ചൊവ്വാഴ്ചയിലെ ബസ് സമരത്തില്‍ നിന്നും പിന്നോട്ട് ഇല്ലെന്ന് സ്വകാര്യബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്രക്കൂലി വര്‍ദ്ധന, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ തീരുമാനം എന്നിവയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നാളെ ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സീറ്റ് ബെല്‍റ്റും ക്യാമറയും നവംബര്‍ 1 നകം വെക്കാന്‍ പറ്റില്ലെന്നും ഇതിന് കൂടുതല്‍ സമയം നല്‍കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്.
ബസ് വ്യവസായം നിലനില്‍ക്കണമെങ്കില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ കാലോചിതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതിദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ബസ് ഉടമകളുമായി ചര്‍ച്ച ചെയ്യാതെയാണെന്നും ഉടമകള്‍ ചൂണ്ടിക്കാണ്ടി.
അതേസമയം ബസ് സമരം അനാവശ്യമാണെന്നും സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നുമാണ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ പഠിക്കാന്‍ കമ്മിറ്റി ഉണ്ട്. സീറ്റ് ബെല്‍റ്റ് സര്‍ക്കാര്‍ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബെല്‍റ്റും ക്യാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ നവംബര്‍ 1 മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
അതേസമയം, ബസ് സമരം സംസ്ഥാനത്തെ യാത്രാസൗകര്യത്തെ കാര്യമായി ബാധിചേക്കും. വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലെത്താന്‍ പ്രയാസപ്പെടും. എന്നാല്‍ സ്വകാര്യ ബസ് സമരത്തിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല. ബസില്ലാത്തതിന്റെ പേരില്‍ വരാത്തവര്‍ക്ക് ഹാജര്‍ നഷ്ടമാകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments