Latest News
Loading...

പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി



പാലാ രൂപതയുടെ മൂന്നാമത് എപ്പാർക്കിയൽ അസംബ്ലി 2023 നവംബർ 21, 22, 23 ദിവസങ്ങളിൽ അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടുകയാണ്. അസംബ്ലിയുടെ വിഷയം "ക്രിസ്തീയ ദൗത്യവും ജീവിതവും പ്രാദേശികസഭയിലും സമൂഹത്തിലും' എന്നതാണ്. 

പൗരസ്ത്യസഭാ കാനോൻ നിയമപ്രകാരം രൂപതാധ്യക്ഷനോടൊപ്പം പ്രോട്ടോസില്ലസ്, സിഞ്ചെല്ലിമാർ, രൂപതാ ഫിനാൻസ് ഓഫീസർ, ആലോചനാ സമിതി അംഗങ്ങൾ, ഫൊറോനാ വികാരിമാർ, ഓരോ ഫൊറോനയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വൈദികർ, സന്ന്യാസ ഭവനങ്ങളിൽ നിന്നുള്ളവർ. രൂപതാ പാസ്റ്റൽ കൗൺസിലിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ, പാസ്റ്ററൽ കൗൺസിലിന്റെ പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടവർ, രൂപതാധ്യക്ഷനാൽ നാമനിർദ്ദേശം ചെയ്യപ്പെട്ട വൈദികർ, സന്ന്യസ്ഥർ, അല്മായർ, അസംബ്ലിയുടെ നിരീക്ഷകരായി ക്ഷണിക്കപ്പെട്ടിട്ടുള്ള മലങ്കര കത്തോലിക്കാ സഭ, അസീറിയൻ ചർച്ച് ഓഫ് ദി ഈസ്റ്റ്, യാക്കോബായ സഭ, ഓർത്തഡോക്സ് സഭ എന്നിവരുടെ പ്രതിനിധികൾ തുടങ്ങിയവരാണ് എപ്പാർക്കിയൽ അസംബ്ലിയിൽ പങ്കെടുക്കുന്നത്. 





അസംബ്ലിയുടെ ആദ്യദിവസമായ നവംബർ 21 ന് രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി അസംബ്ലി ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ക്നാനായ യാക്കായ സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസ് സമ്മേളനത്തിന് ആശംസകൾ അറിയിക്കും. തലശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് പാംബ്ലാനി, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് സ്രാമ്പിക്കൽ, ഷംഷബാദ് രൂപതാസഹായമെത്രാൻ ബിഷപ് ജോസഫ് കൊല്ലംപറമ്പിൽ, പാലാ രൂപത മുൻ അധ്യക്ഷൻ ബിഷപ് ജോസഫ് പള്ളിക്കാപറമ്പിൽ എന്നിവർ സംബന്ധിക്കും.എപ്പാർക്കിയൽ അസംബ്ലിയുടെ വിഷയവുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ എല്ലാ ഇടവകകളിലും സന്ന്യാസ ഭവനങ്ങളിലും രൂപതയുടെ ഇതര സ്ഥാപനങ്ങളിലും സംഘടനകളിലും 2023 ജൂലൈ മാസം പഠനത്തിനും ചർച്ചക്കുമായി നൽകിയിരുന്നു. വിവിധ തലങ്ങളിലെ പഠനത്തിന്റെയും ചർച്ചയുടെയും ഫലമായി ഉരുത്തിരിഞ്ഞ വിലയിരുത്തലുകളും പ്രായോഗിക നിർദ്ദേശങ്ങളും അടങ്ങിയ റിപ്പോർട്ട് രൂപതാ കേന്ദ്രത്തിൽ നിയോഗിക്കപ്പെട്ട കമ്മിറ്റി നിരവധി തവണ ചർച്ചയ്ക്കു വിധേയമാക്കി വിഷയാവതരണരേഖയ്ക്ക് പൂർണ്ണരൂപം നൽകി.വിശ്വാസവും ദൈവാരാധനയും, നവമാധ്യമങ്ങളും വിശ്വാസകൈമാറ്റവും, ദളിത് ക്രൈസ്തവ ശക്തീകരണം, കുടുംബവും സ്ത്രീശക്തീകരണവും ആനുകാലികവിശ്വാസപരിശീലനം, സാമൂഹികസാമ്പത്തിക പ്രതിസന്ധികൾ, കാർഷിക മേഖലയുടെ കുതിപ്പും കിതപ്പും, യുവജനശക്തീകരണം, സമർപ്പിത ജീവിതത്തിന്റെ ദൗത്യവും വെല്ലുവിളികളും, കേരളക്രൈസ്തവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിശകലനം ചെയ്യുകയും ചെയ്യും. ചർച്ചകളുടെ വെളിച്ചത്തിൽ പുതിയ കർമ്മ പദ്ധതി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും 2024 ജനുവരി 1 മുതൽ പ്രസ്തുത കർമ്മപദ്ധതി രൂപതയിൽ നടപ്പാക്കുന്നതുമാണ്.

പാലാ രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് പുറപ്പെടുവിച്ച ഇടയലേഖനത്തിലാണ് അസംബ്ലിയെക്കുറിച്ചുള്ള സംക്ഷിപ്തരൂപം നൽകിയിരിക്കുന്നത്. സഭയുടെ “ഹൃദയത്തിൽനിന്നും പുറപ്പെടുന്ന കാര്യങ്ങളാണ് സിനഡും അസംബ്ലിയും. ഇത് ഒറ്റപ്പെട്ട ഒരു സംഭവമോ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യമോ അല്ല. പ്രാദേശിക സഭയായ ഒരു രൂപതയുടെ വളർച്ചയിലെ നിർണായകമായ ഘട്ടങ്ങളാണ് എപ്പാർക്കിയൽ അസംബ്ലി പ്രതിനിധാനം ചെയ്യുന്നത് എന്ന് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. ഇത് ഒരുമിച്ചുള്ള ഒരു യാത്രയാണ്. സഭയുടെ ആധികാരികമായ ഉറവിടങ്ങളോടും വിശേഷവിധിയായി ആരാധനക്രമത്തോടും ദൈവശാസ്ത്ര പ്രബോധനങ്ങളോടുമെല്ലാം നമ്മൾ ചേർന്നുനിൽക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള അവസരമായി ഇതിനെ കാണണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അസംബ്ലിയുടെ മുന്നൊരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ബിഷപ് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ, സിഞ്ചെല്ലൂസുമാരായ റവ. ഡോ. ജോസഫ് മലേപ്പറമ്പിൽ, റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത്, റവ. ഡോ. ജോസഫ് കണിയോടിക്കൽ, രൂപതാ ചാൻസലർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, രൂപതാ പ്രാക്കുറേറ്റർ റവ. ഡോ. ജോസഫ് മൂത്തനാട്ട്, കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, ജുഡീഷ്യൽ വികാർ റവ. ഡോ. ജോസഫ് മുകളേപ്പറമ്പിൽ, ഡോ. റ്റി. റ്റി. മൈക്കിൾ, ശ്രീ സിജു കൈമാനാൽ എന്നിവർ സംബന്ധിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments