Latest News
Loading...

ഭരണങ്ങാനത്ത് നിറഞ്ഞ് ഈരാറ്റുപേട്ടയിലെ യുവസംഘം





ഭരണങ്ങാനത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനി ഹെലന്റെ മൃതദേഹം കണ്ടെടുത്തത് ഏറ്റുമാനൂരില്‍ നിന്നാണെങ്കിലും അപകടമേഖല മുഴുവന്‍ അരിച്ചുപെറുക്കി ഇല്ലായെന്ന് ഉറപ്പാക്കിയത്, ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ ഒരുപറ്റം ചെറുപ്പക്കാരായിരുന്നു. ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും നന്‍മക്കൂട്ടം അംഗങ്ങളും. കുട്ടിയെ കാണാതായി നിമിഷങ്ങള്‍ക്കുള്ളില്‍ ഫയർഫോഴ്സിനൊപ്പം സ്ഥലത്തെത്തിയ ഈ ചെറുപ്പക്കാര്‍ തിരികെ പോയത്, കണ്ടുകിട്ടിയ ചേതനയറ്റ ശരീരം മെഡിക്കല്‍കോളേജില്‍ എത്തിക്കുംവരെ ഒപ്പം നിന്ന ശേഷമാണ്. നാട്ടുകാരേക്കാള്‍ അധികം ചുറുചുറുക്കോടെ പ്രവര്‍ത്തിച്ച ഈ നിസ്വാര്‍ത്ഥസേവകര്‍ ദുരന്തമുഖങ്ങളില്‍ പകരുന്ന ആശ്വാസം ചെറുതല്ല.




അപകടമുണ്ടായ ബുധനാഴ്ച വൈകിട്ട് 5 മുതല്‍ രാത്രി 9 വരെ. വ്യാഴാഴ്ച രാവിലെ നാട്ടുകാര്‍ പോലും എത്തുംമുന്‍പേ സ്ഥലത്തെത്തിയവര്‍. രാവിലെ ആറരയ്ക്ക് വെള്ളത്തിലിറങ്ങിയവര്‍ തിരികെ കയറുമ്പോള്‍ മണി നാല് ! തണുപ്പും വിശപ്പും മറന്ന്, ആഴങ്ങളിലെ തണുപ്പിലെവിടയോ മറഞ്ഞ ആ പെണ്‍കുഞ്ഞിനായി 70-ഓളംപേരാണ് ഫയർഫോഴ്സ് സേന അംഗങ്ങൾക്കൊപ്പം തെരച്ചിലിനുണ്ടായിരുന്നത്. ഭക്ഷണംപോലും ആവശ്യപ്പെടാതെ വെള്ളത്തിലിറങ്ങിയവര്‍ ആകെ ചോദിച്ചത് അല്‍പം ശര്‍ക്കരയും കടുംകാപ്പിയും മാത്രമാണ്. തണുത്തവെള്ളത്തില്‍ രക്തയോട്ടം വര്‍ധിക്കുന്നതിനാണ് ശര്‍ക്കര കഴിക്കുന്നത്. വ്യാഴാഴ്ച മാത്രം 9 മണിക്കൂറോളമാണ് ഇവര്‍ വെള്ളത്തിലിറങ്ങി തെരച്ചില്‍ നടത്തിയത്.



നന്‍മക്കൂട്ടവും ടീം എമര്‍ജന്‍സിയും രണ്ട് സംഘടനകളാണെങ്കിലും പ്രവര്‍ത്തനരംഗത്ത് ഇവര്‍ ഒറ്റക്കെട്ടാണ്. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ഒപ്പവും കരയിലും സഹായവുമായി ആളുകള്‍ ഒപ്പമുണ്ടാവും. സ്വന്തമായി വാഹനവും വള്ളവും ബോട്ടും സ്വന്തമാക്കിയ ഈ രക്ഷാസംഘം സംസ്ഥാനമെമ്പാടും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. മറ്റുള്ളവര്‍ പരാജയപ്പെട്ടിടത്ത് ആളെ കണ്ടെത്തിയ നേട്ടവും ഇവര്‍ക്കുണ്ട്.

നൻമക്കൂട്ടം പ്രവർത്തകർ

നന്‍മക്കൂട്ടം ആണ് ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് ആദ്യം പ്രവര്‍ത്തനം തുടങ്ങിയത്. അഷ്‌റഫ് കുട്ടിയുടെ നേതൃത്വത്തില്‍ വളര്‍ന്ന സംഘം ഈരാറ്റുപേട്ടയ്ക്ക് പുറത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിരവധി പേര്‍ ഈ സംഘത്തില്‍ കണ്ണികളായി. ഇന്ന് ജാതിമത വ്യത്യാസമില്ലാതെ 80ഓളം പേര്‍ ഈ കൂട്ടത്തിലുണ്ട്. വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ളവരും സംഘത്തോടൊപ്പം പ്രവര്‍ത്തിക്കുന്നു. ടീമിലെ 30 ഓളം പേരാണ് രണ്ട് ദിവസമായി നടന്ന തെരച്ചിലില്‍ പങ്കാളികളായത്. പ്രസിഡന്റ് കെകെ ഷാജിയുടെയും സെക്രട്ടറി ഹാഷിം ലബ്ബയുടെയും നേതൃത്വത്തിലാണ് അംഗങ്ങളുടെ പ്രവര്‍ത്തനം. ഫോണ്‍: 9447008848



ടീം എമർജൻസി

നന്‍മക്കൂട്ടത്തില്‍ നിന്നും വേര്‍പിരിഞ്ഞാണ് അഷ്‌റഫ്കുട്ടിയുടെ നേതൃത്വത്തില്‍ ടീം എമര്‍ജന്‍സി രൂപീകരിച്ചത്. 70-ഓളം പേര്‍ ഈ സംഘത്തിലും അംഗങ്ങളായുണ്ട്. 40 ഓളം പേര്‍ പരിശീലനം നേടിവരുന്നു. വെള്ളത്തില്‍ ജീവന്‍പൊലിഞ്ഞ 77-ഓളം പേരുടെ ചേതനയറ്റ ശരീരം അഷ്‌റഫ്കുട്ടി ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ കാണാതായ ഹരിയുടെ മൃതശരീരവും അഷ്‌റഫ്കുട്ടിയാണ് മുങ്ങിയെടുത്തത്. അഷ്‌റഫ്കുട്ടി പ്രസിഡന്റായ ടീമില്‍ റമീസ്ഖാനാണ് സെക്രട്ടറി. ഏറ്റുമാനൂര്‍ ഫയര്‍ഫോഴ്‌സ് ഹെലന്റെ ശരീരം കരയ്‌ക്കെത്തിച്ചപ്പോള്‍ ആംബുലന്‍സില്‍ കയറ്റി മെഡിക്കല്‍ കോളേജിലെത്തിക്കാനും ടീം അംഗങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ഫോണ്‍: 7383800108

ഏറ്റവുമധികം നേരം നീണ്ട തെരച്ചിലാണ് ഭരണങ്ങാനത്ത് ഉണ്ടായതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍മലയിലും പെരുന്തേനരുവിയിലും അടക്കം 100 കണക്കിന് അപകടസ്ഥലങ്ങളില്‍ ആരുംവിളിക്കാതെ തന്നെ ഓടിയെത്തുന്നവരാണ് ഈ 2 സംഘങ്ങളും.  പ്രതിഫലേച്ഛയില്ലാത്ത ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം പ്രതിഫലം നല്കട്ടെയെന്നാണ് ദുരന്തസ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനം കാണുന്നവരും പ്രാര്‍ത്ഥിക്കുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments