പുരാതനമായ തിടനാട് മഹാദേവക്ഷേത്രത്തിന്റെയും, വട്ടക്കാവ് ദേവീക്ഷേത്രത്തിന്റെയും കോമ്പൗണ്ടിൽ ഉള്ള ക്ഷേത്രക്കുളം പുനരുദ്ധരിക്കുന്നതിന് സംസ്ഥാന ജലവിഭവ വകുപ്പ് മുഖേന 42 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നൂറുവർഷത്തിനുമേൽ പഴക്കമുള്ളതും പരമ്പരാഗത ക്ഷേത്രാചാരങ്ങളുടെ ഭാഗമായി കർമ്മാനുഷ്ഠാനങ്ങൾക്ക് ഉപയോഗിച്ചുവന്നിരുന്നതുമായ ക്ഷേത്രക്കുളം ഇപ്പോൾ ജീർണ്ണാവസ്ഥയിലാണ്. കുളം കൂടുതൽ ആഴപ്പെടുത്തിയും , ആചാരാനുഷ്ഠാനങ്ങൾക്ക് ഉപകരിക്കത്തക്ക വിധം പ്രത്യേകമായി പുനർ നിർമ്മിച്ചുo, സംരക്ഷണ ഭിത്തിയും,പടവുകളും കെട്ടിയും അധിക ജലം ഒഴുകിപ്പോകുന്നതിന് ചാനൽ നിർമ്മിക്കുകയും, മറ്റും ചെയ്യുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളതെന്ന് എംഎൽഎ വിശദീകരിച്ചു.
ക്ഷേത്ര ഉപദേശക സമിതിയും, ഭക്തജനങ്ങളും, ജനപ്രതിനിധികളും നിവേദനം നൽകിയതിനെ തുടർന്നാണ് ജലവിഭവ വകുപ്പ് മുഖേന ഫണ്ട് അനുവദിച്ചത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു. സമീപഭാവിയിൽ തന്നെ ടെൻഡർ നടപടികൾ സ്വീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി ക്ഷേത്രാചാരങ്ങൾക്ക് ഉപകരിക്കത്തക്കവണ്ണം കുളം പുനർ നിർമ്മിക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments