Latest News
Loading...

ക്രൂരതയ്ക്ക് തൂക്കുകയര്‍. ആലത്തിന് അര്‍ഹമായ വിധി



ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷയും 5 ജീവപര്യന്തവുമാണ് വിധി. വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ.സോമന്‍ പ്രതിക്കു ശിക്ഷ വിധിച്ചത്. തെളിവു നശിപ്പിച്ചതിന് അഞ്ചു വര്‍ഷം തടവ്, കുട്ടിക്ക് ലഹരിപദാര്‍ഥം നല്‍കിയതിന് മൂന്നു വര്‍ഷം തടവ്, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ്, കൊലപാതകത്തിനും കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തതിനും വധശിക്ഷ.

ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ. പോക്സോ കേസില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. പോക്‌സോ നിയമം പ്രാബല്യത്തിലായതിന്റെ 11-ാം വാര്‍ഷികത്തില്‍ ഇതുപ്രകാരമുള്ള ആദ്യ വധശിക്ഷ. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. പ്രതി സമൂഹത്തിനാകെ ഭീഷണിയെന്നും കോടതി പറഞ്ഞു





13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നല്‍കുന്നതിലേക്ക് കോടതിയെ നയിച്ചു.

ശിശുദിനത്തിലാണു കോടതി വിധി പറഞ്ഞിരിക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങള്‍ പ്രതിക്കുമേല്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. 


ആലുവയില്‍ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത് 2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ്. വൈകീട്ട് 3.30 ന് ആലുവയില്‍ ബസ് ഇറങ്ങിയ പ്രതി അസ്ഫാക്ക് ആലം കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി.  ക്രൂരകൃത്യം നടന്ന് 35-ാം ദിവസം പൊലീസ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ 645 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു.

മാനസിക പരിശോധന നടത്തിയെങ്കിലും അസ്ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസില്‍ ഇന്ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവില്‍ കൊലക്കയര്‍ തന്നെ കോടതി വിധിച്ചു. അഡ്വ ജി മോഹന്‍ രാജായിരുന്നു കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments