറെ പുണ്യാളച്ച എന്നുപറഞ്ഞ് തലയിൽ കൈവയ്ക്കുന്ന സീനായിരുന്നു തിരക്കഥയിൽ ഉണ്ടായിരുന്നത്. 



ചിത്രീകരണത്തിനിടെ ഈ പ്രയോഗം കൊള്ളില്ലെന്ന് ബിജു പറഞ്ഞതോടെ പകരം ഒരെണ്ണം നിർദ്ദേശിക്കാൻ രഞ്ജി പണിക്കർ ബിജുവിനോട് നിർദ്ദേശിക്കുകയായിരുന്നു. പാലായുടെ സ്വന്തം കുരിശുപള്ളി മാതാവിനെ സ്മരിച്ച് ബിജു പുളിക്കക്കണ്ടം എൻറെ കുരിശുപള്ളി മാതാവേ എന്ന് വിളിച്ച് അഭിനയിച്ചു കാണിച്ചപ്പോൾ ലൊക്കേഷൻ ഉള്ളവർ എല്ലാം കൈയ്യടിച്ച് അത് ഏറ്റെടുക്കുകയായിരുന്നു. 


സുരേഷ് ഗോപിക്കൊപ്പം ബിജു പുളിക്കക്കണ്ടം (ഇടത്ത്)


സിനിമയിൽ പലയിടത്തും ഈ പ്രയോഗം ആവർത്തിക്കപ്പെട്ടു. സിനിമ വൻ ഹിറ്റ് ആയതോടെ ഈ പ്രയോഗവും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പാലാ വഴി എപ്പോൾ യാത്ര ചെയ്താലും കുരിശുപള്ളി മാതാവിനെ വണങ്ങി നേർച്ച ഇടുന്നത് സുരേഷ് ഗോപി പതിവാക്കുകയായിരുന്നു. തിരുനാളിനോട് അനുബന്ധിച്ച് ഏഴാം തീയതിയാണ് വരാൻ നിശ്ചയിച്ചിരുന്നതെങ്കിലും ആ ദിവസങ്ങളിൽ ഡൽഹിക്ക് പോകേണ്ടി വന്നതിനാലാണ് ഇന്ന് എത്തിയത്. മാതാവിന് നേർച്ച കാഴ്ചകൾ അർപ്പിച്ചു മെഴുകുതിരിയും കത്തിച്ച ശേഷമാണ് ഇവർ മടങ്ങിയത്. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments