ടെൻഡറിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് തീകോയ് പഞ്ചായത്ത് ഓഫീസിൽ കരാറുകാരന്റെ പ്രതിഷേധം. പഞ്ചായത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ ബൾബ് മാറി സ്ഥാപിക്കുന്നതിനായി വിളിച്ച ടെൻഡറിലാണ് കൃത്രിമത്വം നടന്നതെന്ന് തൊടുപുഴ സ്വദേശിയായ കരാറുകാരൻ ഷാജഹാൻ ആരോപിക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തകരാറിലായ ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകളുടെ ബൾബ് മാറി ഇടുന്നതിനാണ് പഞ്ചായത്ത് ടെൻഡർ ക്ഷണിച്ചിരുന്നത്. രണ്ട് ടെണ്ടറുകളാണ് അവസാനഘട്ടത്തിൽ ഉണ്ടായിരുന്നത്. ഇന്ന് ചർച്ചകൾക്കായി ഇരു കൂട്ടരെയും പഞ്ചായത്തിൽ വിളിച്ചിരുന്നു. മറ്റൊരു ടെൻഡർ സമർപ്പിച്ചിരുന്ന ജോഷിയുടെ ടെൻഡർ പേപ്പറിൽ രണ്ടുതരത്തിലുള്ള കയ്യക്ഷരവും ആണ് ഉണ്ടായിരുന്നതെന്ന് ഷാജഹാൻ ആരോപിക്കുന്നു. തനിക്ക് ടെൻഡർ ലഭിക്കാതിരിക്കാൻ ഉദ്യോഗസ്ഥർ കൃത്രിമത്വം നടത്തിയെന്നാണ് ഷാജഹാന്റെ ആരോപണം.
ഓഫീസിൽ ബഹളം വെച്ചതിനെ തുടർന്ന് പുറത്തിറങ്ങിയ ഷാജഹാൻ പഞ്ചായത്ത് ഓഫീസിന് പുറത്ത് പൊതുവഴിയിൽ നിന്നും ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ടെൻഡർ ലഭിച്ചില്ല എന്നതിലല്ല, രേഖകളിലെ കൃത്രിമത്വം അനുവദിക്കാൻ ആവില്ല എന്നാണ് ഷാജഹാന്റെ നിലപാട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഷാജഹാൻ വിജിലൻസിലും പോലീസിലും പരാതി നൽകിയതായി അറിയിച്ചു.
അതേസമയം സദുദ്ദേശത്തോടെ കൂടിയുള്ള നടപടിക്രമങ്ങൾ മാത്രമേ പഞ്ചായത്ത് നടത്തിയിട്ടുള്ളു എന്ന് പ്രസിഡന്റ് KC ജെയിംസ് പറഞ്ഞു. ഒരേ സാധനങ്ങളുടെ വ്യത്യസ്ത റേറ്റ് വന്നതുകൊണ്ടാണ് നെഗോഷിയേഷന് ശ്രമിച്ചത്. ടെൻഡർ നടപടികൾ അന്തിമമായി സ്വീകരിച്ചിട്ടില്ലെന്നും ആവശ്യമെങ്കിൽ റീട്ടെൻഡർ നടത്തുമെന്നും പ്രസിഡൻറ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments